കണ്ണൂർ : സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധസദനം സാമൂഹികനീതി വകുപ്പ് അടച്ചുപൂട്ടി. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമില്ലെന്നുകണ്ടാണു നടപടി. അന്തേവാസികളെ മറ്റു സദനങ്ങളിലേക്കു മാറ്റി.
സൗത്ത് ബസാറിലെ മട്ടമ്മൽ റോഡിൽ രണ്ടര പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചിരുന്ന ‘മൈത്രിസദനം’ ആണു പൂട്ടിച്ചത്. സ്ഥാപനത്തിലുണ്ടായിരുന്ന 9 അന്തേവാസികളിൽ 4 പേരെ കണ്ണൂർ ഗവ.വൃദ്ധസദനത്തിലേക്കും 3 പേരെ ചെറുകുന്ന് മദർസാല പെയ്ൻ ആൻഡ് പാലിയേറ്റീവിലേക്കും 2 പേരെ തോട്ടട അഭയനികേതനിലേക്കും മാറ്റി.
1996 ൽ തുടങ്ങിയ സ്ഥാപനത്തിന് 2017 വരെ മാത്രമാണ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം ഉണ്ടായിരുന്നത്. പിന്നീട് അംഗീകാരം പുതുക്കിയില്ല. 16 വർഷത്തോളം സ്ഥാപനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചത് ഇ.പി.ജയരാജനായിരുന്നു. ചോർന്നൊലിക്കുന്നതും കോൺക്രീറ്റ് അടർന്നുവീഴുന്നതുമായ അപകടാവസ്ഥയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം. മാനദണ്ഡപ്രകാരമുള്ള ബിൽഡിങ് ഫിറ്റ്‌നസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ വർഷങ്ങളായി ലഭ്യമാക്കിയിട്ടില്ല. ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് 2024 ൽ സ്ഥാപനം പൂട്ടാൻ നോട്ടിസ് നൽകിയിരുന്നു.
അന്തേവാസികളിൽനിന്നു തുക ഈടാക്കുന്നുണ്ടെങ്കിലും നിലവാരമുള്ള സേവനങ്ങൾ നൽകിയിരുന്നില്ലെന്നു സാമൂഹികനീതി വകുപ്പ് പറയുന്നു. വൃത്തിഹീനമായ നിലയിലാണു പരിസരവും അടുക്കളയും. പാചകത്തൊഴിലാളിക്കു മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രമില്ല. രോഗികളായ താമസക്കാർക്കു ബന്ധുക്കൾ തന്നെ ശുശ്രൂഷ നൽകേണ്ട സാഹചര്യമായിരുന്നു. ∙ സ്ഥാപനം തുടങ്ങിയതു ഞാൻ മുൻകയ്യെടുത്താണെങ്കിലും ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായപ്പോൾ നടത്തിപ്പു കൈമാറിയിരുന്നു. - ഇ.പി.ജയരാജൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.