കാസർകോട്; ശസ്ത്രക്രിയ കഴിഞ്ഞ മകനുമായി ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്ന സിപിഎം രാവണേശ്വരം മാക്കി ബ്രാഞ്ച് സെക്രട്ടറി പി.അനീഷിനെ പൊതുപണിമുടക്കു ദിവസം സമരക്കാർ തടഞ്ഞു.
കാഞ്ഞങ്ങാട് നഗരമധ്യത്തിൽ ബുധനാഴ്ച ഉച്ചയ്ക്കാണു സംഭവം. മദ്യപിച്ചു വണ്ടിയോടിക്കുകയാണെന്നും ഇവനെ വിടാൻ പറ്റില്ലെന്നും പറഞ്ഞു സമരക്കാരിലൊരാൾ കോളറിൽ കയറിപ്പിടിച്ചു. പൊതുമധ്യത്തിൽ അപമാനിക്കപ്പെട്ട അനീഷ് റോഡിലിരുന്നു പ്രതിഷേധിച്ചു.അനീഷ് സംസാരിക്കുന്നു.
Q പണിമുടക്കുദിവസം എന്താണു സംഭവിച്ചത്? A- മകനു നാവു പുറത്തേക്കു നീട്ടാൻ പ്രയാസമുണ്ടായിരുന്നു.
ചെറിയ ശസ്ത്രക്രിയ വേണമെന്നും അവധിയായതിനാൽ ബുധനാഴ്ച നടത്താമെന്നും ഡോക്ടർ പറഞ്ഞു. രാവിലെ മകനും ഭാര്യയും മറ്റു ബന്ധുക്കളുമായി ആശുപത്രിയിലെത്തി. ശസ്ത്രക്രിയ ആയതിനാൽ സമ്മർദം കാരണം ഭക്ഷണം പോലും കഴിച്ചിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ഉച്ചയ്ക്ക് 1.30നു പോകാമെന്നും വീട്ടിൽ വിശ്രമിച്ചാൽ മതിയെന്നും ഡോക്ടർ പറഞ്ഞു. തുടർന്നു മകനെയും കുടുംബത്തെയും കൂട്ടി കാറിൽ വീട്ടിലേക്കു തിരിച്ചു.
Q എന്തിനാണ് കാർ തടഞ്ഞത്? A - പണിമുടക്കുദിവസം എവിടെ പോകുന്നുവെന്നു ചോദിച്ചാണു സമരക്കാർ വാഹനം തടഞ്ഞത്. ആശുപത്രിയിൽ പോയതാണെന്നും ചികിത്സാരേഖകൾ കാണിക്കാമെന്നും പറഞ്ഞെങ്കിലും വിട്ടില്ല. പാർട്ടി അംഗമായ ഭാര്യയും ആശുപത്രിയിൽ പോയ കാര്യം പറഞ്ഞു. മകന്റെ അവസ്ഥ കണ്ടിട്ടും അവർക്കു മനസ്സലിഞ്ഞില്ല.
ഇതല്ല പാർട്ടി പഠിപ്പിച്ച സമരരീതിയെന്നു പറഞ്ഞതോടെ ഒരാൾ എന്റെ കോളറിൽ പിടിച്ചു. ഇവൻ മദ്യപിച്ചിട്ടുണ്ടെന്നും വിടാൻ പറ്റില്ലെന്നും പറഞ്ഞു. ഇതോടെ ഞാൻ കാറിൽനിന്നു പുറത്തിറങ്ങി. വിടാൻ ഭാവമില്ലാതെ വന്നതോടെ റോഡിൽ കുത്തിയിരുന്നു. രാത്രി 12 കഴിഞ്ഞു മാത്രമേ നിന്നെ വിടുകയുള്ളുവെന്നു തടഞ്ഞവർ പറയുകയും ചെയ്തു. പിന്നീട് സിപിഎം പ്രാദേശിക നേതാവ് മഹ്മൂദ് മുറിയനാവി സ്ഥലത്തെത്തിയ ശേഷമാണ് അവർ എന്നെ വിട്ടത്.
Q തടഞ്ഞവരെ തിരിച്ചറിയാൻ കഴിഞ്ഞോ? A - മറ്റു ട്രേഡ് യൂണിയനുകളും സമരത്തിൽ ഉണ്ടായിരുന്നതിനാൽ സിഐടിയു പ്രവർത്തകർ തടഞ്ഞുവെന്നു ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്കറിയുന്നവർ ഉണ്ടായിരുന്നില്ല. Q വീട്ടുകാരുടെ പ്രതികരണം ?
A - അവർ ഭയന്നുപോയി. മകനും പേടിച്ചുപോയി. ഭക്ഷണം കഴിക്കാത്തതിനാൽ ഞാൻ ക്ഷീണിതനായിരുന്നു. ക്ഷീണം കണ്ടാണു ഞാൻ മദ്യപിച്ചെന്ന് അവർ ആരോപിച്ചത്. അതേസമയം, എന്നെ തടഞ്ഞവരിൽ പ്രധാനിയായ ആൾക്കു കാൽ നിലത്തുറയ്ക്കാത്ത സ്ഥിതിയായിരുന്നു.
Q സംഭവത്തിനു ശേഷം നേതാക്കൾ ആരെങ്കിലും ബന്ധപ്പെട്ടോ? A- രാവണീശ്വരത്തെ പ്രാദേശിക നേതാവും വ്യാപാരി വ്യവസായി സമിതി നേതാക്കളും വിളിച്ചു. ഉച്ചയോടെ ലോക്കൽ സെക്രട്ടറി വിളിച്ചു കാര്യം ചർച്ച ചെയ്യാമെന്നു പറഞ്ഞു. വ്യവസായി സമിതിയും പ്രശ്നം ചർച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. അടിയുറച്ച പാർട്ടി പ്രവർത്തകനാണ് ഞാൻ. പാർട്ടിക്കു ദോഷമുണ്ടാകുന്നതൊന്നും ചെയ്യില്ല.
∙സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല. സിഐടിയു മാത്രമല്ല മറ്റു ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുത്തിട്ടുണ്ട്. -കെ.വി.രാഘവൻ (സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.