കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ കേസ്. താമരശ്ശേരി പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്ഐ നല്കിയ പരാതിയിലാണ് നടപടി. വിദേശത്തുള്ള ആബിദ് ഫേസ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്.
വി എസിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട, ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐയുടെ പരാതിയിലായിരുന്നു നടപടി. വി എസിനെ അവഹേളിച്ച നഗരൂര്‍ നെടുംപറമ്പ് സ്വദേശിയും അധ്യാപകനുമായ അനൂപിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വി എസിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ അധിക്ഷേപിച്ചുകൊണ്ട് ഇയാള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. വി എസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നീലേശ്വരം, കുമ്പള ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതിഷേധങ്ങളെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെ ഇസ്ലാംമതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇയാളുടെ താമരശ്ശേരിയിലെ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ പോസ്റ്റർ പതിച്ചിരുന്നു.
21ന് വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് വി എസിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. ഇതിനെതിരെ സിപിഐഎം നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു. കൊടിയ വിഷങ്ങള്‍ക്കെല്ലാം നല്ല ചികിത്സ കൊടുത്ത മണ്ണാണ് കേരളത്തിന്റേതെന്നും ഇവിടുത്തെ മതേതര ഇടത്തെ അങ്ങനെയങ്ങ് തകര്‍ത്ത് വീതംവെച്ചെടുക്കാന്‍ ഒരു വര്‍ഗീയ വിഷകോമരങ്ങള്‍ക്കും സാധിക്കില്ലെന്നുമാണ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞത്. ഒരു മനുഷ്യായുസ് മുഴുവന്‍ മത തീവ്രവാദികളോട് ഒരു കോമ്പ്രമൈസും ചെയ്യാതെ ഈ നാടിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ആളാണ് വി എസെന്നും അങ്ങനെ ഒരു മനുഷ്യനെ അന്ത്യനാളുകളില്‍ മത മൗലികവാദിയാക്കാന്‍ ശ്രമിക്കുന്ന മത തീവ്രവാദികളെ നാട് തിരിച്ചറിയുന്നുണ്ട് എന്നുമായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.