ആലപ്പുഴ; മേൽക്കൂര തകർന്നു വീണ കാർത്തികപ്പള്ളി ഗവ.യുപി സ്കൂളിൽ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസും സിപിഎം പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസിനെ തള്ളിമാറ്റി സ്കൂൾ വളപ്പിലേക്ക് കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
ഇരുവിഭാഗം പ്രവർത്തകരും കസേരകൾ വലിച്ചെറിഞ്ഞു. പൊലീസുമായും സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലയ്ക്ക് പരുക്കേറ്റു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂൾ വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെഎസ്‌യു പ്രവർത്തകരും സ്കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂൾ വളപ്പിനുള്ളിലായിരുന്നു യൂത്ത് കോൺഗ്രസ് –സിപിഎം സംഘർഷം. പൊലീസ് ലാത്തിവീശി.കുട്ടികളുടെ പാത്രങ്ങൾ ചിലർ വലിച്ചെറിഞ്ഞു. സംഘർഷത്തിൽ മാധ്യമപ്രവർത്തകൻ ബോണിക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഡാനിക്കും പരുക്ക്. സ്കൂളിനു മുന്നിൽ ബിജെപിയും പ്രതിഷേധിച്ചു. ബിജെപി ദക്ഷിണമേഖല ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ പൊലീസുമായി തർക്കമുണ്ടായി. ബിജെപി പ്രവർത്തകരെ സ്കൂളിലേക്ക് കടത്തിവിടില്ലെന്ന് പറഞ്ഞതോടെയാണ് പ്രതിഷേധമുണ്ടായത്.പ്രധാന കെട്ടിടത്തിന്റെ ഓടുമേഞ്ഞ മേൽക്കൂര ഇന്നലെ രാവിലെ കാറ്റിലും മഴയിലുമാണ് ഭാഗികമായി തകർന്നുവീണത്.
അവധി ദിവസമായതിനാൽ വൻദുരന്തം ഒഴിവായി. ഫിറ്റ്നസ് ലഭിക്കാത്തതിനാൽ തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെന്നാണു സ്കൂൾ അധികൃതർ വിശദീകരിച്ചത്. എന്നാൽ വെള്ളിയാഴ്ച വരെ ഈ കെട്ടിടത്തിൽ 3 ക്ലാസ് മുറികളും സ്കൂൾ ഓഫിസും പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.