തിരുവനന്തപുരം; എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിജിലന്‍സ് അന്വേഷിച്ച അനധികൃത സ്വത്ത് സമ്പാദന കേസിന്റെ കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി.
ഇത് കൂടാതെ അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ്, സാക്ഷിമൊഴികള്‍ എന്നിവയും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കോടതി മുറിയില്‍ വച്ച് ഇതില്‍ പരിശോധന നടത്തിയ ശേഷം ഹര്‍ജിക്കാരനോട് മറുപടി അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കേസ് ജൂലൈ 28 ന് വീണ്ടും പരിഗണിക്കും. ഹര്ജിക്കാരന് ഉന്നയിച്ച ആരോപണങ്ങള്‍ വിജിലന്‍സ് നിലവില്‍ നടത്തിയ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കോടതിക്ക് നേരിട്ടു പരിശോധിക്കുന്നതിനാണ് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.എഡിജിപിക്കു ക്ലീൻചിറ്റു നൽകി വിജിലന്‍സ് എസ്.പി. ഷിബു പാപ്പച്ചന് നേരത്തേ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് പകര്‍പ്പ് മാത്രമാണെന്നും ആരും സാക്ഷ്യപ്പെടുത്താത്തതുകൊണ്ടു തിരിമറി സംശയിക്കുന്നതായും ഹര്‍ജിക്കാരനായ നാഗരാജ് വാദിച്ചിരുന്നു. ഹര്‍ജിക്കാരന്റെ സംശയം മാറുന്നതിനാണ് യഥാര്‍ഥ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. എഡിജിപിയുടെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതുകൊണ്ടാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പട്ടം സബ് റജിസ്റ്റാര്‍ ഓഫിസ് പരിധിയില്‍ ഉള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയതും കവടിയാറില്‍ 31 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്ക്ക് മറിച്ചു വിറ്റതു സംബന്ധിച്ചുമുള്ള ആരോപണങ്ങൾ അന്വേഷിച്ചില്ലെന്നും ഹര്ജിക്കാരന് പറയുന്നു.
എം.ആര്.അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.