മെറ്റ, ടെലഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ കമ്പനികളെ വെല്ലുവിളിച്ച് പുതിയ മെസേജിങ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്ററിന്റെ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി.
ബിറ്റ്ചാറ്റ് (Bitchat) എന്ന് പേരിട്ടിരിക്കുന്ന ഈ മെസേജിങ് ആപ്പിന്റെ പ്രവര്‍ത്തനം മുന്‍നിര മെസേജിങ് ആപ്പുകളായ വാട്സാപ്പ്, ടെലഗ്രാം പോലുള്ളയില്‍ നിന്ന് വ്യത്യസ്തമാണ്.സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത.വാട്സാപ്പ്, ടെലഗ്രാം പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ് ആവശ്യമാണ്. ബ്ലൂടൂത്തിന്റെ സഹായത്തോടെയാണ് ബിറ്റ് ചാറ്റിലെ സന്ദേശ കൈമാറ്റ പ്രക്രിയ നടക്കുന്നത്. അതുമാത്രമല്ല ബിറ്റ്ചാറ്റ് ഉപയോഗിക്കാന്‍ ഫോണ്‍ നമ്പറുകളോ സെര്‍വറുകളോ ആവശ്യമില്ല. നിലവില്‍ ടെസറ്റ് ഫ്ളൈറ്റ് പ്ലാറ്റ്ഫോമില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ് ബിറ്റ്ചാറ്റ്.
ഇതിന്റെ വിവരങ്ങള്‍ ജാക്ക് ഡോര്‍സി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്ലൂടൂത്ത് മെഷ് നെറ്റ് വര്‍ക്ക്, റിലേ, സ്റ്റോര്‍ ആന്റ് ഫോര്‍വേഡ് മോഡല്‍സ്, മെസേജ് എന്‍ക്രിപ്ഷന്‍ മോഡലുകള്‍ ഉള്‍പ്പടെയുള്ളവുമായി ബന്ധപ്പെട്ട തന്റെ വാരാന്ത്യ പ്രൊജക്ട് എന്ന കുറിപ്പോടെയാണ് ടെസ്റ്റ് ഫ്ളൈറ്റ് ലിങ്കും ഗിറ്റ്ഹബ്ബ് ലിങ്കും ഡോര്‍സി പങ്കുവെച്ചിരിക്കുന്നത്.
ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബിറ്റ്ചാറ്റ് കൂടുതല്‍ സ്വകാര്യത നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇതിന് പുറമെ മെസേജുകള്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെടും. ബ്ലൂടൂത്ത് വഴിയാണ് ഒരു ഉപകരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ സഞ്ചരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഒരു നെറ്റ് വര്‍ക്കിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
പാസ് വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍, ഒരു ഉപഭോക്താവ് ഓഫ്ലൈന് ആണെങ്കിലും സന്ദേശങ്ങള്‍ അയക്കാനാവുന്ന സ്റ്റോര്‍ ആന്റ് ഫോര്‍വേഡ് ഫീച്ചര്‍ എന്നിവ ബിറ്റ് ചാറ്റിന്റെ സവിശേഷതകലാണ്. വരും അപ്ഡേറ്റുകളില് വൈഫൈ ഡയറക്ട് ഫീച്ചറും ഇതില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ആപ്പിലൂടെയുള്ള സന്ദേശ കൈമാറ്റം കൂടുതല്‍ വേഗമുള്ളതാവും.
വാട്സാപ്പും ടെലഗ്രാമും ഉപഭോക്താക്കളുടെ ഡേറ്റ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപയോഗിക്കാന്‍ അക്കൗണ്ട് പോലും നിര്‍മിക്കേണ്ടെന്ന് പറഞ്ഞ് ബിറ്റ് ചാറ്റ് രംഗപ്രവേശം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താവിന് തന്റെ പേരും ഫോണ്‍നമ്പറും ഇമെയിലും ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ ബിറ്റ്ചാറ്റിന് നല്‍കേണ്ടി വരില്ല. എന്നാല്‍ ഇത്തരം ഒരു ആപ്പ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.