റാഞ്ചി: രാജ്യത്ത് പുതുതലമുറ ഗതാഗതത്തിന് വന്‍ സ്വപ്ന പദ്ധതികളുമായി കേന്ദ്ര ഉപരിതലഗതാഗത-ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി.
അതിവേഗ വൈദ്യുതി വാഹനങ്ങള്‍, നഗരമേഖലകളില്‍ ഹൈപ്പര്‍ലൂപ്പുകള്‍, റോപ്പ് വേകള്‍,കേബിള്‍ ബസുകള്‍, ചെങ്കുത്തായ മലയോര മേഖലകളിലേക്കുള്ള പ്രത്യേക റോപ് വേകളിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയവ ഉടന്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പിടിഐയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.രാജ്യത്തെ ഗതാഗത മേഖല വമ്പന്‍ മാറ്റങ്ങളിലേക്ക് പോകുകയാണെന്നും അദ്ദേഹം വിശദമാക്കി. വൃക്ഷ ബാങ്കുകള്‍, മൊബൈല്‍ അടിസ്ഥാനത്തിലുള്ള ഡ്രൈവിങ് ടെസ്റ്റുകള്‍, പതിനൊന്നിലേറെ വാഹന നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തിയുള്ള ഫ്ലക്സ് ഫ്യുവല്‍ എന്‍ജിനുകള്‍ തുടങ്ങിയവയുടെ സാധ്യതകളും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.25000 കിലോമീറ്റര്‍ രണ്ടു വരി ദേശീയ പാതകള്‍ നാല് വരിയാക്കുകയെന്നും പദ്ധതികളിലുള്‍പ്പെടുന്നു. പ്രധാന പാതകളിലെല്ലാം വൈദ്യുതി ഗതാഗത സൗകര്യം ഏര്‍പ്പെടുത്തും. നിത്യവും നൂറ് കിലോമീറ്റര്‍ എന്ന കണക്കില്‍ പാത നിര്‍മ്മാണം ത്വരിതപ്പെടുത്തും.
പൊതുഗതാഗതരംഗത്ത് വന്‍ വിപ്ലവമാണ് വരാന്‍ പോകുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. നൂതനത കൊണ്ടു വരാനുള്ള പരിശ്രമമാണ് നടക്കുന്നത്. ഇന്ത്യയുടെ യാത്രകളെ യുദ്ധകാലാടിസ്ഥാനത്തില്‍ അഴിച്ച് പണിയാന്‍ പോകുകയാണ്. മാറ്റങ്ങള്‍ മെട്രോ നഗരങ്ങളില്‍ മാത്രമായിരിക്കില്ലെന്നും ഗഡ്കരി വ്യക്തമാക്കി. ഉള്‍നാടുകളിലേക്കും മാറ്റങ്ങളെത്തും. കേദാര്‍നാഥിലടക്കം 360 ഇടങ്ങളില്‍ റോപ്പ് വേകള്‍, കേബിള്‍ കാറുകള്‍, ഫ്യുണികുലര് റെയില്‍വേകള്‍ തുടങ്ങിയവ നിര്‍മ്മിക്കും. അറുപതിടങ്ങളില്‍ പദ്ധതികള്‍ ആരംഭിച്ച് കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
മുകളിലേക്കും താഴേക്കും ആളുകളെയും ചരക്കും കൊണ്ടു പോകാനും വരാനുമുള്ള സംവിധാനമാണ് ഫ്യുണികുലാര്‍ റെയില്‍വേ. എലവേറ്റര്‍-റെയില്‍വേ സാങ്കേതികതകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്ന സംവിധാനമാണിത്. ഇത് പ്രധാനമായും മലയോര മേഖലകളിലാണ് ഉപയോഗിക്കുന്നത്. ഈ പദ്ധതികള്‍ക്കെല്ലാം ഇരുനൂറ് കോടി രൂപ മുതല്‍ അയ്യായിരം കോടി രൂപ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണിവ.മെച്ചപ്പെട്ട പാതകളും അടിസ്ഥാന സൗകര്യങ്ങളും സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുക മാത്രമല്ല മറിച്ച് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷത്തിനകം നമ്മുടെ പാതകള്‍ അമേരിക്കന്‍ പാതകളോട് കിടപിടിക്കും വിധം നിലവാരവും ഗുണമേന്മയും ഉള്ളതാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ കേബിള്‍ ബസുകള്‍ ഓടുന്ന കാലവും അത്ര വിദൂരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ഗതാഗത ബസുകളില്‍ വിമാനത്തിലേതിന് തുല്യമായ സൗകര്യങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, ബെംഗളുരു പോലുള്ള നഗരങ്ങളില്‍ മെട്രിനോ പോഡ് ടാക്സികള്‍, ഹൈപ്പര്‍ലൂപ് സംവിധാനങ്ങള്‍, തൂണുകള്‍ ബന്ധിപ്പിച്ചുള്ള ജനകീയ ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവ ഉടന്‍ നിലവില്‍ വരും.
സാങ്കേതികതയും നിക്ഷേപവും ഒന്നിച്ച് വന്നാല്‍ അതൊരു വലിയ വിപ്ലവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാറ്റ, ടൊയോട്ട, ഹുണ്ടായി, മഹീന്ദ്ര തുടങ്ങിയവ അടക്കം പതിനൊന്ന് കമ്പനികള്‍ ഇരട്ട ഇന്ധന എന്ജിന് വാഹനങ്ങള്‍ നിര്‍മ്മിക്കാമെന്ന് ധാരണയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഫോസില്‍ ഇന്ധനങ്ങളുടെ ആശ്രിതത്വവും ഇന്ധന ഇറക്കുമതിയും കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം എന്‍ജിനുകളുള്ള വാഹനങ്ങളില്‍ രണ്ട് തരം ഇന്ധനങ്ങള്‍ ഉപയോഗിക്കാനാകും. ഇവ പ്രാഥമികമായി എഥനോള്‍, മെതനോള്‍ തുടങ്ങിയവയുടെ സംയുക്തമായ ജൈവ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഒപ്പം പരമ്പരാഗത ഇന്ധനങ്ങളായ പെട്രോളും ഡീസലും ഉപയോഗിക്കാനാകും.25000 കിലോമീറ്റര്‍ പാതകള്‍ രണ്ട് വരിയില്‍ നിന്ന് നാല് വരിയാക്കി മാറ്റും. നിത്യവും നൂറ് കിലോമീറ്റര്‍ പാത നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് നമ്മുടെ ലക്ഷ്യം. ഇതൊരു പ്രഖ്യാപനമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
2013-14ല്‍ രാജ്യത്തെ ദേശീയ പാതകളുടെ ദൈര്‍ഘ്യം 91, 287 കിലോമീറ്റര്‍ ആയിരുന്നു. ഇപ്പോഴതില്‍ അറുപത് ശതമാനം വര്‍ദ്ധനയുണ്ടായിരിക്കുന്നു. 1,46,294 കിലോമീറ്ററാണ് രാജ്യത്തെ ഇപ്പോഴത്തെ ദേശീയപാതകളുടെ ദൈര്‍ഘ്യം. ദേശീയ അതിവേഗപാതികളുടെ ദൈര്‍ഘ്യം 2013-14ല്‍ 93 കിലോമീറ്ററായിരുന്നത് ഇന്ന് 2,474 കിലോമീറ്ററാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനരുപയോഗിക്കാവുന്നതും നിര്‍മ്മിച്ച് കൂട്ടിച്ചേര്‍ക്കാവുന്നതും കാലാവസ്ഥാനുസൃതവുമായ തരത്തിലുള്ള പുതു നിര്‍മ്മാണ സാങ്കേതികത, മൂന്നടി ബാരിക്കേഡുകള്‍, നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ ഡ്രോണുകള്‍, ക്യാമറ നിരീക്ഷണ സംവിധാനങ്ങള്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍, തുടങ്ങിയവ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനായി ആവിഷ്ക്കരിക്കും,ദേശീപാതയോരങ്ങളില് 20-25 കോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പഴയ മരങ്ങള്‍ മുറിച്ച് മാറ്റിയാകും പുതിയവ നട്ടുപിടിപ്പിക്കുക. മുറിച്ച് മാറ്റിയ ഒരു മരത്തിന് പകരം അഞ്ച് മരങ്ങള്‍ എന്ന തോതിലാകും മരങ്ങള്‍ നട്ടുപിടിപ്പിക്കുക. ഇതിനായി ഒരു വൃക്ഷബാങ്ക് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കിട്ടുന്ന മുറയ്ക്ക് ഇതിനുള്ള പൂര്‍ണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും.
135 സീറ്റുള്ള വൈദ്യുതി ബസിന്റെ ടെന്‍ഡര്‍ നടപടികള്‍ നാഗ്പൂരില്‍ തുടങ്ങിയിട്ടുണ്ടെന്നും അതിവേഗ വൈദ്യുതി ഗതാഗതത്തെക്കുറിച്ച് മന്ത്രി പറഞ്ഞു. എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകള്‍, എസി, വിമാനത്തിലേതിന് സമാനമായ മറ്റ് സൗകര്യങ്ങള്‍ 120-125 കിലോമീറ്റര്‍ വേഗത തുടങ്ങിയവയും ഇവയ്ക്കുണ്ടാകും.
നിര്‍ദ്ദിഷ്ട ഇടങ്ങളില്‍ ഇവ മുപ്പത്-നാല്‍പ്പത് മിനിറ്റ് ചാര്‍ജ് ചെയ്യും. പരമ്പരാഗത ഡീസല്‍ ബസുകളെക്കാള്‍ മുപ്പത് ശതമാനം ചെലവ് ഇതിന് കുറവായിരിക്കുമെന്നാണ് പ്രതീക്ഷ.ഒപ്പം കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും ഗണ്യമായ കുറവുണ്ടാകും.
പരീക്ഷണ ഓട്ടം വിജയകരമായാല്‍ അഖിലേന്ത്യാതലത്തില്‍ ബസുകള്‍ സര്‍വീസ് നടത്തും. ഡല്‍ഹി-ഛത്തീസ്ഗഡ്,ഡല്‍ഹി -ഡെറാഡൂണ്‍, ഡല്‍ഹി -മീററ്റ്, ഡല്‍ഹി-ജയ്പൂര്‍, മുംബൈ-പൂനെ, മുംബൈ-ഔറംഗാബാദ്, ബെംഗളുരു-ചെന്നൈ, തുടങ്ങിയിടങ്ങളിലാകും ഇവ സര്‍വീസ് നടത്തുക.ദേശീയപാത വഴി കടന്ന് പോകുന്ന യാത്രികര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ക്ഷീണമകറ്റാനും വിശ്രമിക്കാനുമായി ലോകോത്തര നിലവാരമുള്ള 670വിശ്രമ കേന്ദ്രങ്ങള്‍ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.
രാജ്യത്തെ വായുമലിനീകരണത്തില്‍ നാല്‍പ്പത് ശതമാനവും ഗതാഗതമേഖലയുടെ സംഭാവനയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹരിത ഗതാഗത സൗകര്യങ്ങള്‍ കൊണ്ട് മാത്രം ഇതിനൊരു പരിഹാരമുണ്ടാക്കാനാകില്ല. 22 ലക്ഷം കോടി വരുന്ന ഇന്ധന ഇറക്കുമതി ബില്ലില്‍ കാര്യമായ കുറവുണ്ടായാല്‍ മാത്രമേ ഇതിനൊരു പരിഹാരമാകൂ.
മികച്ച പാതകള്‍ ചരക്കുകടത്ത് ചെലവ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പതിനാല് ശതമാനമെന്നത് ഇക്കൊല്ലം ഒന്‍പത് ശതമാനത്തിലേക്ക് കുറയ്ക്കാനാകും. ഇത് സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള കാര്യശേഷി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.