തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും, വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥും ഇന്ന് ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരുമായി കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും.തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി അത്യാവശ്യം വേണ്ട പുനഃസംഘടന നടത്തണമെന്ന വികാരം കെ.പി.സി.സി നേതാക്കൾ മുന്നോട്ടു വയ്ക്കും. സമ്പൂർണ്ണ അഴിച്ചുപണിക്കുള്ള സമയമില്ല. മൊത്തത്തിൽ മാറ്റിമറിക്കലുകൾ ഇപ്പോഴത്തെ സംഘടനാ കെട്ടുറപ്പിനെ ബാധിച്ചേക്കുമെന്ന അഭിപ്രായവും മുതിർന്ന നേതാക്കൾക്കുണ്ട്. മോശം പ്രവർത്തനം നടത്തുന്നവരെ മാറ്റി സജീവമായി സംഘടനാ പ്രവർത്തനത്തിലുള്ളവരെ പകരം കൊണ്ടുവരുന്നതിനാവും ശ്രമം.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നു രാത്രി തന്നെ ഇരുനേതാക്കളും കേരളത്തിലേക്ക് മടങ്ങും.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യു.ഡി. എഫ് യോഗം 10 ന് കൊച്ചിയിൽ ചേരും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിശദമായ വിലയിരുത്തൽ യോഗത്തിലുണ്ടാവും. യു.ഡി.എഫ് വിപുലീകരണമാണ് പ്രധാന അജണ്ട. ഇതു സംബന്ധിച്ച മാർഗരേഖഖയ്ക്ക് യോഗം രൂപം നൽകും.
പി.വി.അൻവർ വിഷയമാണ് മറ്റൊന്ന്. അൻവർ അടഞ്ഞ അദ്ധ്യായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അൻവർ യു.ഡി.എഫിലേക്ക് വരാനുള്ള വഴി തെളിഞ്ഞാൽ വേണ്ടെന്നു വയ്ക്കില്ല. പ്രത്യേകിച്ച് മൂന്ന് മുന്നണികളുമായി പൊരുതി 19,000 ലധികം വോട്ടുകൾ നേടിയ അൻവറിനെ തഴയരുതെന്ന അഭിപ്രായം മുതിർന്ന നേതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് പാളയത്തിലേക്ക് അൻവർ കൂടിയെത്തിയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞ പക്ഷം മലപ്പുറം ജില്ലയിലെങ്കിലും അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.