കോട്ടയം: വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് പിന്നെ കേരളത്തിലുണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.
കോട്ടയത്ത് കെപിസിസി അധ്യക്ഷനുൾപ്പെടെയുള്ള സംസ്‌ഥാന ഭാരവാഹികളും ഡിസിസി ഭാരവാഹികളും പങ്കെടുത്ത സ്‌പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് അവരുടെ പരാമർശം. ഇത് ‘ഡു ഓർ ഡൈ’ സാഹചര്യമാണെന്ന് തിരിച്ചറിയണമെന്നും അവർ പറഞ്ഞു.കോട്ടയം ജില്ലയിൽ മണ്ഡലം, വാർഡ് കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തിയായിട്ടില്ല.
76 ശതമാനം വാർഡ് കമ്മിറ്റികൾ മാത്രമാണ് പുനഃസംഘടിപ്പിച്ചത്. ജൂലായിൽ തന്നെ ഇത് പൂർത്തിയാക്കണം. കുടുംബയോഗങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടെങ്കിൽ, 2026-ൽ ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കണമെങ്കിൽ അടിസ്‌ഥാനകാര്യങ്ങൾ പൂർത്തിയാക്കണമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
കേരളത്തിൽ വർധിച്ചുവരുന്ന ലഹരിവിപത്തിനെതിരേ പാർട്ടി മുന്നിട്ടിറങ്ങണം. കേരളത്തിൽ യുവാക്കൾക്ക് ജോലി കിട്ടുന്നില്ല. യുവാക്കൾ ഇവിടം വിട്ടുപോകുന്നു. തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച് ഇവരെ കേരളത്തിൽ നിലനിർത്താൻ കോൺഗ്രസിന് പദ്‌ധതി വേണം. പുതിയ കേരളത്തെക്കുറിച്ച് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കാഴ്‌ചപ്പാടും പദ്‌ധതികളും ജനങ്ങൾക്ക് മുന്നിൽ വെയ്‌ക്കാൻ കഴിയണം. ഇവിടെ എല്ലാവരും ഉമ്മൻചാണ്ടിയെക്കുറിച്ച് പറയുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് പ്രവർത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും യോഗം ഉദ്‌ഘാടനം ചെയ്‌ത് ദീപാ ദാസ് മുൻഷി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷനായി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വൈസ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്‌ണുനാഥ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി. ജോസഫ്, കുര്യൻ ജോയി, ജോസഫ് വാഴയ്‌ക്കൻ, ടോമി കല്ലാനി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.