കയ്റോ; യുഎസ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ കരാറിനോട് അനുകൂല സമീപനവുമായി ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിനായി ഉടനടി ചർച്ചകൾക്കു തയാറാണെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്.
വെടിനിർത്തൽ നിലവിൽ വരുന്നതോടുകൂടി ഗാസയിൽ അടിയന്തരമായി സഹായമെത്തിക്കാൻ കഴിയും. സ്ഥിരമായ വെടിനിർത്തലിലേക്കു നയിക്കുന്നതാവണം ഈ ചർച്ചകളെന്ന ഉറപ്പു വേണമെന്നും ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പലസ്തീനിലെ മറ്റു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിനുശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തിങ്കളാഴ്ച യുഎസിലെത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നതിനു മുൻപേതന്നെ ചർച്ചയ്ക്ക് തയാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ഇസ്രയേലും യുഎസും ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ യാഥാർഥ്യമാകണമെങ്കിൽ ഹമാസിന്റെ നിരായുധീകരണം നടപ്പാകണമെന്ന നിലപാടാണ് ഇസ്രയേലിന്റേത്. എന്നാൽ ഹമാസ് ഇത് അംഗീകരിക്കുന്നില്ല.
ഒരു പോസിറ്റീവ് മറുപടി ഉണ്ടാകുമെന്ന് ഹമാസ് അറിയിച്ചുവെന്ന് വെള്ളിയാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിലെ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞിരുന്നു. അടുത്തയാഴ്ചയോടെ ഗാസ ഡീൽ ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തലിനായി ഈജിപ്ത്, ഖത്തർ രാജ്യങ്ങളും ശ്രമം നടത്തുന്നുണ്ട്. വെടിനിർത്തലിന് അരികിലാണെന്നും ഹമാസിന്റെ ചില ആവശ്യങ്ങളിൽ ഇനിയും ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.
അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 57,268 പേർ കൊല്ലപ്പെടുകയും 1,35,625 പേർക്കു പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇനി 20ൽ പരം ബന്ദികൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂവെന്നാണ് പുറത്തുവരുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.