ന്യൂഡല്‍ഹി: മതപരമായ വിശ്വാസമോ ആചാരമോ സംബന്ധിച്ച വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. ദലൈ ലാമയുടെ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വാഗ്വാദങ്ങള്‍ ഉയരുന്നതിനിടെയാണ് വെള്ളിയാഴ്ച ഇന്ത്യ നിലപാട് അറിയിച്ചത്.
മതപരമായ വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുക്കുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ എല്ലാ പൗരര്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും അത് ഭാവിയിലും തുടരുമെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.ടിബറ്റന്‍ ബുദ്ധമതത്തിന്റെ നേതൃത്വത്തെ കുറിച്ചും ഭാവിയെ കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് തനിക്കുശേഷം പിന്ഗാമിയുണ്ടാകുമെന്നുള്ള ദലൈലാമയുടെ പ്രഖ്യാപനമുണ്ടായത്. ദലൈലാമയുടെ തൊണ്ണൂറാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ധരംശാലയില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തിലായിരുന്നു ലാമയുടെ പ്രഖ്യാപനം. തുടര്‍ന്ന് ലാമയുടെ പിന്‍ഗാമിയെ കുറിച്ചുള്ള അന്തിമതീരുമാനം തങ്ങളുടേതായിരിക്കുമെന്നുള്ള പ്രസ്താവനയുമായി ചൈന രംഗത്തെത്തിയിരുന്നു.
പിന്‍ഗാമിയെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം ദലൈലാമയ്ക്ക് മാത്രമാണെന്നും ചൈന അഭിപ്രായം പറയേണ്ടതില്ലെന്നും വ്യാഴാഴ്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടിരുന്നു. അതിനു മറുപടിയുമായി ചൈനയും രംഗത്തെത്തി. ടിബറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യ ശ്രദ്ധാപൂര്‍വം ഇടപെടണമെന്നും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതില്‍ വീഴ്ച വരുത്താവുന്ന ചർച്ചകളിൽ നിന്ന് വിട്ടുനില്‍ക്കണമെന്നും ചൈന പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.