ആശുപത്രി കിടക്കയിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച് അവശ നിലയിൽ ആണ് എലിസബത്ത് സംസാരിക്കുന്നത്. താൻ മരിച്ചാൽ അതിനു ഉത്തരവാദികൾ മുൻ ഭർത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്ന് എലിസബത്ത് പറയുന്നു. സ്ത്രീകൾ പരാതി നൽകിയാൽ നീതി ലഭിക്കും എന്ന് കേട്ടിട്ടുണ്ടെങ്കിലും തന്റെ കാര്യത്തിൽ ഒന്നും നടന്നില്ല. സോഷ്യൽ മീഡിയയിൽ എല്ലാം വിളിച്ചു പറയുകയും മുഖ്യമന്ത്രിയുടെ അടുത്ത് വരെ പരാതി നൽകുകയും ചെയ്തു. താൻ മരിച്ചു കഴിഞ്ഞാലും തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. ഇങ്ങനെ ഒരു വിഡിയോ പങ്കുവയ്‌ക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും ഇനിയും ഒരുപാട് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നുണ്ടെന്നും എലിസബത്ത് ഉദയൻ പറയുന്നു. ആശുപത്രിയിൽ കടക്കുകയാണെങ്കിലും തനിക്ക് എന്തു പറ്റിയെന്നോ ഏത് ആശുപത്രിയിലാണെന്നോ എലിസബത്ത് ഉദയൻ വ്യക്തമാക്കിയിട്ടില്ല. മരിക്കുന്നതിന് മുൻപെങ്കിലും എനിക്ക് നീതി കിട്ടുമോ എന്ന തലക്കെട്ടോടെയാണ് എലിസബത്ത് വിഡിയോ പങ്കുവച്ചത്. ‘‘ഈ അവസ്ഥയിൽ വിഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം വലിച്ചെടുക്കുന്ന കുളയട്ട എന്നൊക്കെ പറഞ്ഞ് പല ഭീഷണി വിഡിയോകൾ ചെയ്തും കൗണ്ടർ കേസുകൾ നൽകിയും അവർ എന്നെ തളർത്തി. എന്നെ വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. ആളുകളുടെ മുന്നിൽ വച്ച് ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്‌ഷനും അഭിമുഖങ്ങളും നടത്തിയതുമൊക്കെ എന്തിനാണെന്ന് എനിക്ക് അറിയില്ല.
ഞാൻ ഇപ്പോൾ മരിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി ആ വ്യക്തി ആണ്. ഞാൻ മുഖ്യമന്ത്രിക്കും പൊലീസിനും ഒക്കെ പരാതി കൊടുത്തിരുന്നു. പക്ഷേ ആരും എന്റെ പരാതി കാര്യമാക്കിയില്ല. ഒരുതവണ വീട്ടിൽ വന്നു അന്വേഷിച്ചിരുന്നു ഇപ്പോൾ അതിന്റെ അവസ്ഥ അറിയില്ല. കോടതിയിൽ കേസ് നടക്കുന്നുണ്ട്. കുറെ തവണ പ്രതിയും വക്കീലും കോടതിയിൽ വന്നില്ല. ഒടുവിലത്തെ തവണ വക്കീൽ കോടതിയിൽ വന്നപ്പോൾ അയാൾക്ക് തീരെ പണമില്ലാത്ത ആളാണ് എന്നാണ് കൗണ്ടർ പെറ്റീഷൻ കൊടുത്തിരിക്കുന്നത്. 250 കോടി ഉണ്ട് എന്ന് പറയുന്ന ആളാണ്. സ്ത്രീകൾ കേസ് കൊടുത്താൽ സ്ത്രീകൾക്ക് പ്രാധാന്യം കിട്ടും എന്നൊക്കെ ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ എല്ലാം വിളിച്ചു പറഞ്ഞു, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു, കോടതിയിൽ കേസ് കൊടുത്തു, പക്ഷേ എനിക്ക് നീതി കിട്ടിയിട്ടില്ല. ഞാനിപ്പോൾ ആശുപത്രിയിലാണ് കിടക്കുന്നത്. സംശയമുണ്ടെങ്കിൽ ടെസ്റ്റുകളും സ്റ്റേറ്റ്മെന്റും എല്ലാം പരിശോധിച്ച് നോക്കാം, ഞാൻ മരിക്കുകയാണെങ്കിൽ ഈ ഒരാൾ എന്നെ ചതിച്ചതു കാരണമാണ്, അയാൾ എന്നെ ശാരീരികമായി ഉപദ്രവിച്ചു, മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി, അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും. എങ്ങനെയെങ്കിലും നീതി ലഭിക്കുന്നെങ്കിൽ ലഭിക്കട്ടെ എന്നുകരുതിയാണ്. എല്ലാവരും പറയും പെൺകുട്ടികൾക്കു നീതി ലഭിക്കുമെന്ന്. പക്ഷേ നീതി ലഭിക്കുന്നത് കാശുള്ളവനും വലിയവനുമാണെന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. ഇതു പോസ്റ്റ് ചെയ്തു കഴിഞ്ഞ് എനിക്ക് എന്താകും എന്നറിയില്ല, ഞാൻ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ല. ഇതൊക്കെ എല്ലാവരോടും പറയണം എന്ന് തോന്നി. പറയാതെ മരിച്ചു പോയാൽ അതിൽ കാര്യമില്ലല്ലോ. എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് എല്ലാം അടങ്ങണം.
ഇവിടെ പരാതി കൊടുക്കാൻ നോക്കിയപ്പോഴും എന്തൊക്കെയോ തടസങ്ങൾ പറയുന്നുണ്ട്. ഒരു സ്ത്രീക്ക് നീതി കിട്ടാൻ ഇത്ര പാടാണോ എന്ന് അറിയില്ല. നിങ്ങള്‍ പറ, അതൊരു കല്യാണമായി നടത്തിയതല്ലേ, ഇൻവിറ്റേഷൻ കാർഡ് വരെ അച്ചടിച്ചതാണ്. ഭാര്യ, ഭാര്യ എന്നു പറഞ്ഞു കൊണ്ടു നടന്നു. ഇതു പറ്റിക്കലല്ലേ? അതിനു കേസ് കൊടുക്കേണ്ടതല്ലേ? ഇനി എന്തു സംഭവിക്കും എന്നറിയില്ല. എനിക്ക് ഭയങ്കരമായി വിഷമം ആകുന്നു, ഇപ്പൊ ഇതെല്ലാം പറയണം എന്ന് തോന്നി. രണ്ടുപേർക്കും ഓർഡർ വന്നിട്ടുണ്ട്, ഇരുവരുടെയും കാര്യത്തിൽ ഇടപെടാൻ പാടില്ല, വിഡിയോ ഇടാൻ പാടില്ല എന്നൊക്കെ പറഞ്ഞ്. എന്നിട്ടും അയാൾ പങ്കുവച്ച അവസാന വിഡിയോ എന്നെ ഭീഷണിപ്പെടുത്തുന്നതായിരുന്നു. പല പേരുകൾ പറഞ്ഞ് പോസ്റ്റ് ചെയ്യും, അത് ഡോക്ടറെ അല്ല ഉദ്ദേശിച്ചതെന്നൊക്കെ പൊലീസിനോടും പറയാം. പൊലീസ് കേസും എടുക്കില്ല. ഞാൻ ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല. ഞാൻ നീതിക്കു വേണ്ടി പരമാവധി പോരാടി. ഇതോടു കൂടി എല്ലാം അവസാനിക്കുമോ എന്നറിയില്ല. മാസത്തിൽ രണ്ടു തവണ വക്കീലിന് പണം കൊടുത്ത് കേസിനു ഹാജരായി എനിക്ക് മതിയായി. കേസ് കൊടുത്തത് അബദ്ധമായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. ഇത്രയൊക്കെ ഒരു പെണ്ണ് കരഞ്ഞു പറഞ്ഞിട്ടും നിങ്ങൾക്കൊന്നും ചെവിക്കൊള്ളാൻ പറ്റിയില്ലെങ്കിൽ, ഞാൻ മരിച്ചാലെങ്കിലും ഇവിടുത്തെ സിസ്റ്റം മാറുമോ എന്നു നോക്കാം. പല തെളിവുകളും തുറന്നു പറഞ്ഞു, കേസ് കൊടുത്തിട്ടും ഒന്നും സംഭവിച്ചില്ല. എനിക്ക് ഇതുവരെ സ്നേഹവും പിന്തുണയും തന്ന എല്ലാവരോടും നന്ദിയുണ്ട്.’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.