സനാ: ചെങ്കടലില്‍ വീണ്ടും കപ്പല്‍ പിടിച്ചെടുത്ത് യെമെനിലെ ഹൂതി വിമതര്‍. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച 'എറ്റേണിറ്റി സി' എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്.
ഫിലിപ്പീൻസ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. പത്തുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 12 പേരെ കാണാനില്ല.ആകെ 26 പേരാണ് ചരക്കുകപ്പലിലുണ്ടായിരുന്നത്.രക്ഷപ്പെട്ടവരെയെല്ലാം ഹൂതികൾ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരം. ചെങ്കടലില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഹൂതികള്‍ കപ്പല്‍ പിടിച്ചെടുക്കുന്നത്. കഴിഞ്ഞദിവസം ലൈബീരിയന്‍ പതാക വഹിച്ച 'മാജിക് സീസ്' എന്ന കപ്പല്‍ പിടിച്ചെടുത്തിരുന്നു. ഇത് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നതാണ്.
ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചു. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഇസ്രയേൽ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമണത്തിന് കാരണമായതെന്നും യഹിയ പറഞ്ഞു.
സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ വളയുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഡ്രോണുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ 200 മീറ്ററോളം നീളുള്ള കപ്പലിന്റെ നിയന്ത്രണം ക്യാപ്റ്റന് നഷ്ടപ്പെട്ടു. കപ്പല്‍ മറിഞ്ഞുപോകുമെന്ന് തോന്നിയ ഘട്ടത്തില്‍ ജീവനക്കാര്‍ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.
ഹൂതികൾ വീണ്ടും ആക്രമണം തുടങ്ങിയതോടെ ജീവനക്കാരും ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരും കപ്പലില്‍നിന്ന് കടലിലേക്ക് ചാടി. അതിനിടെ, രക്ഷപ്പെട്ടവരില്‍ ഒരാൾ ഇന്ത്യക്കാരനാണെന്ന് റിപ്പോർട്ടുകളുണ്ട്. ജീവനക്കാരിൽ 21 ഫിലിപ്പീന്‍സുകാരും ഒരു റഷ്യൻ സ്വദേശിയും ഉണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, കപ്പലിൽനിന്ന് രക്ഷപ്പെട്ടവരെ തങ്ങൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് ഹൂതികളുടെ പ്രതികരണം. പലസ്തീനോടുള്ള ഐക്യദാര്‍ഢ്യമായാണ് ഇസ്രയേലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കപ്പല്‍ ആക്രമിച്ചതെന്ന് ഹൂതി വിമതർ പറഞ്ഞു. സംഭവത്തില്‍ യെമെനിലെ യുഎന്‍ പ്രതിനിധി ഹാന്‍സ് ഗ്രണ്ട്‌ബെര്‍ഗ് ആശങ്ക പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.