തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും കേരളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായത് ബിജെപി നേതാക്കള്‍.
കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ യാത്രയുമായി ബന്ധപ്പെട്ട് ജ്യോതി മല്‍ഹോത്ര ചിത്രീകരിച്ച വ്ളോഗില്‍ നേതാക്കളുടെ സാന്നിധ്യം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.2023 ഏപ്രില്‍ 25-നായിരുന്നു കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്ര. കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിന്റെ അകത്തും പുറത്തുമായിട്ടാണ് ജ്യോതി മല്‍ഹോത്ര വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോയിലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനും അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനും മറ്റൊരു ബിജെപി നേതാവും റെയില്‍വേ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്ന പി.കെ കൃഷ്ണദാസും ഉള്ളത്.വിവിധ സ്റ്റേഷനുകളില്‍ വന്ദേഭാരത് ട്രെയിനിന് ബിജെപി പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണവും വി. മുരളീധരന് അടക്കമുള്ളവരെ പ്രവര്‍ത്തകര്‍ ഷാള്‍ അണിയിക്കുന്നതുമെല്ലാം ജ്യോതി പകര്‍ത്തിയ വീഡിയോയിലുണ്ട്. വന്ദേഭാരതിനെക്കുറിച്ചുള്ള വി. മുരളീധരന്റെ ദീര്‍ഘ പ്രതികരണവും ജ്യോതിയുടെ വീഡിയോയിലുണ്ട്. മുരളീധരനൊപ്പം അടുത്തിരുന്ന് യാത്ര ചെയ്ത കെ. സുരേന്ദ്രനും ദൃശ്യങ്ങളിലുണ്ട്. ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ടൂറിസം വകുപ്പിനെതിരേയും ശക്തമായ വിമര്‍ശനം ഉന്നയിച്ച കെ. സുരേന്ദ്രന് അടക്കമുള്ളവര്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ്.
ചാരവൃത്തിക്ക് ജ്യോതി മല്‍ഹോത്ര അറസ്റ്റിലായി ദിവസങ്ങള്‍ക്കു ശേഷം ഇവരെ കേരളത്തിലേക്ക് ക്ഷണിച്ചത് കേരള സര്‍ക്കാരും ടൂറിസം വകുപ്പുമാണെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തുന്നത് കെ. സുരേന്ദ്രനായിരുന്നു. ഇക്കഴിഞ്ഞ മേയില്‍ എക്സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു സുരേന്ദ്രന്റെ ആരോപണം. പിണറായി വിജയന്റെ മരുമകന് നിയന്ത്രിക്കുന്ന കേരള ടൂറിസമാണ് പാക് ചാരവനിതയുടെ കണ്ണൂര്‍ ട്രിപ്പ് സ്പോണ്സര് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ആരെയാണ് ജ്യോതി മല്‍ഹോത്ര കണ്ടത്? എവിടേക്കാണു പോയത്? എന്തായിരുന്നു അജന്‍ഡ? എന്തുകൊണ്ടാണ് പാക്ക് ചാരവനിതയ്ക്ക് കേരളം പരവതാനി വിരിച്ചത്, തുടങ്ങിയ ചോദ്യങ്ങളും സുരേന്ദ്രന് അന്ന് ഉന്നയിച്ചിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ജ്യോതി മല്‍ഹോത്രയെ സര്‍ക്കാര്‍ ഔദ്യോഗികമായി കേരളത്തിലേക്ക് ക്ഷണിച്ചതാണെന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ താന്‍ ഇക്കാര്യം നേരത്തേ തന്നെ പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി സുരേന്ദ്രന് സര്‍ക്കാരിനും ടൂറിസം വകുപ്പിനുമെതിരേ ശക്തമായ വിമര്‍ശനം വീണ്ടും ഉന്നയിച്ചിരുന്നു. താന്‍ പറഞ്ഞ ഓരോ വാക്കും ശരിയാണെന്നു വിവരാവകാശ രേഖ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം മാധ്യമങ്ങള്‍ ഉന്നയിച്ചപ്പോള്‍ വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും അവര്‍ പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തി നടത്തിയിരുന്ന വ്യക്തിയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇതേ കാര്യത്തില്‍ മറുപടി പറയേണ്ട അവസ്ഥയിലായിരിക്കുകയാണ് ബിജെപി നേതാക്കള്‍.
കേരളം തീവ്രവാദികള്‍ക്ക് സുരക്ഷിത ഇടമാണെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നത്. ചാരവൃത്തി നടത്തുന്നവരെ ചുവപ്പുപരവതാനിയിട്ട് വരവേല്‍ക്കുന്ന ഇടതുസര്‍ക്കാരിന് ഭാരതാംബയുടെ ചിത്രം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ബിജെപി വക്താവ് ഷഹ്സാദ് പൂനെവാലയുടെ കുറ്റപ്പെടുത്തല്‍. ജ്യോതി മല്‍ഹോത്രയെ കേരള സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചത് രാഷ്ട്രീയ ആയുധമാക്കി ദേശീയ തലത്തിലടക്കം ചര്‍ച്ചയാക്കി കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി.
അതിനിടയിലാണ് വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുത്ത വീഡിയോ പുറത്തുവരുന്നത്. ഇവരെ ക്ഷണിച്ചത് ആര് ചെലവ് ആര് വഹിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഇനി വരും ദിവസങ്ങളില്‍ പാര്‍ട്ടിക്ക് ഉത്തരം കണ്ടെത്തേണ്ടി വരും. ഒപ്പം വീണുകിട്ടിയ ഒരു രാഷ്ട്രീയ ആയുധം തുടക്കത്തിലെ മുനയൊടിഞ്ഞ് തിരിച്ചടിച്ചതിന്റെ ക്ഷീണവും വേറെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.