കൊച്ചി ;യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ ബ്രിട്ടിഷ് മലയാളി അറസ്റ്റിൽ. 2017 ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ചങ്ങനാശേരി കുറിച്ചി കല്ലുമാടിക്കൽ വീട്ടിൽ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനാണു(45) സൗത്ത് പൊലീസിന്റെ പിടിയിലായത്.
ബ്രിട്ടിഷ് പാർലമെന്റിലേക്കു മത്സരിച്ചതടക്കം ചൂണ്ടിക്കാട്ടി വിശ്വാസം നേടിയ ശേഷമാണു ഉദ്യോഗാർഥികളെ തട്ടിപ്പിനിരയാക്കിയത്. ജോലി തട്ടിപ്പിന് എറണാകുളം സെൻട്രൽ സ്റ്റേഷനിലും കേസുള്ള പ്രതി വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനത്തിനു മുൻപു നോർത്ത് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. വിവിധ ജില്ലകളിൽ പ്രതിക്കെതിരെ ജോലി തട്ടിപ്പു കേസുകളുണ്ട്.
2024ൽ 9 ഉദ്യോഗാർഥികളിൽ നിന്നായി 22 ലക്ഷം രൂപ തട്ടിയതിനു സൗത്ത് പൊലീസ് എടുത്ത കേസിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പനമ്പിള്ളിനഗർ സ്വദേശിയുടെ പരാതിയെ തുടർന്നാണു കേസെടുത്തത്. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ശനിയാഴ്ച രാത്രി ചങ്ങനാശേരി തുരുത്തിയിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. 2021 മുതൽ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്സൺ തട്ടിപ്പു നടത്തിയതായി പൊലീസ് പറയുന്നു.
ഏറ്റുമാനൂർ കെഎസ്ഇബിയിൽ അസി. എൻജിനീയറായി ജോലി നോക്കിയിരുന്ന പ്രതി പിന്നീട് ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ബ്രിട്ടിഷ് പാർലമെന്റംഗമാണെന്ന നിലയിൽ വ്യാജപ്രചാരണം നടത്തിയും ഒട്ടേറെ പേരെ കബളിപ്പിച്ചു. കോവിഡിനു പിന്നാലെ നാട്ടിലെത്തിയ ശേഷമാണു തട്ടിപ്പു വിപുലമാക്കിയത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന ലക്സൺ മാസങ്ങൾക്കു മുൻപു ബിജെപിയിൽ ചേർന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പു സമയത്തു പ്രചാരണത്തിലും സജീവമായിരുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ അവസാനഘട്ടത്തിലാണ്. 2018ൽ ലക്സണെതിരെ ആദ്യ ഭാര്യ മാഞ്ചസ്റ്റർ കോടതിയിൽ ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു. ഇതിൽ തിരിച്ചടി നേരിട്ടതോടെയാണു ലക്സൺ കേരളത്തിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.