ന്യൂഡല്‍ഹി: മുംബൈയില്‍ 2006-ല്‍ 180-ലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്ഫോടനങ്ങളിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസുമാരായ എം.എം.സുന്ദരേശ്, എന്‍.കെ.സിങ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി നോട്ടീസയച്ചു. അതേസമയം പ്രതികളെ ഉടൻ ജയില്‍ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല.
വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ചുപേരെയും ജീവപര്യന്തം തടവിന് വിധിച്ച ഏഴുപേരെയുമാണ് തിങ്കളാഴ്ച ഹൈക്കോടതി വെറുതേവിട്ടത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബോംബുകള്‍ ഏത് വിഭാഗത്തിലുള്ളതാണെന്നുപോലും രേഖപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ജസ്റ്റിസുമാരായ അനില്‍കിലോര്‍, ശ്യാംചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് പറഞ്ഞു. സാക്ഷിമൊഴികളും പ്രതികളില്‍നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന തെളിവുകളും വിശ്വാസയോഗ്യമല്ലെന്നും ബെഞ്ച് എടുത്തുകാട്ടി. കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന് (എടിഎസ്) വലിയ തിരിച്ചടിയായിരുന്നു ഈ വിധി.
2006 ജൂലായ് 11-ന് പശ്ചിമറെയില്‍വേയിലെ വിവിധ സ്ഥലങ്ങളിലായി ഏഴ് ലോക്കല്‍ തീവണ്ടികളിലാണ് സ്ഫോടനങ്ങളുണ്ടായത്. 180 പേര് മരിച്ചതിനുപുറമേ ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2015-ലാണ് പ്രത്യേകകോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴുപേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചത്. ഈ വിധിയാണ് ഹൈക്കോടതി തള്ളിയത്. മറ്റേതെങ്കിലും കേസില്‍ പ്രതികളല്ലെങ്കില്‍ ഉടന്‍തന്നെ ഇവരെ ജയില്‍മോചിതരാക്കണമെന്നും ഉത്തരവിട്ടിരുന്നു.
പ്രോസിക്യൂഷന് സമര്‍പ്പിച്ച തെളിവുകള്‍, സാക്ഷിമൊഴികള്‍, പ്രതികളില്‍നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന തെളിവുകള്‍ എന്നിവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. പ്രധാന സാക്ഷികളെ വിസ്തരിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു. ചില പ്രതികളുടെ കുറ്റസമ്മതമൊഴികള്‍ പീഡിപ്പിച്ച് പറയിപ്പിച്ചതുപോലെയാണെന്നും കോടതി പറഞ്ഞു. കുറ്റസമ്മതമൊഴികള്‍ അപൂര്‍ണമാണ്. ചിലഭാഗങ്ങള്‍ പരസ്പരം കോപ്പി-പേസ്റ്റ് ചെയ്തിരിക്കുന്നു. പ്രതികളെ ചര്‍ച്ച്ഗേറ്റ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് അവകാശപ്പെടുന്ന ടാക്സിഡ്രൈവര്‍മാര്‍, പ്രതികള്‍ ബോംബ് സ്ഥാപിക്കുന്നതായി കണ്ടവര്‍, ബോംബുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് ദൃക്സാക്ഷികള്‍ എന്ന് പറയുന്നവര്‍, ഗൂഢാലോചനയുടെ ദൃക്സാക്ഷികള്‍ തുടങ്ങിയവര്‍ നല്കിയ തെളിവുകള്‍ ഹൈക്കോടതി സ്വീകരിച്ചില്ല.
കമാല്‍ അന്‍സാരി (വിചാരണയ്ക്കിടെ മരിച്ചു), മുഹമ്മദ് ഫൈസല്‍ റഹ്മാന് ഷെയ്ഖ്, എത്തെഷാം ഖുതുബുദ്ദീന്‍ സിദ്ദിഖി, നവീദ് ഹുസൈന് ഖാന്, ആസിഫ് ഖാന് എന്നിവരായിരുന്നു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍. തന്‍വീര്‍ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അന്‍സാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ് മര്‍ഗൂബ് അന്‍സാരി, മുസമ്മില്‍ അതാര് റഹ്മാന് ഷെയ്ഖ്, സുഹൈല്‍ മെഹ്മൂദ് ഷെയ്ഖ്, സമീര്‍ റഹ്മാന് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികളിലൊരാളായ വാഹിദ് ഷെയ്ഖിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.