ന്യൂഡൽഹി: നിയമസഭയ്ക്കുള്ളിൽ വെച്ച് റമ്മി കളിച്ചെന്ന ആരോപണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്റാവു കൊക്കാട്ടെ. മൊബൈൽ ഫോൺ നോക്കുന്നതിനിടെ റമ്മിയുടെ പരസ്യം വന്നതാണെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. മന്ത്രി റമ്മി കളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
എൻസിപി എംഎൽഎ രോഹിത് പവാറാണ് എക്‌സിലൂടെ വീഡിയോ പങ്കിട്ടത്. ശരദ് പവാർ വിഭാഗത്തിലെ എംഎൽഎയാണ് രോഹിത് പവാർ. മന്ത്രിക്ക് മറ്റ് ജോലിയൊന്നും ഇല്ലാത്തതിനാലാണ് റമ്മി കളിക്കാൻ സമയം കിട്ടുന്നതെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് രോഹിത് പവാർ ആരോപിച്ചത്. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ ബിജെപിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും എക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമാണ് ഉൾപ്പെടുന്നത്.
"ബിജെപിയുമായി കൂടിയാലോചിക്കാതെ ഭരണകക്ഷിയായ എൻസിപി വിഭാഗത്തിന് പ്രവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നതും സംസ്ഥാനത്ത് ദിവസവും ശരാശരി എട്ട് കർഷകരെങ്കിലും ആത്മഹത്യ ചെയ്യുന്നതും. എന്നാൽ, ജോലിയില്ലാത്ത കൃഷിമന്ത്രിക്ക് റമ്മി കളിക്കാൻ സമയമുണ്ടെന്ന് തോന്നുന്നു," രോഹിത് പോസ്റ്റിൽ എഴുതി.
മന്ത്രിക്കെതിരെ സുപ്രിയ സുലെ എംപിയും രംഗത്തെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 750 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നും അപ്പോഴും മന്ത്രി ഗെയിം കളിക്കുകയാണെന്നുമായിരുന്നു സുപ്രിയ സുലെ പറഞ്ഞത്. മന്ത്രി രാജിവെയ്ക്കണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ മണിക്റാവുവിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സുപ്രിയ സുലെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.