തിരുവനന്തപുരം : അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തിൽ കൊണ്ടുക്കെട്ടാൻ കൂട്ടുനിന്നതിന് വൈസ് ചാൻസലർമാർ അക്കാദമിക് സമൂഹത്തിനു മുന്നിൽ തല കുമ്പിട്ടു നിൽക്കേണ്ടി വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ആർഎസ്എസ് അനുഭാവമുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ സംഘടനയായ ശിക്ഷാസംസ്കൃതി ഉത്ഥാൻ ന്യാസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ‘ജ്ഞാനസഭ’യിലെ പോളിസി ഡയലോഗ് ആൻഡ് ലീഡർഷിപ് കോൺക്ലേവിൽ വിസിമാർ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ നിന്ന് നാലു വിസിമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
വിജ്ഞാന വളർച്ചയ്ക്കു നേതൃത്വം വഹിക്കേണ്ട വൈസ് ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിന്റെ തൊഴുത്താക്കി മാറ്റിയെന്നത് ആർഎസ്എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണെന്ന് മന്ത്രി പറഞ്ഞു. സർവമതസ്ഥരുമുൾപ്പെട്ട വിദ്യാകേന്ദ്രങ്ങളെ ഹിന്ദുത്വരാഷ്ട്ര നിർമിതിക്ക് അണിയറകളാക്കാൻ കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ല.
കേരളത്തിൽ അജ്ഞാനത്തിന്റെ പ്രാകൃതസേന കെട്ടിപ്പടുക്കാമെന്ന സംഘപരിവാരത്തിന്റെ ദുഷ്ചിന്തയെ യുവതലമുറയും അക്കാദമിക് സമൂഹവും തുറന്നുകാട്ടും. യഥാർഥ ഗുരുവര്യന്മാർ നൽകിയ വിദ്യകൊണ്ട് പ്രബുദ്ധരായ കേരള ജനത അജ്ഞാന തിമിരത്തെ അലങ്കാരമായി കരുതുന്ന സംഘപരിവാരത്തിന്റെ പദ്ധതികളെ ചവറ്റുകൊട്ടയിലെറിയും. രാജ്യം സ്വാതന്ത്ര്യാനന്തരം ആർജിച്ചു വരുന്ന സകല ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെയും ചവറ്റുകുട്ടയിലെറിയുകയെന്ന പ്രാകൃത പദ്ധതികളിലാണ് ബിജെപി ഭരണത്തിൻ കീഴിൽ ആർഎസ്എസ് എന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സർവകലാശാലയുടെയും കേരള സർവകലാശാലയുടെയും വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. കെ.കെ.സാജു, കുഫോസ് വൈസ് ചാൻസലർ പ്രഫ എ.ബിജുകുമാർ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രഫ. പി.രവീന്ദ്രൻ എന്നിവർ കോൺക്ലേവിൽ പ്രസംഗിച്ചു. ജ്ഞാനസഭ’യിലെ പൊതുസഭയിൽ ‘വിദ്യാഭ്യാസത്തിലെ ഭാരതീയത എന്ന വിഷയത്തിൽ’ ആർഎസ്എസ് മേധാവി ഡോ. മോഹൻ ഭാഗവത് പ്രഭാഷണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.