ന്യൂഡൽഹി: ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലൊന്നായ ബിത്രയെ പ്രതിരോധ ആവശ്യങ്ങൾക്കായി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിലവിൽ 105 കുടുംബങ്ങൾ താമസിക്കുന്ന ബിത്രയിലെ പലരും ഈ നീക്കത്തെ എതിർത്തിക്കുന്നുണ്ട്.
പദ്ധതിക്കായി ബിത്ര ദ്വീപിന്റെ സാമൂഹികാഘാത പഠനത്തിന് റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ദേശീയ സുരക്ഷാ പ്രാധാന്യവും കണക്കിലെടുത്ത്, ദ്വീപ് പൂർണമായും പ്രതിരോധ, നയതന്ത്ര ഏജൻസികൾക്ക് കൈമാറുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യമെന്ന് നോട്ടീസിൽ പറയുന്നു.
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരം നൽകുന്നതിനും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള മുന്നോടിയായാണ് സാമൂഹികാഘാത പഠനമെന്ന് അറിയിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിനെ പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി നിശ്ചയിച്ചിട്ടുണ്ടെന്നും ഗ്രാമസഭ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചനകൾ നടത്തുമെന്നും നോട്ടീസിൽ സൂചിപ്പിക്കുന്നു.
അതേസമയം, ബിത്രയെ പ്രതിരോധ താവളമാക്കാനുള്ള നീക്കത്തെ ലക്ഷദ്വീപ് എംപി ഹംദുള്ള സയീദ് ഉൾപ്പെടെയുള്ള തദ്ദേശവാസികൾ സ്വാഗതം ചെയ്യുന്നില്ല. വിജ്ഞാപനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് ബിത്രയിലെ താമസക്കാർക്ക് ഹംദുള്ള ഉറപ്പുനൽകി. ഒട്ടേറെ ദ്വീപുകളിൽ പ്രതിരോധ ആവശ്യങ്ങൾക്കായി സർക്കാർ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ ഐഎൻഎസ് ജടായു എന്ന പുതിയ നാവികതാവളം കമ്മീഷൻ ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. നിലവിൽ നേവൽ ഓഫീസർ ഇൻ ചാർജ്ജിന്റെ (ലക്ഷദ്വീപ്) നിയന്ത്രണത്തിലുള്ള മിനിക്കോയ് നാവിക ഡിറ്റാച്ച്മെന്റാണ് ഐഎൻഎസ് ജടായു കമ്മീഷൻ ചെയ്യുന്നത്.
ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതും ജനവാസമുള്ളതുമായ ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര. 1945 മുതലാണ് ഇവിടെ ജനവാസം തുടങ്ങിയതെന്ന് കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.