അമേരിക്ക :അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍നിന്ന് 3,870 ജീവനക്കാര്‍ രാജിവെക്കുന്നു. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബഹിരാകാശ ഏജന്‍സിയുടെ പുനഃസംഘടനയുടെ ഭാഗമായി 2025-ല്‍ ആരംഭിച്ച ഡെഫേഡ് റെസിഗ്നേഷന്‍ പ്രോഗ്രാമിന് കീഴില്‍ലാണ് ഇത്രയധികം ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂട്ടരാജിയോടെ നാസയിലെ സിവില്‍ സര്‍വീസ് ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും. ഇത് ഏജന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വമേധയാ ഉള്ള പിരിഞ്ഞുപോകലുകളില് ഒന്നാണ്. കൂടുതല്‍ കാര്യക്ഷമതയും ചിട്ടയുമുളള ഒരു സ്ഥാപനമായി മാറുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നാസ വ്യക്തമാക്കി. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉള്‍പ്പെടെയുള്ള പര്യവേക്ഷണത്തിന്റെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നാം കടക്കുമ്പോള്‍ സുരക്ഷ ഒരു പ്രധാന മുന്‍ഗണനയാണെന്നും നാസ പറയുന്നു.
രാജിയുടെ ആദ്യ ഘട്ടം 2025-ന്റെ തുടക്കത്തില്‍ ആരംഭിച്ചിരുന്നു. ആ സമയത്ത് ഏജന്‍സിയിലെ 4.8 ശതമാനം വരുന്ന 870 ജീവനക്കാര്‍ രാജിക്ക് തയ്യാറായി. ജൂണില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍, 16.4 ശതമാനം വരുന്ന 3,000 ജീവനക്കാര്‍ പിരിഞ്ഞുപോകാന്‍ സമ്മതിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവിയില്‍ ഉണ്ടാകാവുന്ന നിര്‍ബന്ധിത പിരിച്ചുവിടലുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. പദ്ധതിയിലെ പങ്കാളിത്തം സ്വമേധയാ ഉള്ളതാണെന്നും രാജിക്കത്തുകള്‍ ഇപ്പോഴും പരിശോധനയിലാണെന്നും നാസ പറയുന്നു.
എന്നാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നാസയുടെ ദൗത്യങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ഏജന്‍സിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നാസയിലെ ഇപ്പോഴത്തെയും മുന്‍പത്തെയും നൂറുകണക്കിന് ജീവനക്കാര്‍ ഒപ്പിട്ട ഒരു കത്ത് യുഎസ് ഗതാഗത വകുപ്പിന്റെ തലവന്‍ കൂടിയായ ഇടക്കാല അഡ്മിനിസ്ട്രേറ്റര്‍ ഷോണ്‍ ഡഫിക്ക് അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് നാസ സിവില്‍ സര്‍വന്റ് ജീവനക്കാരെ ഇതിനകം പിരിച്ചുവിടുകയോ അവര്‍ രാജിവയ്ക്കുകയോ അല്ലെങ്കില്‍ നേരത്തെ വിരമിക്കുകയോ ചെയ്തിട്ടുണ്ടെന്നും നാസയുടെ ദൗത്യം നിര്‍വഹിക്കുന്നതിന് അത്യന്താപേക്ഷിതമായ അറിവുകളാണ് ഇവര്‍ക്കൊപ്പം നഷ്ടമാകുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപകട സാധ്യതകളടക്കം വിലയിരുത്തി ഭരണകൂടം നയം പുനഃപരിശോധിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ട്രംപിന്റെ വിവാദമായ ഫെഡറല്‍ പരിഷ്കാരങ്ങളാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഇത് അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.