വാഷിങ്ടണ്‍: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ പൈലറ്റിനെ ലാന്‍ഡിങ്ങിന് പിന്നാലെ കോക്ക്പിറ്റില്‍നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റായ ഇന്ത്യന്‍ വംശജന് റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാന്‍ ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്ചെയ്തത്. വിമാനം ലാന്‍ഡ്ചെയ്ത് 10 മിനിറ്റിനുള്ളില്‍ കോക്ക്പിറ്റില്‍ കയറിയാണ് അധികൃതര്‍ പൈലറ്റിനെ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പൈലറ്റിനെ നാടകീയമായി പിടികൂടിയത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മിനിയാപോളിസില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 757-300 വിമാനത്തിലെ പൈലറ്റായിരുന്നു റസ്റ്റം.
വിമാനം ലാന്‍ഡ്ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെയാണ് കോണ്ട്ര കോസ്റ്റ കൗണ്ടി ഷെറീഫ് ഉദ്യോഗസ്ഥരും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഏജന്റുമാരും വിമാനത്തിനുള്ളിലേക്ക് ഇരച്ചെത്തിയത്. തോക്കുകളുമായെത്തിയ ഏജന്റുമാര്‍ പിന്നാലെ കോക്ക്പിറ്റിലേക്ക് കടന്നെന്നും തുടര്‍ന്ന് കൈവിലങ്ങ് വെച്ചാണ് പ്രതിയായ പൈലറ്റുമായി തിരിച്ചിറങ്ങിയതെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞു.
അറസ്റ്റിനെക്കുറിച്ച് റസ്റ്റത്തിന്റെ കൂടെയുണ്ടായിരുന്ന പൈലറ്റിനും വിവരമൊന്നും ലഭിച്ചിരുന്നില്ല. പ്രതി രക്ഷപ്പെടാനുള്ള ഒരു സാധ്യതപോലും അവശേഷിക്കരുതെന്ന് കരുതിയാണ് പോലീസ് ഇത് രഹസ്യമാക്കിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പത്തുവയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 2025 ഏപ്രിലിലാണ് പോലീസ് റസ്റ്റത്തിനെതിരേ അന്വേഷണം ആരംഭിച്ചത്. കുട്ടിയെ അഞ്ചുതവണയോളം പ്രതി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനുപിന്നാലെ പ്രതിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ പ്രതിയെ മാര്‍ട്ടിനസിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.
അതിനിടെ, അറസ്റ്റിലായ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തതായി ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും അന്വേഷണ ഏജന്‍സികളുമായി പൂര്‍ണമായും സഹകരിക്കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.