പുരാതന മായന്‍ നഗരമായ കാരക്കോളിലെ ആദ്യ ഭരണാധികാരിയുടെ ശവകുടീരം കണ്ടെത്തി പുരാവസ്തുഗവേഷകര്‍. ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ദമ്പതിമാരുമായ ഡോ.ആര്‍ലെനും ഡോ.ഡയാനയുമാണ് ശവകുടീരം കണ്ടെത്തിയത്. മധ്യ അമേരിക്കയിലെ ബെലിസിലാണ് ഇവര്‍ ഇത് കണ്ടെത്തുന്നത്.
ബെലിസിലെ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നടത്തിയ പ്രോജക്ടിന്റെ ഭാഗമായാണ് ദമ്പതിമാര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്.ശവകുടീരത്തിനുള്ളിൽ ഗവേഷകർ വൻ നിധിശേഖരം കണ്ടെത്തിയിട്ടുണ്ട്. ജേഡ് മൊസൈക്ക് ഡെത്ത് മാസ്ക്കുകൾ, മുത്തുകൾ, ആഭരണങ്ങൾ, ചിത്രപ്പണികളാൽ അലങ്കരിച്ച കളിമൺ പാത്രങ്ങൾ എന്നിവയും കണ്ടെത്തി. മാത്രമല്ല അസ്ഥികൾ, കടൽചിപ്പികൾ എന്നിങ്ങനെ നിരവധി വസ്തുക്കൾ ശവകുടീരത്തിലുണ്ട്.ഇത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്നാണ്. ഞങ്ങൾ രാജവംശത്തിലെ ആദ്യത്തെ വ്യക്തിയെ കണ്ടെത്തി. അതിനാൽ, കാരക്കോളിന്റെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലുതാണ്. ഭരണാധികാരിയെ തിരിച്ചറിയാൻ കഴിഞ്ഞത് അവിശ്വസനീയമാണ്.- ഡോ. ഡയാന പറഞ്ഞു.
കാരക്കോളിലെ മൂന്നാമത്തെ ശവകുടീരമാണിത്. 2009-ൽ കണ്ടെത്തിയ ആദ്യത്തെ ശവകുടീരത്തിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം, ആഭരണങ്ങൾ, കടൽശംഖുകൾ, മൺപാത്രങ്ങൾ എന്നിവ ലഭിച്ചിരുന്നു. രണ്ടാമത്തെ ശവകുടീരത്തിൽ നിന്ന് ഒരു പാത്രത്തിലാക്കിയ മൂന്ന് പേരുടെ ചിതാഭസ്മം, കത്തികൾ, മധ്യ മെക്സിക്കോയിൽ നിന്നുള്ളതാണെന്ന് തോന്നിക്കുന്ന നിരവധി വസ്തുക്കൾ എന്നിവയും കണ്ടെത്തിയിരുന്നു.