പാലക്കാട്: മണ്ണാർക്കാട്ടെ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരേ ഒളിയമ്പുമായി കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി. അഴിമതി തുറന്നു കാണിക്കണം, എന്നാൽ അഴിമതി ആരോപിക്കുന്നവർ പരിശുദ്ധരായിരിക്കണമെന്നും പി.കെ. ശശി പറഞ്ഞു.
നഗരസഭയിലെ പുതിയ ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.'കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് ' പി.കെ ശശി പറഞ്ഞു. അഴിമതിയെ ആരും പിന്തുണയ്ക്കാറില്ല. അഴിമതിയെ തുറന്ന് കാണിക്കുകതന്നെ വേണം.അതേസമയം അഴിമതി ആരോപിക്കുന്നവര്‍ പരിശുദ്ധരായിരിക്കണം. അത് തെളിയിക്കാന്‍ കഴിയണം. മാലിന്യകൂമ്പാരത്തില്‍ കിടക്കുന്നവന്‍ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്തപുള്ളിയെ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണ്. എല്ലാം സോഷ്യല്‍ ഓഡിറ്റ് ചെയ്യപ്പെടണം. ഒറ്റകാര്യമേ പറയാനുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലെ പ്രശസ്തമായ ഡയലോഗ് വേദിയില്‍ പറഞ്ഞത്.
ഉദ്ഘാടനപരിപാടിയില്‍ താന്‍ പങ്കെടുക്കാനെത്തുന്നുവെന്ന് കേട്ടപ്പോള്‍ ചില ആളുകള്‍ക്കെല്ലാം ബേജാറ്. എന്തോ ഒരു പേടി. എന്തിന് ഭയപ്പെടണം. ഞാനൊരു ചെറിയ മനുഷ്യനാണ്. സാധാരണക്കാരനാണ്. നല്ലത് ആരുചെയ്താലും അതിനെ പിന്തുണക്കാനുള്ള മനസുണ്ടാവണം. മണ്ണാര്‍ക്കാടുമായുള്ള തന്റെ ബന്ധം അറുത്താലും മുറിച്ചാലും പോകില്ല.
വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനംമുതലുള്ള ബന്ധമാണത്. ഇവിടുത്തെ പൗരസമൂഹവുമായും മറ്റെല്ലാം ജനവിഭാഗങ്ങളുമായും രാഷ്ട്രീയത്തിനപ്പുറം അടുത്ത് സ്‌നേഹിക്കുന്നവരാണ്. ആ കരുത്തും ആത്മവിശ്വാസത്തോടെയുമാണ് ഇപ്പോഴും വന്നിരിക്കുന്നത്. ആകാശം ഉള്ളിടത്തോളം ഒരുശക്തിക്കും അതിനെ മാറ്റാനാവില്ലെന്നും പി.കെ. ശശി കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് നഗരസഭയ്ക്കുകീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനചടങ്ങിന് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം വെളുത്ത കോട്ടണ്‍ ഷര്‍ട്ട് ധരിച്ചാണ് പി.കെ. ശശിയെത്തിയത്. ഇത് ഏറ്റവും നന്നായി യോജിക്കുന്നുണ്ടെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ കമന്റ്. മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങളേക്കാള്‍ താങ്കള്‍ക്ക് യോജിക്കുന്നത് തൂവെള്ള നിറത്തിലുള്ള ഖദര്‍ ഷര്‍ട്ടാണെന്നും എംപി പറഞ്ഞു.
ഇത് കോട്ടണ്‍ ആണെന്ന് പി.കെ ശശിയുടെ മറുപടി. ഖദറും കോട്ടണും ചേട്ടനും അനുജനുമാണെന്ന് എംപി പറഞ്ഞു. വെള്ള നന്നായി ചേരുന്നുവെന്ന് ആവര്‍ത്തിക്കുകയാണെന്നും അത് അമര്‍ത്തിപ്പറയുകയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സംസാരിച്ച എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും പി.കെ ശശിയുടെ വെളുത്ത ഷര്‍ട്ടിനെ കുറിച്ച് പറഞ്ഞു. സാധാരണ കടുത്ത നിറങ്ങളണിയുന്ന ആളാണ് പി.കെ.എസ്. ദൂരെ നിന്ന് നോക്കിയാലും കാണാം. വെള്ള വസ്ത്രത്തില്‍ ഈകൂട്ടത്തില്‍ വന്നിരിക്കുമ്പോള്‍ അതിന് ഒരു യോജിപ്പുണ്ട്. വികസനത്തിന്റെ കൂട്ടായ്മ വന്നിരിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കെയാണ് എംപിയുടെയും എം.എല്‍എയുടേയും പരാര്‍മശങ്ങള്‍. ഇതുകേട്ട് കുഞ്ഞാലിക്കുട്ടിയും ചിരിച്ചു. അതേസമയം ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പി.കെ. ശശി തന്റെ വസ്ത്രത്തേ കുറിച്ചൊന്നും മിണ്ടിയതുമില്ല. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ. ശശി മറ്റു രാഷ്ട്രീയപാര്‍ട്ടികളിലേക്ക് എത്തിപ്പെടുമെന്നുള്ള പ്രചരണങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് എംപിയുടെയും എംഎല്‍എയുടെയും കമന്റുകള്‍.
മണ്ണാർക്കാട് നഗരസഭയുടെ രാജീവ്ഗാന്ധിസ്മാരക സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനത്തിൽ പി.കെ. ശശിയുടെ സാന്നിധ്യം സംബന്ധിച്ച് പാർട്ടിയിൽ ചർച്ചയായിരുന്നു. പാർട്ടിനടപടി നേരിട്ട പി.കെ. ശശി കുറച്ചുമാസമായി സിപിഎം സ്വാധീനമുള്ള സ്ഥാപനങ്ങളുടെ പരിപാടികളിലധികം പങ്കെടുക്കാറുണ്ടായിരുന്നില്ല. ഇതിനിടെയാണ് യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ എംപി, എംഎൽഎ എന്നിവർക്കൊപ്പം വെള്ളിയാഴ്ച മുഖ്യാതിഥിയായി പി.കെ. ശശിയും പങ്കെടുത്തത്. സാമൂഹികമാധ്യമങ്ങളിലും ഇതുസംബന്ധിച്ച് ചർച്ച ഉയർന്നിട്ടുണ്ട്.
പികെ ശശിയുടെ സാന്നിധ്യത്തിനെതിരേ നഗരസഭയിലെ ഇടതുകൗൺസിലർമാരും രംഗത്തുവന്നിരുന്നു. പരിപാടിയിൽ ഇടതുകൗൺസിലർമാർ പങ്കെടുക്കില്ലെന്ന തരത്തിലുള്ള പ്രചാരണവുമുണ്ടായി. എന്നാൽ, ഇതു പിന്നീട് നേതാക്കൾതന്നെ തള്ളിക്കളയുകയും ചെയ്തു.
പി.കെ. ശശിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് കെടിഡിസി ചെയർമാൻ എന്നനിലയിലാണെന്നും ഇക്കാര്യത്തിൽ വിവാദമാവശ്യമില്ലെന്നുമാണ് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.