മുംബൈ: ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തില്‍ പൂര്‍ണ്ണമായ സുതാര്യത കൊണ്ടുവരുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ്. യോഗ്യത സംബന്ധിച്ച് വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തന്റെ മുന്‍ഗാമി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് ആയിരുന്നതുമുതല്‍ നിയമന കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ കൊളീജിയം ശ്രമിച്ചിട്ടുണ്ടെന്ന് ബി.ആര്. ഗവായ് പറഞ്ഞു. സുപ്രീം കോടതി ജസ്റ്റിസ് ദീപങ്കര്‍ ദത്ത കഴിഞ്ഞ ആഴ്ച നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ഇടപെടലിനെക്കുറിച്ച് സംസാരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ഞാന്‍ എല്ലാവര്ക്കും ഉറപ്പു നല്കുന്നു, ഞങ്ങള്‍ പൂര്‍ണ്ണമായ സുതാര്യതയോടെയുള്ള നടപടിക്രമം സ്വീകരിക്കും. മെറിറ്റില്‍ വിട്ടുവീഴ്ച ചെയ്യില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ നമുക്കുണ്ടാകും. ശുപാര്‍ശ ചെയ്യപ്പെട്ട എല്ലാവരുടെയും പേരുകള്‍ തുടര്‍നടപടികള്‍ക്കായി പരിഗണിക്കും'', ചീഫ് ജസ്റ്റിസ് പറഞ്ഞു.
2019-ല്‍ തന്നെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ കൊളീജിയത്തിലെ ഒരു ജഡ്ജി ഇതിന് അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ഇതൊരു രഹസ്യമായി സൂക്ഷിക്കുകയായിരുന്നു, എന്റെ പേര് സുപ്രീം കോടതിയിലേക്കായി പരിഗണിക്കപ്പെട്ടപ്പോള്‍ കൊളീജിയത്തിലെ ഒരു ജഡ്ജിക്ക് ചില സംശയങ്ങളുണ്ടായിരുന്നു' ജഡ്ജിയുടെ പേര് വെളിപ്പെടുത്താതെ അദ്ദേഹം പറഞ്ഞു.
തന്നെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുന്നതില്‍ മുംബൈയിലെ ചില മുതിര്‍ന്ന അഭിഭാഷകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആ ജഡ്ജിക്ക് തോന്നിയിരുന്നതായി ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. 'എന്നാല്‍, ബോംബെ ബാര്‍ അസോസിയേഷനിലെ നിരവധി മുതിര്‍ന്ന അഭിഭാഷകര്‍ ഡല്‍ഹിയില്‍ വെച്ച് ഈ ജഡ്ജിയെ കണ്ട് അദ്ദേഹത്തിന് തെറ്റിധാരണയാണെന്ന് ബോധ്യപ്പെടുത്തി' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അന്നത്തെ എന്റെ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റവും അതിനുശേഷം ഇപ്പോഴുള്ള ചീഫ് ജസ്റ്റിസ് പദവിയും ബോംബെ ബാര്‍ അസോസിയേഷന് ഇല്ലായിരുന്നെങ്കില്‍ സാധ്യമാകുമായിരുന്നില്ല, അതിനാല്‍ താന്‍ എപ്പോഴും അവരോട് കടപ്പെട്ടിരിക്കും' ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.
ഒരു ജഡ്ജിയുടെ കര്‍ത്തവ്യം എപ്പോഴും നീതി നടപ്പാക്കുക, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്, താന്‍ എപ്പോഴും അതിന് ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ആയി നിയമിതനായപ്പോള്‍ താന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാനോ കര്‍മ്മപദ്ധതിയെക്കുറിച്ച് സംസാരിക്കാനോ തയ്യാറായില്ല. പകരം, 'വിരമിക്കുമ്പോള്‍ എന്റെ പ്രവൃത്തികള്‍ എനിക്കുവേണ്ടി സംസാരിക്കട്ടെ എന്ന് ഞാന്‍ കരുതി. വെറും വാഗ്ദാനങ്ങള്‍ നല്‍കാനും നിരാശയ്ക്ക് ഇടവരുത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല' ഗവായ് പറഞ്ഞു.
സുപ്രീം കോടതി ഒരു ചീഫ് ജസ്റ്റിസ് കേന്ദ്രീകൃത കോടതിയാണെന്ന തെറ്റിധാരണ മാറ്റാനും താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സുപ്രീം കോടതി എല്ലാ ജഡ്ജിമാരുടെയും കോടതിയാണ്. ചീഫ് ജസ്റ്റിസ് എന്നത് തുല്യരില്‍ ഒന്നാമന് മാത്രമാണ്' അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.