ന്യൂഡൽഹി ; പലസ്തീനിലും ഇറാനിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ചോദ്യം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ശശി തരൂർ എംപി ഇസ്രയേൽ എംബസിയുടെ വിരുന്നിൽ പങ്കെടുത്ത് പുതിയ വിവാദത്തിന് കളമൊരുക്കി. പാർട്ടിയെ അറിയിക്കാതെയായിരുന്നു തരൂരിന്റെ നടപടിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
ഇസ്രയേലിന്റെ നടപടികളിൽ ഇന്ത്യ പാലിക്കുന്ന മൗനം മൂല്യങ്ങൾ അടിയറ വയ്ക്കുന്ന നടപടിയാണെന്ന് ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് സോണിയ വിമർശിച്ചത്. പലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാടുകൾ ഉപേക്ഷിക്കുകയാണ് മോദി സർക്കാർ ചെയ്തിരിക്കുന്നതെന്നും സോണിയ വിമർശിച്ചിരുന്നു.
കഴിഞ്ഞ 27നാണ് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസറിന്റെ വസതിയിൽ നടന്ന വിരുന്നിൽ തരൂർ പങ്കെടുത്തത്. ഉച്ചയൂണിനൊപ്പം പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചർച്ചയുണ്ടാവുമെന്നും വിദേശകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനായ തരൂർ ഉൾപ്പെടെ ഏതാനും എംപിമാർ പങ്കെടുക്കുമെന്നും വ്യക്തമാക്കിയാണ് സ്ഥാനപതി മറ്റു പലരെയും ക്ഷണിച്ചത്.
തരൂരിനു പുറമെ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ബിജെപിയുടെ രാജ്യസഭാംഗം കിരൺ ചൗധരി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തതായാണ് സൂചന. തരൂരിന്റെ സമീപകാല നിലപാടുകളോട് യോജിക്കാത്തപ്പോഴും ഓരോ നടപടിയും ചർച്ചയാക്കാൻ കോൺഗ്രസ് താൽപര്യപ്പെടുന്നില്ലെന്നും തരൂർ സ്വയം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.