തിരുവനന്തപുരം ; കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ പണിമുടക്കിൽ പതിവുപോലെ കേരളത്തിൽ മാത്രം ജനജീവിതം മുടങ്ങി.
കടകൾ തുറക്കാൻ അനുവദിക്കാത്ത സമരാനുകൂലികൾ പലയിടത്തും സർക്കാർ ഓഫിസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ പോലെയായിരുന്നു.കേരളത്തിൽ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഫിസുകളിൽ ഹാജർ വളരെ കുറവായിരുന്നു.ബാങ്കുകൾ തുറക്കാനും സമരക്കാർ അനുവദിച്ചില്ല. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് വെട്ടിക്കുറച്ചത് ജനത്തെ വലച്ചു. സ്വകാര്യ വാഹനങ്ങളും ചരക്കുവാഹനങ്ങളും ചിലയിടങ്ങളിൽ തടഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയമായി കൈകോർക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാൻ ലക്ഷ്യമിട്ട് ഭരണ, പ്രതിപക്ഷ സംഘടനകൾ വെവ്വേറെയാണ് പ്രകടനങ്ങൾ നടത്തിയത്. സെക്രട്ടേറിയറ്റിലെ 4,200 ജീവനക്കാരിൽ അറുനൂറോളം പേർ മാത്രമാണ് ജോലിക്കെത്തിയത്. മന്ത്രിമാരും ഓഫിസുകളിൽ എത്തിയില്ല.
തമിഴ്നാട്, പുതുച്ചേരി, അസം, ബിഹാർ, ജാർഖണ്ഡ്, പഞ്ചാബ്, ഒഡീഷ, കർണാടക, ഗോവ, മേഘാലയ, മണിപ്പുർ സംസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നെങ്കിലും ഓഫിസുകളുടെയും മറ്റും പ്രവർത്തനത്തെ ബാധിച്ചില്ല. ഡൽഹിയിലും കാര്യമായ ചലനമുണ്ടാക്കിയില്ല. വൈകിട്ട് ജന്തർ മന്തറിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പൊതുസമ്മേളനം നടത്തി. പണിമുടക്ക് കർണാടകയിൽ ചലനമുണ്ടാക്കിയില്ലെങ്കിലും കേരള ആർടിസി സർവീസുകളെ ഭാഗികമായി ബാധിച്ചു. തമിഴ്നാട്ടിൽ ദേശസാൽകൃത ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു.
കൊൽക്കത്തയിൽ ബാങ്കുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. പണിമുടക്കുദിനത്തിൽ ആക്രമിക്കപ്പെട്ടത് ജലസേചന വകുപ്പ് ജീവനക്കാരൻ കുമളി ∙ മൈനർ ഇറിഗേഷൻ ഓഫിസ് ജീവനക്കാരനു പണിമുടക്ക് അനുകൂലികളുടെ മർദനമേറ്റു. കുമളി തേക്കടി കവലയിൽ പ്രവർത്തിക്കുന്ന ഓഫിസിലെ ജീവനക്കാരനായ വിഷ്ണുവിനാണു മർദനമേറ്റത്. തുറന്നുപ്രവർത്തിച്ചിരുന്ന ഓഫിസ് അടയ്ക്കാൻ സമരാനുകൂലികൾ ആവശ്യപ്പെട്ടെങ്കിലും വിഷ്ണു വഴങ്ങിയില്ല.
ഓഫിസിൽനിന്നു മടങ്ങിയ സമരക്കാർ കൂടുതൽ ആളുകളുമായി എത്തി. ഇതിനിടെ, രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസ് പൂട്ടി വിഷ്ണു താഴെ എത്തിയിരുന്നു. ‘നിനക്ക് ഓഫിസ് അടച്ചാൽ എന്താ’ എന്നു ചോദിച്ച് തട്ടിക്കയറിയ സമരക്കാർ പിന്നീട് ഒരു കടമുറിയുടെ ഷട്ടറിനോടു ചേർത്തുനിർത്തി വിഷ്ണുവിനെ മർദിക്കുകയായിരുന്നു.
പണിമുടക്ക്: ജോലിക്കെത്തിയ അധ്യാപികയെ ദേവികുളത്ത് ക്ലാസ്മുറിയിൽ പൂട്ടിയിട്ടു മൂന്നാർ ∙ പണിമുടക്കു ദിവസം സ്കൂളിലെത്തിയ അധ്യാപികയെ സമരാനുകൂലികൾ ക്ലാസ്മുറിയിൽ 15 മിനിറ്റോളം പൂട്ടിയിട്ടു. ദേവികുളം ഗവ. യുപി സ്കൂൾ അധ്യാപിക വി.ജ്യോതിലക്ഷ്മിയെയാണു ക്ലാസ്മുറിക്കുള്ളിൽ പൂട്ടിയിട്ടത്. ഇന്നലെ രാവിലെ 10നു ശേഷമാണു സംഭവം. കുട്ടികൾ എത്തുന്നതും കാത്തു ക്ലാസിലിരുന്ന അധ്യാപികയോടു സമരക്കാർ, പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു.
ഇതോടെയാണ് അധ്യാപികയെ പുറത്തിറങ്ങാൻ അനുവദിക്കാതെ ക്ലാസ്മുറി പൂട്ടിയത്. സമരാനുകൂലികൾ മടങ്ങിയശേഷം മറ്റ് അധ്യാപകരെത്തിയാണ് അധ്യാപികയെ പുറത്തിറക്കിയത്. പോസ്റ്റ് ഓഫിസിൽ കയറി പോസ്റ്റ്മാന്റെ കരണത്തടിച്ചു ചങ്ങനാശേരി ∙ പോസ്റ്റ് ഓഫിസിൽ കയറി സമരാനുകൂലികൾ പോസ്റ്റ്മാനെ മർദിച്ചു. ചങ്ങനാശേരി ഹെഡ്പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ നാരകത്തറ സ്വദേശി വിഷ്ണു ചന്ദ്രനാണു (32) മർദനമേറ്റത്. ബിഎംഎസ് അനുകൂല ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ ചങ്ങനാശേരി ഡിവിഷനൽ സെക്രട്ടറിയാണു വിഷ്ണു. ഇന്നലെ രാവിലെ 10.30നു നഗരത്തിലൂടെ പ്രകടനം കടന്നുപോകുന്നതിനിടെ ഹെഡ്പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നതുകണ്ട് പത്തോളം സമരാനുകൂലികൾ ഓഫിസിലേക്കു തള്ളിക്കയറി സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു.
സ്ത്രീകളടക്കമുള്ള ജീവനക്കാരോടു ഭീഷണി മുഴക്കുകയും ചെയ്തു. ഇതു ഫോണിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ സമരാനൂകൂലികൾ കരണത്തടിച്ചെന്നും നെഞ്ചിൽ ചവിട്ടി വീഴ്ത്തിയെന്നും വിഷ്ണു പറയുന്നു. സിപിഎം നഗരസഭാംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിനു ശേഷം പോസ്റ്റ് ഓഫിസ് പ്രവർത്തനം നിർത്തിവച്ചു. 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ദുർബലമായ വകുപ്പുകളാണു പൊലീസ് ചുമത്തിയതെന്നാരോപിച്ച്, വിഷ്ണുവിന്റെ സഹോദരനും നീലംപേരൂർ പഞ്ചായത്ത് അംഗവുമായ വിനയചന്ദ്രന്റെയും ബിജെപി പ്രവർത്തകരുടെയും നേതൃത്വത്തിൽ വൈകിട്ടോടെ ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഗുരുവായൂരിൽ അടച്ചിട്ട ഹോട്ടലും അടിച്ചുതകർത്തു ഗുരുവായൂർ ∙ ക്ഷേത്രം പടിഞ്ഞാറേനടയിലെ സൗപർണിക ഹോട്ടൽ പണിമുടക്കനുകൂലികൾ അടിച്ചുതകർത്തു. ജീവനക്കാരെയും ഭക്ഷണം കഴിച്ചിരുന്നവരെയും ഭീഷണിപ്പെടുത്തിയ അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉച്ചയ്ക്ക് 11.45ന് മുൻവാതിൽ പൊളിച്ചാണ് പത്തോളം പേർ ഉള്ളിൽക്കടന്നത്. കാഷ് കൗണ്ടർ തല്ലിപ്പൊളിച്ചും കംപ്യൂട്ടറും ബില്ലിങ് മെഷീനും തകർത്തും സംഘം കൊലവിളി നടത്തി.
മേശ മറിച്ചിട്ടു. ചില്ലുകൾ അടിച്ചു തകർത്തു. ഹോട്ടലിനടുത്തുള്ള ലോഡ്ജിൽ താമസിച്ചിരുന്നവർക്കായി നേരത്തെയുള്ള ഓർഡർ അനുസരിച്ചും സൗപർണികയുടെ മറ്റു 2 ഹോട്ടലുകളിലെ ജീവനക്കാർക്കും വേണ്ടിയാണ് ഭക്ഷണം പാചകം ചെയ്തതെന്നും വാതിൽ അടച്ചിട്ടാണ് വിളമ്പിയതെന്നും ഉടമ സുരേഷ് പറഞ്ഞു. അടച്ച വാതിലാണ് സംഘം തകർത്ത് അകത്തു കടന്നത്. മുദ്രാവാക്യം വിളിച്ച് അൻപതോളം പേർ വന്നെങ്കിലും പത്തോളം പേരാണ് അകത്ത് കടന്നതെന്ന് സുരേഷ് പറഞ്ഞു. ഭക്ഷണം കഴിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർ പേടിച്ച് പുറത്തേക്കോടി. ഹോട്ടലിലെ സിസിടിവി ക്യാമറ അക്രമികൾ നശിപ്പിച്ചുവെന്ന് ജീവനക്കാർ പറഞ്ഞു. സമരക്കാർ വിലക്കി; സെക്രട്ടേറിയറ്റിൽ കോഫി ഹൗസും കന്റീനും തുറന്നില്ല
തിരുവനന്തപുരം∙ പണിമുടക്കിൽ പങ്കെടുക്കാതെ ജോലിക്കെത്തുന്നവരെ പട്ടിണിക്കിടാൻ സെക്രട്ടേറിയറ്റിൽ ഇത്തവണ കന്റീനും കോഫി ഹൗസിനും വിലക്ക്. സാധാരണ, പണിമുടക്ക് ദിവസങ്ങളിൽ ഇവിടത്തെ കന്റീനും കോഫി ഹൗസും അടയ്ക്കാറില്ല. സെക്രട്ടേറിയറ്റിൽ ജോലിക്കെത്തുന്ന ജീവനക്കാർക്കും പുറത്തുള്ളവർക്കും ഇവിടെയെത്തി ഭക്ഷണം കഴിക്കാൻ സൗകര്യം ലഭിക്കുമായിരുന്നു. എന്നാൽ, ഇന്നലെ തുറക്കരുതെന്ന് കോഫി ഹൗസിനും കന്റീനും സമരക്കാർ നിർദേശം നൽകി. തുറന്നാൽ ആക്രമണമുണ്ടാകുമെന്നു ഭയന്ന് രണ്ടും അടച്ചിട്ടു. പരിസരത്തുള്ള തട്ടുകടക്കാരോടും തുറക്കരുതെന്ന് ആവശ്യപ്പെട്ടു. ഇവരും തുറന്നില്ല. സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരും ഭക്ഷണം കിട്ടാതെ വലഞ്ഞു.
കന്റീനും കോഫി ഹൗസും പൂട്ടിയതിനെതിരെ ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്കു പരാതി നൽകി. പണിമുടക്കിനിടെ റോഡിൽ അഭ്യാസപ്രകടനം; അരലക്ഷം രൂപ പിഴ കൊച്ചി∙ പണിമുടക്കിൽ വാഹനങ്ങളൊഴിഞ്ഞ നിരത്തിൽ അഭ്യാസ പ്രകടനം നടത്തിയ 3 സൂപ്പർ ബൈക്കുകൾ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ബൈക്കോടിച്ച 3 പേർക്കും കൂടി 50,000 രൂപ പിഴ ചുമത്തി. ദേശീയപാതയിൽ ചൂർണിക്കരയ്ക്കു സമീപമായിരുന്നു നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ബൈക്കുകളിലെ അഭ്യാസ പ്രകടനം.
അതുവഴി കടന്നു പോയ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എംവിഐമാർ കൈ കാട്ടിയെങ്കിലും ബൈക്കുകൾ നിർത്താതെ ഓടിച്ചു പോയി. പിന്നീടു 2 കിലോമീറ്റർ അപ്പുറത്തു നിന്നാണ് ബൈക്കുകളും ഓടിച്ചിരുന്നവരും പിടിയിലായത്. ബൈക്കുകൾക്ക് ഇൻഷുറൻസും ഉണ്ടായിരുന്നില്ല. ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ബൈക്ക് പൂർവ സ്ഥിതിയിലാക്കി പരിശോധനക്ക് ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. പണിമുടക്കിന്റെ മറവിൽ വില കുറയ്ക്കാൻ ശ്രമം; കർഷകർ വെറ്റില നശിപ്പിച്ചു കൊട്ടാരക്കര∙ പൊതുപണിമുടക്കിന്റെ മറവിൽ കർഷകരിൽ നിന്നു നിസ്സാര വിലയ്ക്കു വെറ്റില തട്ടിയെടുക്കാൻ ഇടനിലക്കാരുടെ ശ്രമം. ഇതിൽ പ്രതിഷേധിച്ചു കർഷകർ ലക്ഷങ്ങൾ വില വരുന്ന വെറ്റില കൂട്ടിയിട്ടു ഡീസൽ ഒഴിച്ചു നശിപ്പിച്ചു.
കലയപുരം ചന്തയിൽ പൊതുപണിമുടക്കിനു തലേന്നാണു സംഭവം. ഇടനിലക്കാർ ഒത്തുകളിച്ചു വില കുത്തനെ കുറയ്ക്കുകയായിരുന്നുവെന്നു കർഷകർ ആരോപിച്ചു. ജില്ലയിലെ പുത്തൂർ, പുനലൂർ ചന്തകളിൽ ഒരു കെട്ട് വെറ്റിലയ്ക്ക് 80 മുതൽ 120 രൂപ വരെ വില കിട്ടിയപ്പോൾ കലയപുരത്ത് ഇത് 10 രൂപയായി ഇടിച്ചു താഴ്ത്തി. പൊതുപണിമുടക്കാണെന്നും വിൽപന നടക്കില്ലെന്നും പറഞ്ഞായിരുന്നു ഇടനിലക്കാരുടെ ഒത്തുകളി. തലവൂർ, പെരുംകുളം മേഖലകളിൽ നിന്നുള്ള എൺപതോളം കർഷകരാണു കലയപുരത്ത് എത്തിയത്.
വില കൂട്ടി നൽകാൻ ഇടനിലക്കാർ തയാറാകാതിരുന്നതോടെ ഇവർ കൊണ്ടുവന്ന 7500 കെട്ട് വെറ്റില കൂട്ടിയിട്ട ശേഷം അതിനു മുകളിൽ ഡീസൽ ഒഴിച്ചു നശിപ്പിക്കുകയായിരുന്നു. 7500 കെട്ട് വെറ്റിലയ്ക്ക് 80 രൂപ വില കണക്കാക്കിയാൽ തന്നെ നശിപ്പിച്ച വെറ്റിലയ്ക്ക് 6 ലക്ഷം രൂപ വില വരും. കലയപുരത്ത് ചൊവ്വ വൈകിട്ടു മാത്രമാണു വെറ്റില വിപണി. ഇടനിലക്കാർ ഈ നിലപാട് തുടർന്നാൽ കൂടിയ വില കിട്ടുന്ന ചന്തകളിലേക്കു കച്ചവടം മാറ്റുമെന്നു കർഷകർ പറയുന്നു. കലയപുരം ആഴ്ച്ചച്ചന്തയിൽ നേരത്തേ വെറ്റിലയുമായി അഞ്ഞൂറിലേറെ കർഷകർ എത്തുമായിരുന്നു. കൃഷി നഷ്ടമായതോടെ ഇപ്പോഴത് നാലിലൊന്നായി കുറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.