കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കുമെന്നും ഇതിനു സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘നിങ്ങള്‍ പിന്നെ എന്നെ കാണില്ല’ എന്നാണ് സതീശൻ മാധ്യമങ്ങളോടു പറഞ്ഞത്.
വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് 98 സീറ്റുകൾ നേടി അധികാരത്തിലെത്തിയാൽ താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പദം രാജിവയ്ക്കാൻ തയാറാണെന്ന് വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചിരുന്നു. മറിച്ചായാൽ സതീശൻ പദവികൾ രാജിവച്ച് രാഷ്ട്രീയ വനവാസത്തിനു പോകണം, ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. 98 സീറ്റ് എന്നാണ് വെള്ളാപ്പള്ളി പറഞ്ഞതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ‘‘97 വരെ അദ്ദേഹത്തിന് സംശയമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു നേതാവ് യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് സമ്മതിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്ത് അത് 100നു മുകളിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ വെള്ളാപ്പള്ളി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും അദ്ദേഹം ആജീവനാന്തം അവിടെ ഇരുന്നോട്ടെ എന്നും സതീശൻ പറഞ്ഞു. തനിക്ക് വെള്ളാപ്പള്ളിയോട് വിരോധമൊന്നുമില്ലെന്നും എന്തുകൊണ്ടാണ് തന്നെക്കുറിച്ച് ഈഴവ വിരോധിയെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും സതീശൻ പ്രതികരിച്ചു. ആർക്കുവേണ്ടിയാണ് വെള്ളാപ്പള്ളി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും സതീശൻ ചോദിച്ചു.
വെള്ളാപ്പള്ളിക്ക്് എതിരായി താൻ മോശമായ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് സതീശൻ പറഞ്ഞു. ‘‘ഞാൻ ശ്രീനാരായണീയനാണ്, ശ്രീനാരായണ ദർശനങ്ങൾ ഉൾക്കൊള്ളുന്ന, അത് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആളാണ്. എന്നാൽ നാട്ടിൽ ആരെങ്കിലും വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ യുഡിഎഫ് അതിനെ ശക്തമായി നേരിടും. സിപിഎം ഇറക്കുന്നതു പോലുള്ള പ്രസ്താവനകളൊന്നുമായിരിക്കില്ല. ന്യൂനപക്ഷ വർഗീയത പറഞ്ഞാലും ഭൂരിപക്ഷ വർഗീയത പറഞ്ഞാലും ഞങ്ങൾ എതിർക്കും. കേരളത്തെ രക്ഷിക്കാനുള്ള പദ്ധതികളു പരിപാടികളും ഞങ്ങളുടെ കയ്യിലുണ്ട്. അത് സമയമാകുമ്പോൾ പ്രഖ്യാപിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്ത് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും’’– സതീശൻ പറഞ്ഞു.
താൻ കണ്ടതിൽ വച്ച് ഏറ്റവും അഹങ്കാരവും ധാർഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന സതീശന്റെ പ്രസ്താവനയെ പരിഹസിച്ച വെള്ളാപ്പള്ളി അങ്ങനെയെങ്കിൽ കാക്ക മലർന്നു പറക്കുമെന്നും പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.