തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നേതാവ് എസ്. മിനി. സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ സമരം 168-ാം ദിവസത്തിലേക്കു കടക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നടപടി. രാജ്യത്തെ 10 ലക്ഷം പേര്‍ക്കു ഗുണകരമാകുന്ന നടപടിയാണിതെന്ന് മിനി പറഞ്ഞു. ആശാ സമര വേദിയില്‍ എത്തിയ എംപിമാര്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കുകയും കേന്ദ്ര ആരോഗ്യമന്ത്രി ഇന്‍സന്റീവ് വര്‍ധന ഉറപ്പു തരുകയും ചെയ്തിരുന്നു. അതിന്റെ ചില തീരുമാനങ്ങളാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നതെന്നും മിനി പറഞ്ഞു.
2000 രൂപ ഫിക്സഡ് ഇന്‍സന്റീവ് 3500 ആയി വര്‍ധിപ്പിക്കുകയും വിരമിക്കല്‍ ആനുകൂല്യം 50000 രൂപയാക്കുകയും മറ്റു ചില ഇന്‍സന്റീവുകള്‍ വര്ധപ്പിക്കുകയുമാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. കേന്ദ്രം വര്‍ധനവിനു തയാറായിരിക്കുന്നു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും മിനി പറഞ്ഞു. പ്രതിദിനം 233 രൂപ എന്നത് അപര്യാപ്തമാണെന്നു സര്‍ക്കാരിനും അറിയാം. കേന്ദ്രം നിഷ്കര്‍ഷിക്കുന്നതിനു പുറമേ ധാരാളം ജോലികള്‍ സംസ്ഥാനസര്‍ക്കാര്‍ ആശമാരെ കൊണ്ടു ചെയ്യിപ്പിക്കുന്നുണ്ട്. അപ്പോള്‍ ഓണറേറിയം വര്‍ധിപ്പിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും മിനി വ്യക്തമാക്കി.ആശമാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന ഘട്ടത്തില്‍ ആശാ സമരം തുടര്‍ന്നുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തല്‍ സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.