ലണ്ടൻ; ലെസ്റ്ററിലെ തെരുവിൽ വച്ച് നടന്ന ആക്രമണത്തിൽ പരുക്കേറ്റ കാൽനടയാത്രക്കാരിയായ ഇന്ത്യൻ വംശജ മരിച്ചു.
നിള പട്ടേൽ (56) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവർ സ്ട്രീറ്റിൽ താമസിക്കുന്ന മൈക്കൽ ചുവുമെകയെ (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ നിലവിൽ റിമാൻഡിലാണ്.നിളയെ ആക്രമിച്ചതിന് പുറമെ അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കൽ, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളിൽ പ്രതിയാണ് മൈക്കൽ. പ്രതിയെ ഓൺലൈൻ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കിയത്.
വിശ്വസ്തയായ സുഹൃത്തും കഠിനാധ്വാനിയുമായിരുന്ന അമ്മയെന്ന് നിള പട്ടേലിന്റെ മകൻ ജയ്ദാനും മകൾ ഡാനിക്കയും അറിയിച്ചു. ‘‘ ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, പക്ഷേ ഞങ്ങളുടെ അമ്മ യഥാർഥത്തിൽ ആരാണെന്ന് ലോകം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയായിരുന്നു അമ്മ. എല്ലായ്പ്പോഴും മറ്റുള്ളവരെ തന്നെക്കാൾ അധികമായി പരിഗണിച്ചു.
പ്രതിഫലമായി ഒന്നും ചോദിക്കാതെ മറ്റുള്ളവരെ സേവിച്ചു. ക്ഷമ, സ്നേഹം, അചഞ്ചലമായ പിന്തുണ എന്നിവയിലൂടെയാണ് അമ്മ ജീവിച്ചിരുന്നതെന്ന്’’ – മക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി. ജൂൺ രണ്ടിന് ലെസ്റ്ററിലെ അയ് സ്റ്റോൺ റോഡിൽ നടന്ന ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവരെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.