തിരുവനന്തപുരം : ഈ അധ്യയനവര്‍ഷം കുട്ടികള്‍ റോബോട്ടിനെക്കുറിച്ചും പഠിക്കും. പ്രായോഗിക പരിശീലനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന വാതിലുകളും ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സറുമെല്ലാം നിര്‍മിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി റോബോട്ടുകളുടെ ലോകം തുറക്കുന്നത്.
പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്സ് മേഖലയില്‍ പഠനവും പ്രായോഗിക പരിശീലനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇതിനായി വയനാട് ജില്ലയിലെ 85 സ്കൂളുകളില്‍ 662 കിറ്റുകള്‍ കഴിഞ്ഞദിവസങ്ങളില്‍ എത്തിച്ചു. പത്താംക്ലാസിലെ പുതിയ ഐസിടി പാഠ :പുസ്തകത്തിലെ 'റോബോട്ടുകളുടെ ലോകം' എന്ന ആറാം അധ്യായത്തെ ആസ്പദമാക്കിയാണ് പഠനം.
സര്‍ക്യൂട്ട് നിര്‍മാണം, സെന്‍സറുകളുടെയും ആക്ചുവേറ്ററുകളുടെയും ഉപയോഗം, കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പാഠഭാഗത്തിലുള്ളത്. കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര് തയ്യാറാക്കലാണ് ആദ്യപ്രവര്‍ത്തനം. ഇതിന് റോബോട്ടിക് കിറ്റിലെ ആര്‍ഡിനോ ബ്രഡ് ബോര്‍ഡ്, ഐആര്‍ സെന്‍സര്‍, സെര്‍വോ മോട്ടോര്‍, ജമ്പര്‍ വെയറുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തും
എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷന്‍ സംവിധാനത്തിലൂടെ മുഖംതിരിച്ചറിഞ്ഞ് സ്വയംതുറക്കുന്ന സ്മാര്‍ട്ട് വാതിലുകള്‍ തയ്യാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്തുനോക്കേണ്ട പ്രവര്‍ത്തനം.
അഡ്വാന്‍സ്ഡ് കിറ്റുകള്‍ നല്‍കും
'നിലവില്‍ നല്കിയ റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെ ചലിക്കുന്ന റോബോട്ടുകള്‍ ഉള്‍പ്പെടെ നിര്‍മിക്കാന്‍കഴിയുന്ന അഡ്വാന്‍സ്ഡ് കിറ്റുകള്‍ ഈ വര്‍ഷംതന്നെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് ലഭ്യമാക്കും. കൂടുതല്‍ റോബോട്ടിക് കിറ്റുകള്‍ ആവശ്യമുള്ള സ്കൂളുകള്‍ക്ക് അവ നേരിട്ടുവാങ്ങാനും കൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്.' -കെ. അന്‍വര്‍ സാദത്ത്, കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍
നിര്‍മിതികളുമായി റോബോ ഫെസ്റ്റ്
ഈ വര്‍ഷം സ്കൂളുകളില്‍ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും. കൈറ്റിന്റെ ലിറ്റില്‍ കൈറ്റ് ക്ലബ്ബില്‍ അംഗങ്ങളായ എട്ട്, ഒന്‍പത് ക്ലാസിലെ കുട്ടികളുടെയും പത്താംക്ലാസിലെ കുട്ടികളുടെയും നിര്‍മിതികളാണ് ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കുക.
ലിറ്റില്‍ കൈറ്റ് ക്ലബ്ബില്‍ അംഗങ്ങളായ കുട്ടികള്‍ക്ക് മൂന്നുവര്‍ഷമായി റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീമേഖലകളില്‍ പരിശീലനം നല്‍കുന്നുണ്ട്. പത്താം ക്ലാസില്‍ ഐസിടി പാഠപുസ്തകം പഠിപ്പിക്കേണ്ട അധ്യാപകര്‍ക്കും റോബോട്ടിക് പഠനത്തിനായുള്ള പരിശീലനവും തുടങ്ങി. ജില്ലയിലെ 282 അധ്യാപകര്‍ക്കാണ് പ്രത്യേക പരിശീലനം കൈറ്റ് നല്‍കുന്നത്. അധ്യാപകരുടെ പരിശീലനം 31-ന് പൂര്‍ത്തിയാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.