തൃശ്ശൂര്‍: മനുഷ്യക്കടത്ത് കേസില്‍ രണ്ടു കന്യാസ്ത്രീകളടക്കം അഞ്ചുപ്രതികളെയും തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. കമനീസ് കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി വിചാരണയ്ക്കു മുന്‍പുതന്നെ കേസ് റദ്ദാക്കുകയായിരുന്നു.
2022-ല്‍ കോവിഡ് കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ധന്‍ബാദ്-ആലപ്പി എക്സ്പ്രസില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഝാര്‍ഖണ്ഡ് സ്വദേശികളായ മൂന്നു പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന ബന്ധുവിനെ കേസില്‍ ഒന്നാംപ്രതിയാക്കി. ഇയാള്‍ തൃശ്ശൂരില്‍ ജോലിചെയ്തിരുന്നയാളാണ്. ഇവരെ സ്റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍വന്ന ആമ്പക്കാട് സെയ്ന്റ് ജോസഫ് കോണ്‍വെന്റ്, പൂമല ഫാത്തിമ കോണ്‍വെന്റ് എന്നിവിടങ്ങളിലെ മദര്‍ സൂപ്പീരിയര്‍മാരെയാണ് നാലും അഞ്ചും പ്രതികളാക്കിയത്.
മനുഷ്യക്കടത്ത് സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. വീട്ടുജോലിക്കെന്ന വ്യാജേന പെണ്‍കുട്ടികളെ കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. കേസ് ഫയല്‍ചെയ്ത് അറസ്റ്റിലേക്ക് കടക്കുംമുന്‍പ് കുറ്റം ചുമത്തിയവരെല്ലാം മുന്‍കൂര്‍ ജാമ്യംനേടി. കുട്ടികള്‍ മൂന്നാംദിവസം നാട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്നും ബാലവേലയ്ക്കു കൊണ്ടുവന്നതാണെന്നും ഇത് മനുഷ്യക്കടത്താണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍, കുറ്റപത്രത്തെ പിന്തുണയ്ക്കുംവിധം തെളിവുകളൊന്നുംതന്നെയില്ലെന്ന് ജഡ്ജി കെ. കമനീസ് നിരീക്ഷിച്ചു.
പെണ്‍കുട്ടികളെ കൊണ്ടുവന്നത് മാതാപിതാക്കളുടെ പൂര്‍ണസമ്മതത്തോടെയും അവരുടെ ആഗ്രഹത്തിനനുസരിച്ചുമാണ്. അടിമത്തത്തിനോ അതിനുസമാനമായ സാഹചര്യത്തിനോ ബലപ്രയോഗത്തിനോ ലൈംഗികചൂഷണത്തിനോ നിര്‍ബന്ധിത ജോലിചെയ്യിക്കലിനോ തെളിവില്ല. ദുരുപയോഗം, തട്ടിക്കൊണ്ടുപോകല്‍, വഞ്ചന എന്നിവയ്ക്ക് സാക്ഷികളാരും മൊഴിനല്‍കിയിട്ടുമില്ലെന്നും കോടതി പറഞ്ഞു. പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയ അഞ്ചുപേരെയും ഔദ്യോഗികമായി കുറ്റങ്ങളില്‍നിന്ന് ഒഴിവാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.