തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വിവാദ വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്. ഡിഎംഇയാണു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഡോ.ഹാരിസിന് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കുകയായിരുന്നു.
ഉപകരണക്ഷാമം സംബന്ധിച്ച് ഡോ.ഹാരിസ് സമൂഹമാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു. ഡോക്ടര്‍ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും നടപടി വേണ്ടെന്നുമാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു സമിതി വിലയിരുത്തി. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവയ്ക്കുകയാണെന്നായിരുന്നു യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഹസൻ വെളിപ്പെടുത്തിയത്. സർക്കാർ സംവിധാനങ്ങളിലെ വീഴ്ചയെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെയാണു ഡോ.ഹാരിസ് തുറന്നടിച്ചത്. ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതിൽ ലജ്ജയും നിരാശയുമുണ്ടെന്നും കോളജ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചുവെന്നും ഹാരിസ് പറഞ്ഞിരുന്നു.
ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ചു വിട്ടോട്ടെ എന്നായിരുന്നു ഡോക്ടറുടെ വൈകാരിക കുറിപ്പ്. കുറിപ്പ് വിവാദമായതിനു പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചിരുന്നു. പരിമിതികളാണു ചുറ്റുമെന്നും ഓരോരുത്തർക്കും തന്നാൽ കഴിയാവുന്ന തരത്തിൽ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പോസ്റ്റ് പിൻവലിച്ചതായി പറയുന്ന കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.