ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരന്മാരെ സൈന്യം വധിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്ഥിരീകരണത്തിന് പിന്നാലെ പ്രതികരണവുമായി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. ഇനി സമാധാനത്തോടെ ഉറങ്ങാനാകുമെന്ന് മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ അസവരി ജഗ്ദാലെ പറഞ്ഞു. ഏപ്രില്‍ 22-ന് നടന്ന ഭീകരാക്രമണത്തില്‍ പിതാവ് സന്തോഷിനെ അസവരിക്ക് നഷ്ടമായിരുന്നു.
ഇന്ത്യന്‍ സര്‍ക്കാരിനും സൈന്യത്തിനും നന്ദിപറയുന്നു. ഇന്ന് ആ 26 പേര്‍ക്കും ശാന്തി ലഭിക്കും. ഇന്ന് ഞങ്ങള്‍ക്ക് എല്ലാവര്ക്കും സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കും. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കുകയും രാജ്യത്ത് സമാധാനം പുലരുകയും ചെയ്യട്ടെ. അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ ഓപ്പറേഷന് മഹാദേവ് പോലുള്ള നടപടികള്‍ തുടരണമെന്നും അസവരി പറഞ്ഞു.
ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പ്രശാന്ത് കുമാര്‍ സത്പതിയുടെ ഭാര്യ പ്രിയദര്‍ശനി ആചാര്യ പറഞ്ഞു. ഇന്ത്യന്‍ സൈന്യം സ്വീകരിച്ച നടപടി ശരിയാണെന്നും പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍മിയുടെയും സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സൈനിക നടപടിയായ ഓപ്പറേഷന് മഹാദേവിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ വധിച്ചെന്ന് ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ അമിത് ഷാ പറഞ്ഞിരുന്നു. സുലൈമാന്‍, അഫ്ഗാന്, ജിബ്രാന് എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ലഷ്കറെ തൊയ്ബയുടെ എ കാറ്റഗറി കമാന്‍ഡറാണ് സുലൈമാന്‍. അഫ്ഗാന്, ലഷ്കറെയുടെ എ കാറ്റഗറി ഭീകരവാദിയാണ് ജിബ്രാനും. ബൈസരണ്‍ താഴ്വരയില് നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയ ഈ മൂന്നുപേരെയും ഇല്ലാതാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.