ഫ്രാൻസ് : സംഗീതപരിപാടിക്കിടെ കാണികളായ പുരുഷന്മാര് ലൈംഗികാതിക്രമം നടത്തിയതിനെതിരെ വേദിയില്‍ പ്രതിഷേധിച്ച് ഗായിക. ഫ്രഞ്ച് പോപ്പ് ബാന്‍ഡായ ലുലു വാന്‍ ട്രാപ്പിലെ ഗായിക റെബേക്ക ബേബിയാണ് ശക്തവും വ്യത്യസ്തവുമായ പ്രതിഷേധം നടത്തിയത്. ഫ്രാന്‍സിലെ ഐനില്‍ നടക്കുന്ന ലെ ക്രി ദെ ഗൗട്ട് എന്ന പരിപാടിക്കിടെയാണ് റെബേക്കയ്ക്ക് ദുരനുഭവമുണ്ടായത്.
ലൈവ് ഷോയ്ക്കിടെ കാണികള്‍ക്കിടയിലുണ്ടായിരുന്ന ഒന്നിലേറെ പുരുഷന്മാര് റെബേക്കയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേജിലേക്ക് മടങ്ങിയ റെബേക്ക തനിക്കുണ്ടായ ദുരനുഭവം പരിപാടിയെ ബാധിക്കാന്‍ അനുവദിക്കാതെ ഗാനാലാപനം തുടര്‍ന്നു. സ്റ്റേജില്‍ വെച്ചാണ് റെബേക്ക അരയ്ക്ക് മുകളിലേക്കുള്ള വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് തന്റെ രോഷവും പ്രതിഷേധവും കാണികള്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചത്.
പരിപാടി അവസാനിക്കുന്നതുവരെ റെബേക്ക ബേബി അര്‍ധനഗ്നയായാണ് സ്റ്റേജില്‍ തുടര്‍ന്നത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, അനുവാദം (കണ്‍സന്റ്), പൊതുഇടങ്ങളിലെ സ്ത്രീസുരക്ഷ തുടങ്ങിയവയെ കുറിച്ചുള്ള വലിയ ചര്‍ച്ചകളിലേക്കാണ് റെബേക്കയുടെ പ്രതിഷേധം വഴിതുറന്നത്.
ശനിയാഴ്ച രാത്രിയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. സ്റ്റേജിലെ തന്റെ ടോപ്ലെസ് പ്രകടനത്തിന്റെ വീഡിയോ റെബേക്ക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. ഈ പോസ്റ്റിലാണ് റെബേക്ക, താന്‍ സംഗീതപരിപാടിക്കിടെ കാണികള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന ചില പുരുഷന്മാര് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി വെളിപ്പെടുത്തിയത്.
'എന്റെ മുന്നില്‍ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ പരിപാടി അവിടെ വെച്ച് അവസാനിപ്പിച്ച് എല്ലാവര്ക്കും നഷ്ടമുണ്ടാക്കാം, അല്ലെങ്കില്‍ പരിപാടി തുടരാം. ഇതെല്ലാം സാധാരണനിലയിലാകുന്നത് വരെ ഞാന്‍ അരയ്ക്ക് മേലെ നഗ്നയായി തുടരും. എല്ലാത്തിനേയും ലൈംഗികതയുടെ കണ്ണിലൂടെ കാണുന്നത് നിങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ.' -റെബേക്ക ബേബി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ലെ ക്രി ദെ ഗൗട്ട് ഔദ്യോഗികമായി റെബേക്കയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. അംഗീകരിക്കാനാകാത്ത കാര്യമാണ് ഉണ്ടായത്. ശക്തമായി അപലപിക്കുന്നു. സംഗീതോത്സവം എല്ലാവര്ക്കും സുരക്ഷിതമായ ഇടമായിരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ലെ ക്രി ദെ ഗൗട്ട് അറിയിച്ചു. പിന്തുണയ്ക്ക് ലുലു വാന്‍ ട്രാപ്പ് നന്ദി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് താന്‍ വിശദമായി പോസ്റ്റ് ചെയ്യുമെന്ന് റെബേക്ക ബേബിയും പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലും റെബേക്കയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.