കോട്ടയം;ഈ വർഷം അവസാനം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി സംസ്ഥാന ബിജെപി നേതൃത്വം.
ഇതിന്റെ ഭാഗമായി ബുധനാഴ്ച പാർട്ടിയുടെ കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് കൗണ്ട് ഡൗൺ ക്ളോക്ക് സ്ഥാപിച്ചത്.തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കുന്നതിനായാണ് ഈ നീക്കം. തിരഞ്ഞെടുപ്പിന് മുമ്പുള്ള 100 ദിവസത്തെ സമയക്രമത്തോടെ 'മിഷൻ 2025 കൗണ്ട് ഡൗൺ' എന്ന മുദ്രാവാക്യവുമായാണ് ക്ളോക്ക് സ്ഥാപിച്ചത്. സംസ്ഥാനത്തുടനീളമുള്ള പാർട്ടിയുടെ എല്ലാ ജില്ലാ ഓഫീസുകളിലും സമാനമായ കൗണ്ട്ഡൗൺ ക്ലോക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം.ബുധനാഴ്ച കോട്ടയത്തെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംസ്ഥാനതല നേതൃത്വ ശിൽപശാലയിലാണ് ഇതുസംബന്ധിച്ച് തീരുമാനമടുത്തത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, പ്രഭാരിമാർ, സോണൽ പ്രസിഡന്റുമാർ, വിവിധ സംഘടനാ ജില്ലകളിലെ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാണ് ശിൽപശാല പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രധാനമന്ത്രി മോദിയുടെ 'വികസിത് ഭാരത് 2027' ദൗത്യത്തിന് അനുസൃതമായി 'വികസിത കേരളം' പ്രചാരണവുമായി മുന്നോട്ടു പോകാൻ ശിൽപശാലയിൽ തീരുമാനമായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം നടത്താനാണ് ബിജെപി നീക്കം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാതല ഭാരവാഹികളോട് ആഹ്വാനം ചെയ്തു. വോട്ടർ പട്ടികയിൽ വോട്ടർമാരെ ചേർക്കുക, കുടിവെള്ള പ്രതിസന്ധി പോലുള്ള പ്രാദേശിക വിഷയങ്ങൾ ഏറ്റെടുക്കുക, പ്രദേശത്തിന്റെ വികസനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം.
കേരളത്തിലുടനീളം താഴെത്തട്ടിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി വലിയൊരു അംഗത്വ കാമ്പയിൻ ആസൂത്രണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഓരോ വാർഡിലും കുറഞ്ഞത് 100 മുതൽ 200 വരെ അംഗങ്ങളെ ചേർക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.