ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുനേരെ ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ സൈനിക നടപടി നിര്‍ത്തിവെച്ചത് സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
മുന്‍കൂട്ടി നിശ്ചയിച്ച രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങള്‍ കൈവരിച്ചതിനാലാണ് ഇന്ത്യ നടപടികള്‍ നിര്‍ത്തിവെച്ചതെന്ന് രാജനാഥ് സിങ് പറഞ്ഞു. ഓപ്പറേഷന് സിന്ദൂരുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലെ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
തന്റെ ഇടപെടല്‍ മൂലമാണ് ഇന്ത്യ-പാകിസ്താന് യുദ്ധം അവസാനിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ അവകാശവാദത്തെ രാജനാഥ് തള്ളുകയും ചെയ്തു. 'ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം മൂലമാണ് ഈ ഓപ്പറേഷന് നിര്‍ത്തിവെച്ചതെന്ന് പറയുന്നത് അടിസ്ഥാനരഹിതവും തികച്ചും തെറ്റുമാണ്... എന്റെ രാഷ്ട്രീയ ജീവിതത്തില്‍, ഞാന്‍ ഒരിക്കലും നുണ പറയാതിരിക്കാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്' രാജ്നാഥ് പറഞ്ഞു.
ഓപ്പറേഷന് സിന്ദൂരിന്റെ ലക്ഷ്യം അതിര്‍ത്തി കടക്കുകയോ അവിടുത്തെ പ്രദേശം പിടിച്ചെടുക്കുകയോ ആയിരുന്നില്ല. വര്‍ഷങ്ങളായി പാകിസ്താന് പരിപോഷിപ്പിച്ചുവന്ന ഭീകരവാദത്തിന്റെ ഈറ്റില്ലങ്ങളെ ഇല്ലാതാക്കുക എന്നതായിരുന്നു ഓപ്പറേഷന് സിന്ദൂര്‍ ആരംഭിച്ചതിന്റെ ലക്ഷ്യം. ആ ലക്ഷ്യം ഇന്ത്യ കൈവരിച്ചതോടെ നടപടികള്‍ നിര്‍ത്തിവെച്ചു. മെയ് 10-ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ഒന്നിലധികം വ്യോമതാവളങ്ങളില്‍ ശക്തമായി പ്രഹരിച്ചപ്പോള്‍, പാകിസ്താന് പരാജയം സമ്മതിക്കുകയും വെടിനിര്‍ത്തലിന് സന്നദ്ധത അറിയിക്കുകയും ചെയ്തു.
അവര്‍ നമ്മുടെ ഡിജിഎംഒ-യോട് സംസാരിക്കുകയും നടപടികള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ഓപ്പറേഷന് താല്‍ക്കാലികമായി നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന വ്യവസ്ഥയോടെ ഈ വാഗ്ദാനം സ്വീകരിച്ചു. ഭാവിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള നടപടികളുണ്ടായല്‍ ഈ ഓപ്പറേഷന് പുനരാരംഭിക്കുന്നതാണ്...' രാജ്നാഥ് സിങ് പറഞ്ഞു.
ഓപ്പറേഷന് സിന്ദൂരിനിടെ ഇന്ത്യക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തി പ്രതിപക്ഷത്തെ രാജ്നാഥ് വിമര്‍ശിക്കുകയും ചെയ്തു. 'നമ്മുടെ എത്ര വിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്ന് പ്രതിപക്ഷത്തെ ചുരുക്കം ചിലര്‍ മാത്രമേ ചോദിച്ചിട്ടുള്ളൂ? അവരുടെ ചോദ്യം നമ്മുടെ ദേശീയ വികാരത്തെ വേണ്ടവിധം പ്രതിനിധീകരിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു.
നമ്മുടെ സായുധ സേന എത്ര ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്ന് അവര്‍ ഞങ്ങളോട് ചോദിച്ചിട്ടില്ല. അവര്‍ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ടെങ്കില്‍, ഇന്ത്യ തീവ്രവാദ കേന്ദ്രങ്ങള്‍ നശിപ്പിച്ചോ എന്നതായിരിക്കണം, അതിനുള്ള ഉത്തരം, അതെ എന്നാണ്... നിങ്ങള്‍ക്ക് ഒരു ചോദ്യം ചോദിക്കാനുണ്ടെങ്കില്‍, ഇത് ചോദിക്കുക: ഈ ഓപ്പറേഷനില്‍ നമ്മുടെ ധീരരായ സൈനികര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റോ? ഉത്തരം, ഇല്ല, നമ്മുടെ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല' രാജ്നാഥ് സിങ് പറഞ്ഞു.
എസ്-400, ആകാശ് മിസൈല്‍ സംവിധാനം തുടങ്ങിയവ വളരെ ഉപയോഗപ്രദമാണെന്ന് തെളിയുകയും പാകിസ്താന്റെആക്രമണത്തെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുകയും ചെയ്തുവെന്നും രാജ്നാഥ് പറഞ്ഞു.
'ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ സൈനിക നടപടിയില്‍ നൂറിലധികം ഭീകരരും അവരുടെ പരിശീലകരും നടത്തിപ്പുകാരും സഹായികളും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ജെയ്ഷെ-മുഹമ്മദ്, ലഷ്കര്‍-ഇ-ത്വയ്യിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നു' രാജ്നാഥ് പറഞ്ഞു. 22 മിനിറ്റിനുള്ളില്‍ ഈ ഓപ്പറേഷന് അവസാനിപ്പിച്ചതായും പ്രതിരോധ മന്ത്രി പറഞ്ഞു.
സ്വയം പ്രതിരോധത്തിനായിരുന്നു ഇന്ത്യയുടെ സൈനിക നടപടി. മെയ് 10 ന് പാകിസ്താന് ഇന്ത്യയ്ക്കെതിരെ മിസൈലുകള്‍, ഡ്രോണുകള്‍, റോക്കറ്റുകള്‍, മറ്റ് ദീര്‍ഘദൂര ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് വലിയ തോതിലുള്ള ആക്രമണം നടത്തിയെന്നും രാജ്നാഥ് പറഞ്ഞു.എന്നാല്‍ നമ്മുടെ വ്യോമ പ്രതിരോധ സംവിധാനവും, ഡ്രോണ്‍ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് പാകിസ്താന്റെ ഈ ആക്രമണം പൂര്‍ണ്ണമായും പരാജയപ്പെടുത്തി എന്ന് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാജ്നാഥ് വ്യക്തമാക്കി.
പാകിസ്താന് നമ്മുടെ ലക്ഷ്യങ്ങളിലൊന്നും ആക്രമണം നടത്താന്‍ കഴിഞ്ഞില്ല, നമ്മുടെ പ്രധാനപ്പെട്ട വസ്തുക്കള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. നമ്മുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അജയ്യമായിരുന്നു, എല്ലാ ആക്രമണങ്ങളും പരാജയപ്പെടുത്തിയെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.