നാഗലശ്ശേരി: നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തിൽ വീട്ടിൽ ദാക്ഷായണി (68) വീട്ടുകിണറ്റിൽ വീണതിനെ തുടർന്ന് മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ദാക്ഷായണിയെ കിണറ്റിൽ വീണ നിലയിൽ വീട്ടുകാർ കണ്ടത്.
ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഏറെനേരം വെള്ളത്തിൽ കിടന്നിരുന്നതിനാൽ, ദാക്ഷായണിയെ പുറത്തെത്തിക്കാൻ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ, ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോകാതിരിക്കാൻ പ്രദേശവാസിയായ കൽപ്പാലത്തിങ്കൽ ഭാസ്കരൻ കിണറ്റിലിറങ്ങി വയോധികയുടെ ശരീരം താങ്ങിനിർത്തി. ഈ സമയം ജീവനുണ്ടോയെന്ന് നാട്ടുകാർക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല.
രാവിലെ എട്ടുമണിയോടെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി. ശരീരം മുകളിലേക്ക് കയറ്റുന്നതിനിടെയാണ് വയോധികയുടെ കൺപോളയിലെ നേരിയ ചലനം ശ്രദ്ധയിൽപ്പെട്ടതും ജീവൻ നിലനിൽക്കുന്നുണ്ടെന്ന് മനസ്സിലായതും. ഉടൻതന്നെ ഇവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിൽ തുടരുന്ന ദാക്ഷായണി ഞായറാഴ്ച ഉച്ചയോടെ അപകട നില തരണം ചെയ്തു. മണിക്കൂറുകളോളം നിറയെ വെള്ളമുള്ള കിണറ്റിൽ വീണുകിടന്നിട്ടും ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും രക്ഷാപ്രവർത്തകരുമെല്ലാം. അതേസമയം, ഇവർ എങ്ങനെ കിണറ്റിൽ വീണു എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.