കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായി സംസ്ഥാന ക്രൈംബ്രാഞ്ച്. മാമിയെ 2023 ഓഗസ്റ്റ് 21ന് കാണാതായെന്ന ഭാര്യ റംലത്തിന്റെ പരാതിയിൽ ആദ്യം അന്വേഷണം നടത്തിയ നടക്കാവ് ലോക്കൽ പൊലീസ് സംഘത്തിലെ അന്നത്തെ ഇൻസ്പെക്ടർ പി.കെ.ജിജീഷ്, എസ്ഐ ബിനു മോഹൻ, സീനിയർ സിപിഒ എം.വി.ശ്രീകാന്ത്, കെ.കെ.ബിജു എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരമേഖല ഐജി രാജ്പാൽ മീണ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിലാണു നടപടി.
ജില്ലയിലെ ക്രമസമാധാനപാലനത്തിൽ ഉൾപ്പെടാത്ത അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല. 60 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 'മാൻ മിസ്സിങ്' കേസിൽ എസ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിനു മേൽനോട്ടം വഹിച്ചതിനാലാണ് ഇൻസ്പെക്ടർക്കെതിരെയും അന്വേഷണം. എന്നാൽ ലോക്കൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ച അന്നത്തെ സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ പരാമർശമില്ല.
കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ പ്രധാന സ്ഥലങ്ങളിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ അടിയന്തര ശ്രമം നടത്തിയില്ലെന്നും സുപ്രധാന സൂചനകൾ നൽകുന്ന വിവരങ്ങളിൽ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായി മുൻ എംഎൽഎ പി.വി.അൻവർ തുടക്കം മുതൽ ആരോപിച്ചിരുന്നു. സിസിടിവി തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടെന്നുമായിരുന്നു ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.