വാഷിങ്ടണ്‍: വിവാദമായ എപ്സ്റ്റീന് ഫയലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് ഒട്ടേറെ സ്ഥലത്ത് പരാമര്‍ശിക്കുന്നുണ്ടെന്ന് യു.എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇക്കാര്യം ട്രംപിനെ അറ്റോര്‍ണി ജനറല്‍ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആളുകളുടെ പേരുകളുള്ള രേഖയാണ് എപ്സ്റ്റീന് ഫയല്‍ എന്നപേരില്‍ അറിയപ്പെടുന്നത്. എപ്സ്റ്റീന്റെ ഇടപാടുകാരുടെ പേരുകളുണ്ടെന്ന് പറയപ്പെടുന്ന ഈ ഫയലില്‍ ഒട്ടേറെ ഉന്നത വ്യക്തികളെ പരാമര്‍ശിക്കുന്നുണ്ടെന്നും ട്രംപിനെ പാം ബോണ്ടി ധരിപ്പിച്ചിരുന്നുവെന്നും എന്നാല്‍, ഈ ഇടപാടുകാരുടെ വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അറിയിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
അതേസമയം, ട്രംപിനെ കണ്ട് അറ്റോര്‍ണി ജനറല്‍ വിവരങ്ങള്‍ അറിയിച്ചുവെന്ന വാര്‍ത്ത തള്ളി വൈറ്റ്ഹൗസ് രംഗത്ത് വന്നു. ഇത് വ്യാജ വാര്‍ത്തയാണെന്നാണ് വൈറ്റ്ഹൗസ് പ്രതികരിച്ചത്. എന്നാല്‍, ട്രംപിന്റെ പേര് ചില ഫയലുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് ഭരണകൂടം നിഷേധിക്കുന്നില്ലെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് പിന്നീട് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി കൈമാറിയ രേഖകളില്‍ ട്രംപിന്റെ പേര് ഇതിനകം ഉണ്ടായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
1990 -2000 കാലയളവില്‍ ട്രംപുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് ജെഫ്രി എപ്സ്റ്റീന്. ഇക്കാലയളവില്‍ ഇയാളുടെ സ്വകാര്യ വിമാനത്തില്‍ ട്രംപ് പലതവണ യാത്ര ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ഫ്ളൈറ്റ് രേഖകള്‍ പുറത്തുവന്നിരുന്നു. ട്രംപ് മാത്രമല്ല, ട്രംപിന്റെ കുടുംബാംഗങ്ങളും എപ്സ്റ്റീനിന്റെ കോണ്ടാക്ട് ബുക്കിലുണ്ടായിരുന്നുവെന്നും ഇതിനൊപ്പം നിരവധി ഉന്നത വ്യക്തികളുമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്കായി കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ എപ്സ്റ്റീനിന്റെ മുന്‍ സഹപ്രവര്‍ത്തക ഗിലൈന് മാക്സ്വെലിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയതപ്പോഴാണ് എപ്സ്റ്റീനെതിരായ വിവരങ്ങള്‍ പുറത്തുവന്നത്. മാക്സ്വെല് ഇപ്പോള്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എപ്സ്റ്റീന് ഫയലുകള്‍ പുറത്തുവിടുമെന്നത് ട്രംപിന്റെ വാഗ്ദാനമായിരുന്നു. എന്നാല്‍, അത് വൈകുന്നതിനെതിരെ സ്വന്തം അനുയായികള്‍ക്കിടയില്‍ അതൃപ്തി പകയുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ട്രംപിന്റെ പേരുമുണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്.
2003-ല്‍ എപ്സ്റ്റീന് പിറന്നാല്‍ സമ്മാനം അയച്ചിരുന്നതായും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിറന്നാള്‍ ആശംസകള്‍- എല്ലാ ദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമാകട്ടെ എന്ന സന്ദേശവും അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലാണ് ജെഫ്രി എപ്സ്റ്റണ് മരിക്കുന്നത്. സെക്സ് ട്രാഫിക്കിങ് കുറ്റത്തിന് വിചാരണ നേരിടുന്നതിനിടെയാണ് ഇയാള്‍ മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.