ബെംഗളൂരു : രാജ്യത്തെ വമ്പൻ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിലാണ് ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുന്നത്. മിഡിൽ, സീനിയർ മാനേജ്മെന്റ് തലത്തിലുള്ള 12,200 പേർക്ക് ജോലി നഷ്ടമാകുമെന്നാണു സൂചന.ടിസിഎസിന് ഏകദേശം 6,13,000 ജീവനക്കാരാണുള്ളത്. വിവിധ പ്രവർത്തനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് (എഐ അഥവാ നിർമിത ബുദ്ധി) സാങ്കേതിക വിദ്യയെ വിന്യസിക്കുന്നതിനാലാണു പുതിയ നടപടിയെന്ന് സൂചനയുണ്ട്. ആഗോള തലത്തിൽ ഐടി കമ്പനികൾ ജീവനക്കാരെ കുറയ്ക്കുന്ന പ്രവണത നിലവിലുണ്ട്. കമ്പനിയുടെ സേവനങ്ങള്‍ തടസ്സപ്പെടാത്ത രീതിയിലായിരിക്കും തൊഴില്‍ പുനക്രമീകരണം നടപ്പിലാക്കുകയെന്നു ടിസിഎസ് പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഐടി രംഗത്ത് ഭാവി സുനിശ്ചിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
നിർമിത ബുദ്ധിയുടെ കടന്നു വരവാണു ജോലി വെട്ടിക്കുറയ്ക്കലിന് ഇടയാക്കിയതെന്ന വാർത്തകൾ ടിസിഎസ് അധികൃതർ നിഷേധിച്ചു. ഐടി മേഖലയിൽ പ്രവര്‍ത്തന രീതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഭാവിക്കായി സജ്ജമാകേണ്ടതുണ്ടെന്നും ടിസിഎസ് സിഇഒ കെ.കൃതിവാസന്‍ ദേശീയമാധ്യമങ്ങളോടു പറഞ്ഞു. നിര്‍മിതബുദ്ധിപോലുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും പ്രവര്‍ത്തന രീതികളിലെ മാറ്റങ്ങളെക്കുറിച്ചും കമ്പനി ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക മേഖലകളിൽ നിക്ഷേപം നടത്താനും പുതിയ വിപണികളിൽ പ്രവേശിക്കാനും അടുത്ത തലമുറയിലേക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് കമ്പനിയുടെ ശ്രദ്ധയെന്നും അധികൃതർ പറഞ്ഞു. 283 ബില്യൻ ഡോളറിന്‍റെ വരുമാനമാണ് ഇന്ത്യന്‍ ഐടി മേഖല പ്രതിവര്‍ഷമുണ്ടാക്കുന്നത്. ഇന്ത്യൻ ഐടി മേഖലയിൽ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടിസിഎസിന്‍റെ ആസ്ഥാനം മുംബൈയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.