ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ആഗോള സഹകരണത്തിനായി ഒരു സംഘടന വേണമെന്ന് ചൈന :ലോക എഐ സമ്മേളനത്തിലാണ് ചൈനയുടെ നീക്കം

ചൈന : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ആഗോള സഹകരണത്തിനായി ഒരു സംഘടന വേണമെന്ന് ചൈന. ഷാങ്ഹായില്‍ നടക്കുന്ന വാര്‍ഷിക ലോക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്മേളനത്തിലാണ് ചൈനയുടെ ഈ നീക്കം. എഐ രംഗത്ത് യുഎസിന് പകരം സ്വന്തം നേതൃത്വത്തില്‍ ആഗോള സഖ്യം കെട്ടിപ്പടുക്കുകയാണ് ചൈന ലക്ഷ്യമിടുന്നത്.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന എഐ സാങ്കേതിക വിദ്യയെ നിയന്ത്രിക്കാനുള്ള ആഗോള ശ്രമങ്ങള്‍ ഏകോപിപ്പിക്കാനും രാജ്യത്തെ എഐ മുന്നേറ്റങ്ങള്‍ പങ്കുവെക്കാനും ചൈന ഈ സംഘടനയിലൂടെ ആഗ്രഹിക്കുന്നുവെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

അതേസമയം ആഗോള തലത്തില്‍ എഐ രംഗത്ത് യുഎസിന്റെ ശക്തി വളര്‍ത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന സമീപനമാണ് ട്രംപ് ഭരണകൂടത്തിന്. ഇതിനായി എഐ കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ യുഎസ് ലഘൂകരിക്കുകയാണ്. ഇതുവഴി യുഎസിന്റെ എഐ ഉത്പന്നങ്ങളുടെ തടസങ്ങളില്ലാത്ത കയറ്റുമതിയും സുഗമമായ എഐ അടിസ്ഥാനസൗകര്യ വികസനവും സാധ്യമാവും.

എന്നാല്‍ എഐ ഉള്‍പ്പടെ സാങ്കേതികവിദ്യാ രംഗത്ത് യുഎസും ചൈനയും കടുത്ത മത്സരം നിലനില്‍ക്കുകയാണ്. എഐ രംഗത്ത് ചൈനയുടെ മുന്നേറ്റങ്ങള്‍ തടാനുള്ള ശ്രമങ്ങള്‍ യുഎസ് നടത്തിവരുന്നുണ്ട്. സാങ്കേതിക വിദ്യയും അപൂര്‍വ മൂലകങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പടെ ചൈനയും അതേപടി യുഎസിന് മറുപടി നല്‍കുന്നുണ്ട്. എഐ രംഗത്ത് തങ്ങളുടെ നേതൃത്വം ഉറപ്പിക്കാനുള്ള യുഎസ് ശ്രമങ്ങള്‍ക്ക് അതേ നാണയത്തിലുള്ള മറുപടിയായാണ് ചൈന പുതിയ സംഘടനയ്ക്കായി ശ്രമിക്കുന്നത്.

എഐ തുറന്ന രീതിയില്‍ പങ്കിടണമെന്നും എല്ലാ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും അത് ഉപയോഗിക്കാന്‍ തുല്യ അവകാശങ്ങളുണ്ടായിരിക്കണമെന്നും ചൈന ആഗ്രഹിക്കുന്നുവെന്ന് ലി പറഞ്ഞു. എഐ രംഗത്തെ തങ്ങളുടെ മുന്നേറ്റവും ഉത്പന്നങ്ങളും മറ്റ് രാജ്യങ്ങളുമായി പ്രത്യേകിച്ചും ഗ്ലോബല്‍ സൗത്ത് എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളുമായി പങ്കിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ അര്‍ദ്ധഗോളത്തിലെ വികസ്വരരാജ്യങ്ങളേയും വരുമാനംകുറവുള്ള രാജ്യങ്ങളേയും വ്യവസായ വത്കരണം കുറഞ്ഞ രാജ്യങ്ങളേയുമാണ് ഗ്ലോബല്‍ സൗത്ത് എന്ന് വിളിക്കുന്നത്.

എഐ ഉയര്‍ത്തുന്ന ഭീഷണികള്‍ എങ്ങനെ നിയന്ത്രിക്കണം എന്നതാണ് മറ്റൊരു പ്രശ്‌നം. എഐ ചിപ്പുകളുടെ അപര്യാപ്തതയും കഴിവുകളുടെ കൈമാറ്റത്തിനുള്ള നിയന്ത്രണങ്ങളും തടസങ്ങളാണ്. ആഗോള തലത്തില്‍ എഐയുടെ നിയന്ത്രണം താറുമാറായിരിക്കുകയാണ്. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ നിയമങ്ങള്‍ എന്നിവയിലെല്ലാം രാജ്യങ്ങള്‍ തമ്മില്‍ അന്തരങ്ങള്‍ നിലനില്‍ക്കുന്നു. വിശാലമായ സമവായമുള്ള ഒരു ആഗോള എഐ നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കാന്‍ നമ്മള്‍ എകോപനം ശക്തമാക്കണമെന്നും ലി സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.

ലോകം വീണ്ടുമൊരു ശീതയുദ്ധത്തിലേക്കോ ?

ശീതയുദ്ധകാലത്ത് യുഎസും സോവിയറ്റ് യൂണിയനും തമ്മില്‍ സകലമേഖലയിലും നിലനിന്ന കിടമത്സരത്തിന് തുല്യമാണ് ഇപ്പോള്‍ യുഎസും ചൈനയും തമ്മിലുള്ള മത്സരം. സാങ്കേതിക വിദ്യയിലും മറ്റ് വ്യവസായ രംഗത്തും ചൈനയെ മുഖ്യശത്രുവായാണ് യുഎസ് കാണുന്നതും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതും. ഈ രണ്ട് സാമ്പത്തിക ശക്തികളും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗം വേദിയാകുന്ന കാഴ്ചയാണിപ്പോള്‍.

എന്‍വിഡിയയുടെ എഐ ചിപ്പുകള്‍ ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് യുഎസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ എഐ വളര്‍ച്ചയ്ക്ക് തടയിടാനാണ് ഈ നീക്കം. സാങ്കേതിക വിദ്യകള്‍ ചൈന സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അത് തങ്ങള്‍ക്ക് ഭീഷണിയാണെന്നുമാണ് യുഎസിന്റെ പക്ഷം.

ഈ നിയന്ത്രണങ്ങള്‍ക്കിടയിലും എഐ രംഗത്ത് വന്‍ മുന്നേറ്റമാണ് ചൈന നടത്തിവരുന്നത്. ഡീപ്പ് സീക്ക് പോലുള്ള ശക്തമായ എഐ മോഡലുകള്‍ ചൈനയില്‍ നിന്നു വന്നിട്ടുണ്ട്.

ഈ വെല്ലുവിളികള്‍ മറികടക്കാന്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ചൈന. പുതിയ സംഘടനയിലൂടെ എഐ രംഗത്ത് സഹകരണം ശക്തമാക്കാനാണ് ചൈന ആഗ്രഹിക്കുന്നതെന്നും അതിന്റെ ആസ്ഥാനം ഷാങ്ഹായില്‍ വേണമെന്നാണ് ആഗ്രഹമെന്നും റഷ്യ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, ദക്ഷിണ കൊറിയ, ജര്‍മനി ഉള്‍പ്പടെ 30 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത വട്ടമേശ യോഗത്തില്‍ ചൈനീസ് വിദേശകാര്യ സഹമന്ത്രി മാ ഷാക്‌സോ പറഞ്ഞു.

ഗവണ്‍മെന്റുകള്‍, അന്താരാഷ്ട്ര സംഘടനകള്‍, സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ ഒരുമിച്ച് പ്രവര്‍ത്തിക്കാനും അതിര്‍ത്തി കടന്നുള്ള ഓപ്പണ്‍ സോഴ്സ് കമ്മ്യൂണിറ്റിയിലൂടെ അടക്കം അന്താരാഷ്ട്രതലത്തിലുള്ള സാങ്കേതിക വിദ്യാ കൈമാറ്റം പ്രോത്സാഹിപ്പിക്കാനും ക്ഷണിച്ചുകൊണ്ടുള്ള ഒരു കര്‍മപദ്ധതിയും ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈനായി പുറത്തിറക്കി.

ഇത്തവണത്തെ ഷാങ്ഹായ് ലോക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്മേളനത്തില്‍ 800 ല്‍ ഏറെ കമ്പനികളാണ് പങ്കെടുക്കുന്നത്. 3000 ല്‍ ഏറെ അത്യാധുനിക സാങ്കേതിക വിദ്യാ ഉത്പന്നങ്ങളും 40 ലാര്‍ജ് ലാംഗ്വേജ് മോഡലുകളും, 50 എഐ അധിഷ്ഠിത ഉപകരണങ്ങളും 60 ഇന്റലിജന്റ് റോബോട്ടുകളും പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചൈനീസ് കമ്പനികളാണ് ഇതില്‍ കൂടുതലും. ടെസ്ല, ആല്‍ഫബെറ്റ്, ആമസോണ്‍ പോലുള്ള കമ്പനികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !