ടെഹ്റാൻ: ഫ്ലോറിഡയിലെ തന്റെ ആഢംബര വസതിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സുരക്ഷിതനായിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ.
സൂര്യപ്രകാശമേറ്റ് കിടക്കുമ്പോൾ ഒരുപക്ഷേ അദ്ദേഹത്തിനുമേൽ ആക്രമണം ഉണ്ടായേക്കാമെന്നും ട്രംപിന്റെ പൊക്കിളിൽ ഒരു ചെറു ഡ്രോൺ ചെന്നിടിച്ചേക്കാമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയുടെ മുതിർന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനി പറഞ്ഞു.'ഇനി 'മാർ എ ലാഗോ'യിൽ സ്വസ്ഥമായി സൂര്യപ്രകാശമേറ്റ് കിടക്കാൻ പറ്റാത്തവിധത്തിലുള്ള ഒരു കാര്യം ട്രംപ് ചെയ്തു.സൂര്യന് നേരെ വയറുന്തിക്കിടക്കുമ്പോൾ ഒരു ചെറു ഡ്രോൺ അദ്ദേഹത്തിന്റെ പൊക്കിളിൽ വന്നിടിച്ചേക്കാം. ഇത് വളരെ സിമ്പിളാണ്', മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ ജാവാദ് ലാരിജാനി പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ മുതിർന്ന ഉപദേഷ്ടാവും ഇറാനിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും കൂടിയാണ് ജവാദ് ലാരിജാനി. ഇറാനിയൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
ആയത്തുള്ള അലി ഖമീനിയെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരായ പ്രതികാരം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു ഓൺലൈൻ പ്ലാറ്റ് ഫോം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിലൂടെ പൊതുജനങ്ങളിൽനിന്ന് വ്യാപക ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. ഇതുവരെയായി 40 മില്യൺ ഡോളറിലേറെ സമാഹരിച്ചെന്നാണ് റിപ്പോർട്ട്.
100 മില്യൺ ഡോളറോളം ശേഖരിക്കുക എന്നതാണ് ഇ സംഘത്തിന്റെ ലക്ഷ്യം. 'അലി ഖമീനിയുടെ ജീവന് ഭീഷണി ഉയർത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിയുന്ന ഏതൊരാൾക്കും ഞങ്ങൾ ഈ സമ്മാനം നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു', എന്നാണ് വൈബ്സൈറ്റിലെ സന്ദേശം.
കഴിഞ്ഞദിവസം ഇറാനിലെ ഷിയാ പുരോഹിതർ ട്രംപിനും നെതന്യാഹുവിനുമെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്നു. ദൈവത്തിന്റെ ശത്രുക്കളെന്നായിരുന്നു ട്രംപിനേയും നെതന്യാഹുവിനേയും വിശേഷിപ്പിച്ചത്. ഇവർക്കെതിരേ ആഗോളതലത്തിൽ മുസ്ലിങ്ങൾ നടപടിയെടുക്കണമെന്നും ഫത്വയിൽ ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും ഇടപെട്ടിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. തുടർന്ന് ഇറാൻ അമേരിക്കയ്ക്കെതിരേ തിരിഞ്ഞിരുന്നു.
ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ വെടിനിർത്തലിനായി അമേരിക്ക ഇടപെടുകയും തുടർന്ന് 12 ദിവസം നീണ്ട സംഘർഷത്തിന് അയവ് വരുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.