തലയോട് പിളർന്ന് ചുടുചോര ചീറ്റുന്നത് കണ്ട് ആസ്വദിക്കുന്ന കേരളത്തിലെ മരണ വ്യാപാരിയെ തൂക്കിലേറ്റിയിട്ട് 34 വർഷം

കാസർകോട്: മൂന്ന് പതിറ്റാണ്ട് മുമ്പ് ജൂലൈ ആറിന് പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ആ വാർത്തയെത്തി... മരണ ദൂതനെ തൂക്കിലേറ്റി... കാട്ടു തീ പോലെയാണ് അന്ന് ആ വാർത്ത നാട്ടിൽ പടർന്നത്. ജനങ്ങൾ അത്രയേറെ ആഗ്രഹിച്ച ഒന്നായിരുന്നു അത്. തൂക്കിലേറ്റി 34 വർഷങ്ങൾക്കിപ്പുറവും റിപ്പർ ചന്ദ്രൻ എന്ന് കേട്ടാൽ മലബാറുകാരുടെ കണ്ണിൽ ഭയം ഇരുണ്ടു കയറും.


 ചോരയുടെ മണമായിരുന്നു റിപ്പർ ചന്ദ്രന്. എൺപതുകളിൽ മലബാറുകരുടെ പേടി സ്വപ്‌നം.അക്കാലത്ത്‌, പണിയുപകരണങ്ങൾ വീടിൻ്റെയും തൊഴുത്തിൻ്റെയും ചായ്‌പിലാണ്‌ സൂക്ഷിച്ചിരുന്നത്‌. ഇതിൽ പിക്കാസും ചുറ്റികയും പാരയും ഇരുമ്പുവടിയുമാണ്‌ റിപ്പർ ചന്ദ്രൻ്റെ ആയുധം. 'ഇരുട്ടിൻ്റെ മറവിൽ എപ്പോൾ വേണമെങ്കിലും അവൻ എത്താം. ഉപകരണങ്ങൾ എടുത്ത്‌, അകത്ത്‌ ഉറങ്ങിക്കിടക്കുന്ന തലയിൽ ഒറ്റയടി. ഇതാണ് റിപ്പറിൻ്റെ രീതി' മഞ്ചേശ്വരത്തെ രാഘവ അന്നത്തെ കാലത്തെ ഭീതിയെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും ഭയം കാണാം.

സംസ്ഥാനത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയിട്ടും ഇന്നേക്ക് (ജൂലായ് ആറിന്) 34 വർഷം പൂർത്തിയാകുകയാണ്. 1991-ൽ നീലേശ്വരം കരിന്തളം സ്വദേശി റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. ആരാച്ചാരുടെ തസ്‌തിക ഇല്ലാത്തതിനാൽ തൂക്കിലേറ്റിയത് അന്നത്തെ ജയിൽ സൂപ്രണ്ട് എൻ ബി കരുണാകരനാണ്‌. പിന്നീട് സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല. വിധി വന്നതിനുശേഷം വർഷങ്ങളായി ജയിലിലുള്ള പലരും ശിക്ഷായിളവിനായി മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്,എൺപതുകളിൽ ആയിരുന്നു റിപ്പറിൻ്റെ വിളയാട്ടം. ആ ഒരു അപരിചിത ലോകത്തേക്കാണ്‌ ഇരുളിൽ നിന്നൊരാൾ കൈയിൽ ആയുധവുമായി വന്നത്‌. റോഡുകളോടും റെയിൽപ്പാളങ്ങളോടും ചേർന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളിലാണ് കൊലയും കൊള്ളയും നടത്തുന്നത്.

കൈയിലുള്ള ആയുധം കൊണ്ട് ഉറങ്ങിക്കിടക്കുന്നയാളിൻ്റെ തല തകർക്കും, തലയോട്ടി പിളരുന്നത് കണ്ട് ആസ്വദിക്കും.

1985-86 കാലത്തെ മലബാറിൽ, വയനാട്‌, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലയിലും മംഗളൂരു വരെയുമുള്ള ആൾക്കാരുടെ മനസ്സിൽ രാത്രിയാകുമ്പോൾ ഭയം ഇരച്ചു കയറും. കാരണം റിപ്പർ ചന്ദ്രൻ്റെ കഥകൾ കാട്ടു തീപോലെ നാടുമൊത്തം വാമൊഴിയായി പടർന്നിരുന്നു,അക്കാലത്ത്‌ അറ്റാച്ചഡ്‌ ബാത്തുറൂം എന്നത്‌ സമ്പന്ന ഭവനങ്ങളിൽ മാത്രമായിരുന്നു. രാത്രിയിൽ മൂത്രമൊഴിക്കണമെന്ന്‌ പറഞ്ഞ്‌ കരഞ്ഞ കുട്ടിയെ ചിരട്ടയിൽ മൂത്രമൊഴിപ്പിച്ച്‌ വീട്ടിനകത്ത്‌ അമ്മമാർ കെട്ടിപ്പടിച്ച്‌ കിടന്നു. ഗ്രാമീണ വഴികളിൽ, നഗരപ്പാതയിൽ, സന്ധ്യ കഴിഞ്ഞാൽ ആരും പുറത്തിറങ്ങാതായി. അക്കാലത്ത്‌ രാത്രിജോലിയുള്ള പൊലീസുകാർ തണ്ടുറപ്പുള്ള കൈയാളന്മാരെ കൂട്ടിയാണ്‌ പുറത്തിറങ്ങിയത്‌ എന്നും പറയുന്നു.റിപ്പറിനെ തൂക്കിലേറ്റിയ ജയിൽ സൂപ്രണ്ട് മരിച്ചെങ്കിലും റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു. 

‘ശിക്ഷ നടപ്പാക്കും മുൻപ് അവസാനത്തെ ആഗ്രഹം എന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചന്ദ്രൻ പറഞ്ഞതായി കരുണാകരൻ ഓർക്കുന്നു. വിധി നടപ്പാക്കാൻ പോകുകയാണെന്ന് അറിയിച്ചപ്പോൾ ചായ ആവശ്യപ്പെട്ടു. അതിൽ കുറച്ച് കുടിച്ചു. തുടർന്ന് ജയിലിലെ ഇടനാഴിയിലൂടെ നേരെ തൂക്കുമരത്തിലേക്ക് ശാന്തനായി നടന്നു.

കൈകൾ പിറകിലേക്ക് കെട്ടി മുഖംമൂടി ധരിപ്പിച്ചു. തൂക്കിലേറ്റാൻ ഒരു മിനിട്ട്‌ മാത്രം ബാക്കിനിൽക്കേ റിപ്പർ ചന്ദ്രൻ്റെ ഹൃദയമിടിപ്പ് അരികിലുള്ളവർക്ക് കേൾക്കാമായിരുന്നു. അടുത്തുനിന്ന ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പും കൂടിക്കൊണ്ടിരുന്നു. ആരും പരസ്‌പരം നോക്കുക പോലും ചെയ്‌തില്ല. കോടതിവിധി നടപ്പാക്കാൻ പോകുകയാണെന്ന് സൂപ്രണ്ട് പറഞ്ഞു. പതിഞ്ഞ സ്വരത്തിൽ ചന്ദ്രൻ പറഞ്ഞു ‘ഞാൻ തയ്യാറാണ്‌ സാർ'.... ഇതായിരുന്നു അവസാന വാക്കുകൾ. ചന്ദ്രൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ പോലും ആരും വന്നില്ല. നാട്ടിൽ കൊണ്ടുപോയാൽ എതിർപ്പുകൾ ഉണ്ടാകുമെന്ന ഭയം സഹോദരൻ അറിയിച്ചു. മരിച്ച ചന്ദ്രനെയും ജനങ്ങൾക്ക് ഭയമായിരുന്നു.

റിപ്പർ എന്ന ഒരാളുണ്ടോ? വാർത്തകൾ കാട്ടു തീ പോലെ പടർന്നപ്പോഴും ചിലരുടെ സംശയം ഇതായിരുന്നു. നാട്ടിലെ യുവാക്കൾക്കൊപ്പം റിപ്പർ ഉണ്ടോയെന്നു പൊലീസിന് സംശയമായി. റിപ്പറുണ്ടെന്ന്‌ കേട്ട ഇടങ്ങളിലെല്ലാം പരിശോധന നടത്തി. നിയമവും നാട്ടിലെ ആൾബലവും സംയുക്തമായി തേടിയിട്ടും അയാൾ ഇരുട്ടിൻ്റെ മറപറ്റി മറഞ്ഞ്‌ മറഞ്ഞ്‌ നടന്നു. പൊലീസ് പഠിച്ച പണി പതിനെട്ടു നടത്തിയിട്ടും റിപ്പറിനെ കണ്ടെത്താൻ കഴിഞ്ഞില്ല.1985 സെപ്റ്റംബർ 10: കാസർകോട്‌ ജില്ലയിലെ ചെമ്മനാട്ട്‌ വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന രമണി തലക്കടിയേറ്റ് കൊല്ലപ്പെടുന്നു. തുമ്പൊന്നും കിട്ടിയില്ലെങ്കിലും അതൊരു ഒറ്റപ്പെട്ട സംഭവമായാണ്‌ ആദ്യം നാട്ടുകാരും പൊലീസും കരുതിയത്‌. എന്നാൽ അതൊരു തുടക്കമായിരുന്നു. മലബാറിൻ്റെ രാത്രികളെ ചുറ്റികയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുന്ന പേടികളുടെ തുടക്കം.

അതേ വർഷം ഒക്‌ടോബറിൽ സമാന രീതിയിൽ മഞ്ചേശ്വരത്ത്‌ കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയതോടെ, പൊലീസ്‌ സംവിധാനവും ജാഗ്രതയിലായി. ഇരുളിൽ നിന്നുവന്ന്‌ കൊന്ന്‌ ഇരുളിലേക്ക്‌ തന്നെ മടങ്ങുന്ന മായാരൂപിയെ കുറിച്ച്‌ ചൊൽക്കഥകൾ പൊടിപ്പും തൊങ്ങലും ചാലിച്ച്‌ പ്രചരിച്ചു തുടങ്ങി. കാസർകോട്‌, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ആഴ്‌ചകളുടെയോ മാസങ്ങളുടെയോ വ്യത്യാസത്തിൽ സമാനമായ രീതിയിൽ തലയ്ക്ക‌ടിയേറ്റ് ആൾക്കാർ കൊല്ലപ്പെടാൻ തുടങ്ങി. ചിലയിടങ്ങളിൽ അക്രമിക്കപെട്ടതിനു ശേഷം സ്ത്രീകൾ ബലാത്സംഗത്തിനും ഇരകളായി. പലയിടങ്ങളിലും വലിയ കവർച്ചകളും നടന്നു.

തലനാരിഴയ്ക്ക്‌‌ രക്ഷപെട്ടവർ തല തകർന്ന്‌ മരണം വരെ തളർന്നുകിടന്നു. ആരും കൊലയാളിയെ കണ്ടില്ല. അടച്ചുറപ്പില്ലാത്ത വീട്ടിൽ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞശേഷം മാരക ആയുധവുമായി കടന്നു കയറി ആക്രമിക്കുക എന്നതാണ്‌ കൊലയാളിയുടെ രീതി. ആക്രമത്തിൻ്റെ സാമ്യത ഇതെല്ലാം ഒരാൾ ചെയ്‌തുവെന്ന നിഗമനം മാത്രമാണ്‌ പൊലീസിൻ്റെ കൈവശമുള്ളത്‌.19-ാം നൂറ്റാണ്ടിൽ ലണ്ടൻ നഗരത്തിൽ, ഇരകളുടെ തലയോട്ടി തകർത്ത് കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയ സീരിയൽ കില്ലർ ‘ജാക്ക് ദി റിപ്പറു’മായി ബന്ധപ്പെടുത്തി ഇക്കാലത്ത്‌ പത്രങ്ങളിൽ ലേഖനങ്ങൾ വന്നു. അങ്ങനെ ആ കൊലയാളിയുടെ പേർ റിപ്പർ എന്നായി.

ഒരേസമയം ഒന്നിലധികം സ്ഥലങ്ങളിൽ എത്താൻ കഴിയുന്ന ഒരു മായാജാലക്കാരൻ എന്നും കെട്ടുകഥകൾ പരന്നു. രാത്രിയിലെ ഗൂഡ താൽപര്യക്കാർ റിപ്പറുടെ മേൽവിലാസത്തിൽ, അവരുടെ നിഗൂഢ ചെയ്‌തികൾ തുടർന്നു. ആരും ഇരുട്ടിൽ ചോദ്യം ചെയ്യാൻ പോയില്ല. ഇരുട്ടിൽനിന്ന് ഏത് നിമിഷവും റിപ്പർ ചാടി വരും എന്ന് അവർ ഭയന്നു. 12 കൊലപാതകങ്ങൾ വരെ നടന്നിട്ടും ആരാണ് റിപ്പർ എന്ന ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല.രാത്രിപരിശോധന പൊലീസ് ശക്തമാക്കി. സംശയം തോന്നുന്ന പലരെയും ചോദ്യം ചെയ്‌തു. രാത്രിയിൽ പിടികൂടുന്നവരുടെ വിരലടയാളം ശേഖരിക്കാനും പൊലീസ് തീരുമാനിച്ചു.ഒരു ദിവസം തളിപ്പറമ്പ് പൊലീസ്, ടൗണിൽ വൈകിട്ട്‌ കണ്ട ചിലരെ പിടികൂടി സ്‌റ്റേഷനിലെത്തിച്ച്‌ വിരലടയാളം ശേഖരിക്കുകയായിരുന്നു. ചോദ്യം ചെയ്‌തപ്പോൾ എല്ലാവരും പാവങ്ങൾ. 

വൈകിട്ട്‌ നാട്ടിലേക്ക്‌ ബസ്‌ കിട്ടാത്ത, കടത്തിണ്ണയിൽ കിടന്നുറങ്ങി പുലർച്ചെ പോയേക്കാമെന്ന്‌ വിചാരിക്കുന്ന, കണ്ണൂരിലേക്ക്‌ കയറ്റി വിട്ടാൽ ട്രെയിനിൽ പോയേക്കാമെന്നു പറയുന്ന ചിലർ. അതിനിടയ്ക്ക്‌, തളിപ്പറമ്പിൽ തന്നെയുണ്ടായ ഒരു സമരത്തിൽ പങ്കെടുത്ത ചില രാഷ്ട്രീയപ്രവർത്തകരെ സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നു. അവരുടെ തിരക്ക്‌ കൂടിയായപ്പോൾ സ്‌റ്റേഷനിൽ ആകെ ബഹളം. സ്ഥലം തികയാത്തത് കാരണം, നേരത്തെ ചോദ്യം ചെയ്യാൻ കൊണ്ടുവന്നവരുടെ വിലാസവും വിരലടയാളവും ശേഖരിച്ച്‌ പൊലീസ് അവരെ വേഗം പറഞ്ഞുവിട്ടു.

നാലുമണിക്കൂർ കഴിഞ്ഞു. നേരം ഇരുണ്ടു. തളിപ്പറമ്പിലെ ഉൾപ്രദേശത്തെ വീട്ടിൽ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടതായി പൊലീസിൽ വിവരം കിട്ടി. അക്രമത്തിൻ്റെ രീതിയെല്ലാം റിപ്പറുടേത്‌ തന്നെ. സംഭവസ്ഥലത്ത്‌, റിപ്പർ ഉപേക്ഷിച്ചു പോയ മദ്യക്കുപ്പിയിൽ നിന്ന് പൊലീസ് വിരലടയാളം എടുത്ത്‌, എല്ലാ സ്‌റ്റേഷനിലേക്കും അയച്ചു. ആ വിരലടയാളം പരിശോധിച്ച തളിപ്പറമ്പ് പൊലീസ് ഞെട്ടി. അൽപം മണിക്കൂറു മുമ്പേ സ്‌റ്റേഷനിൽനിന്ന് ഇറങ്ങിപ്പോയവരുടെ കൂട്ടത്തിൽ സാക്ഷാല്‍ റിപ്പറും ഉണ്ടായിരുന്നു. നടുങ്ങിയ പൊലീസ്‌ സംവിധാനം, എന്നന്നേക്കുമായി ആ പേര്‌ കുറിച്ചെടുത്തു. നീലേശ്വരം കരിന്തളം കറുകിറ്റിയിലെ ചന്ദ്രൻ അഥവാ കറുകുറ്റി ചന്ദ്രൻ അഥവാ റിപ്പർ ചന്ദ്രൻ. ആരാണ് ഈ മുതുകുറ്റി ചന്ദ്രൻ എന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ്‌ കരിന്തളത്ത്‌ എത്തി.

മുതുകുറ്റി ചന്ദ്രൻ എന്ന റിപ്പർ ചന്ദ്രൻ

1950 കരിന്തളത്തെ ദാരിദ്ര കുടുംബത്തിൽ ജനനം. കള്ളിൽ ചേർക്കാനുള്ള കുരുന്ന് കട്ടിൽ പോയി ശേഖരിച്ച്‌ ചന്തയിൽ കൊണ്ട് പോയി വിറ്റായിരുന്നു ചന്ദ്രൻ്റെ കുടുംബം ജീവിച്ചു പോന്നിരുന്നത്. 10-ാം വയസ്സിൽ അച്‌ഛൻ മരിച്ചതിനെ തുടർന്ന് ചന്ദ്രൻ പഠിത്തം ഉപേക്ഷിച്ചു. കൂലിപ്പണി ചെയ്‌ത്‌ ജീവിക്കുന്നതിനിടയിൽ 14-ാം വയസ്സിൽ കർണാടകയിലേക്ക്‌ നാടുവിട്ടു. ഒറ്റയാനായി ജീവിക്കുന്നതിൻ്റെ സ്വാതന്ത്ര്യം ആഘോഷിച്ച്‌, ചെറുകിട മോഷണങ്ങൾ കർണാടകത്തിൽ തുടർന്നു. രണ്ടുവർത്തിനകം നാട്ടിൽ തിരിച്ചെത്തിയെങ്കിലും കർണാടകയിലെ മോഷണ ജീവിതം അവൻ ആസ്വദിച്ചു.

ഇടയ്ക്കി‌ടെ ഒരുപാട് കാശുമായി നാട്ടിൽ എത്താറുള്ള ചന്ദ്രന്, കർണാടകയിൽ ബിസിനസ്‌ ആണെന്ന് നാട്ടിലുള്ളവർ തെറ്റിദ്ധരിച്ചു. കർണാടകയിൽ തിമ്മയ്യ എന്നയാളുടെ സഹായി ആയിരുന്നു ചന്ദ്രൻ. മോഷണമാണ്‌ തിമ്മയ്യയുടെ തൊഴിൽ. ഗുരുവിൽനിന്ന് മോഷണത്തിൻ്റെ നിഗൂഢവഴികൾ ചന്ദ്രൻ ആസ്വദിച്ച്‌ പഠിച്ചു.

കവർച്ചകളിൽനിന്നും ചെറുകിട കുറ്റകൃത്യങ്ങളിൽ നിന്നും ചന്ദ്രൻ, റിപ്പർ മോഡൽ കൊലപാതകങ്ങളിലേക്ക് മാറുന്നത് 1985 സെപ്റ്റംബർ 10ന്. ചെമ്മനാടിനടുത്തുള്ള കൈന്താറിലെ രമണിയാണ്‌ നാട്ടിലെ ആദ്യ ഇര. തൊട്ടടുത്ത മാസം മഞ്ചേശ്വരം ബങ്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പിക്കാസ് കൊണ്ട് തലയ്ക്ക‌ടിച്ചു കൊന്നു. ചിത്താരി, കുഡ്‌ലു, ചാമുണ്ഡികുന്ന്, കർണാടകയിലെ ഹാവഞ്ചി, ഹരിയടുക്ക എന്നിങ്ങനെ പലയിടങ്ങളിലായി 14 കൊലപാതകങ്ങൾ ചെയ്‌തതിനുശേഷമാണ് ചന്ദ്രനെ തളിപ്പറമ്പിൽ നിന്നും അവിചാരിതമായി പൊലീസ് തിരിച്ചറിയുന്നത്. അതും കൈവള്ളയിൽനിന്ന് ഊർന്നുപോയതിന്ുശേഷം മാത്രം.

പുരുഷൻമാർ ഇല്ലാത്ത, അടച്ചുറപ്പില്ലാത്ത, ദേശീയപാതയ്ക്കും റെയിൽ പാളങ്ങൾക്കും അടുത്തുള്ള വീടുകളാണ്‌ ചന്ദ്രൻ അതിക്രമത്തിനായി തിരഞ്ഞെടുത്തത്‌. അവിടെയൊക്കെ ക്രൂരമായ ഒരാനന്ദത്തോടെ അയാൾ ഇരകളെ തലയ്ക്ക‌ടിച്ച്‌ കൊന്നു.

ഒടുവിൽ റിപ്പർ വലയിൽ

തളിപ്പറമ്പ്‌ സംഭവത്തിന്ുശേഷം, റിപ്പറിനെ പിടികൂടാൻ സർവ സന്നാഹങ്ങളുമായി വേട്ടയ്‌ക്കിറങ്ങി. അന്വേഷണം നടക്കുന്നതിനിടയിൽതന്നെ ചന്ദ്രൻ ഒരു കൊലപാതകം കൂടി നടത്തി. 1986 ഫെബ്രുവരി 11ന്‌ കണ്ണൂർ പറശ്ശിനിക്കടവിൽ നടത്തിയ അക്രമണം ചന്ദ്രൻ്റെ അവസാന കുറ്റകൃത്യമായിരുന്നു. അതിൻ്റെ വഴിയേ സഞ്ചരിച്ച പൊലീസ്‌ കൃത്യം 16-ാം നാൾ, ഫെബ്രുവരി 27ന് കർണാടകയിലെ ചിക്കമംഗളൂരുവിൽ വച്ച്‌ ചന്ദ്രനെ പൊക്കി.

14 പേരെലെ തലയ്ക്ക‌ടിച്ചു കൊന്നു. അതിലും ഇരട്ടിപ്പേരെ ഗുരുതരമായി പരിക്കേൽപ്പിച്ചു. 1987ൽ വിചാരണ ശേഷം കോടതി ചന്ദ്രനെയും കൂട്ടാളി തിമ്മയ്യയേയും വധശിക്ഷയ്ക്ക് വിധിച്ചു.

അന്ന്‌ ഹൊസ്‌ദുർഗ്‌ കോടതി മുറ്റത്ത്‌ ആയിരങ്ങളാണ്‌ തടിച്ചുകൂടിയത്‌. തങ്ങളുടെ രാത്രികളെ പേടിയിലേക്ക്‌ ഒതുക്കി കെട്ടിയ മുതുകുറ്റി ചന്ദ്രനെ കാണാൻ ആയിരങ്ങൾ എത്തി. 14 പേരെ തലയ്ക്ക‌ടിച്ച്‌ കൊന്ന് മോഷണവും ബലാത്സംഗവും നടത്തിയ അയാളെ, ചങ്ങല കൊണ്ട് ബന്ധിച്ച്‌ പൊലീസ് കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി. അപ്പോഴും റിപ്പറിന് ഒരു കുലുക്കവും ഇല്ലായിരുന്നു. കോടതിപ്പടിയിൽ നിന്ന്‌ ജനക്കൂട്ടത്തെ നോക്കി പുഞ്ചിരിച്ചു. പിറ്റേന്നത്തെ പത്രത്തിൽ ആ ചിത്രം വലുതായി അച്ചടിച്ചുവന്നു. താഴെ ഒരു തലക്കെട്ട്‌ വായിച്ച്‌ ജനം ആശ്വാസം കൊണ്ടു. അതിങ്ങനെയായിരുന്നു: 

‘റിപ്പർ ചന്ദ്രനെ വധശിക്ഷയ്ക്ക്‌ വിധിച്ചു’

കണ്ണൂർ സെൻട്രൽ ജയിലിൽ ചന്ദ്രനെ ഏകാന്ത തടവിലേക്ക്‌ മാറ്റി. ജയിലിൽനിന്ന് ചന്ദ്രനയച്ച അപ്പീലുകൾ ഉയർന്ന കോടതികൾ തള്ളി. എന്നാൽ തിമ്മമയ്യയുടെ വധശിക്ഷ റദ്ദാക്കി. നാലുവർഷത്തെ ഏകാന്ത തടവിനുശേഷം ചന്ദ്രനെ 1991 ജൂലൈ ആറിന്‌ പുലർച്ചെ തൂക്കിലേറ്റി. ജനരോഷം ഭയന്ന്‌ ചന്ദ്രൻ്റെ മൃതദേഹം വാങ്ങാൻ സഹോദരൻ വിസമ്മതിച്ചതിനാല്‍ പൊലീസ്‌ ചന്ദ്രനെ പൊതുശ്‌മശാനത്തിൽ അടക്കം ചെയ്‌തു.

ജയിലിൽ കഴിയവേ ചന്ദ്രൻ്റെ സ്വഭാവത്തിലും പ്രവൃത്തിയിലും നല്ല മാറ്റങ്ങൾ വന്നതായി അക്കാലത്തെ പൊലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയിരുന്നു. അടിസ്ഥാന വിദ്യഭ്യാസം മാത്രമുള്ള ചന്ദ്രൻ ജയിലിൽ എഴുതാനും വായിക്കാനും പഠിച്ചു. അമ്മയ്ക്ക്‌ കത്തുകളെഴുതി. നേരത്തെ തന്നെ വലിയ ഭക്തൻ ആയിരുന്ന ചന്ദ്രൻ ഇടയ്ക്കിടെ പറശ്ശിനിക്കടവിൽ വരാറുണ്ടായിരുന്നു. കർണാടകയിൽ താമസിച്ചിരുന്നിടത്ത് ഒരു കല്ല് പ്രതിഷ്‌ഠിച്ച്‌ പൂജകൾ നടത്തി. ചന്ദ്രൻ ജയിലിലും ഇതേ രീതി പിന്തുടർന്നു.

ഏകാന്തതയിലും ആത്മസംഘർഷത്തിലുമായിരുന്ന റിപ്പർ

കണ്ണൂർ സെൻട്രൽ ജയിലിലെ പ്രത്യേക ബ്ലോക്കിൽ ഏകാന്തതയിലും ആത്മസംഘർഷത്തിലുമായിരുന്നു റിപ്പർ ചന്ദ്രൻ്റെ അവസാന നാളുകളെന്നു സൂപ്രണ്ട് മുന്നേ പറഞ്ഞിട്ടുണ്ട്. ജയിലിലെ ആദ്യ നാളുകളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ജീവനക്കാരെ വിറപ്പിച്ചയാളാണ്. ഒരിക്കൽ ജഡ്‌ജി ജയിലിൽ പരിശോധനയ്ക്കെത്തിയപ്പോൾ രോഷാകുലനായ ചന്ദ്രൻ അദ്ദേഹത്തിൻ്റെ മുഖത്ത് തുപ്പി. മനസ്സ് ശാന്തമായി തുടങ്ങിയതോടെ ചന്ദ്രൻ എഴുത്തും വായനയും പഠിച്ച് പുസ്തകവായന ആരംഭിച്ചു. സാഹസികജീവിതം നയിച്ചവരുടെ കഥകളോടായിരുന്നു ആദ്യമാക്കെ താത്പര്യം. പിന്നീട് ആത്മീയപുസ്തകങ്ങളിലേക്ക് മാറി.തൂക്കിലേറ്റുമ്പോൾ 41 വയസ്സായിരുന്നു ചന്ദ്രൻ്റെ പ്രായം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !