കണ്ണൂർ ;ദുരന്തപൂർണമായൊരു കുടുംബജീവിതത്തിന്റെ ബാക്കിപത്രമാണ് കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജീവിതം.
മോഷണം മുതൽ പൈശാചികമായ ബലാൽസംഗങ്ങളും അതിക്രൂരമായ കൊലപാതകങ്ങളും വരെ ചെയ്യാൻ മടിയില്ലാത്ത, അതിലൊന്നും തരിമ്പുപോലും കുറ്റബോധമില്ലാത്ത, അവസരം കിട്ടിയാൽ ആവർത്തിക്കുമെന്നു പറയുന്ന ഗോവിന്ദച്ചാമിയുടെ അപകടകരമായ മനോനിലയുടെ വേരുകൾ അയാളുടെ ഇരുണ്ട ബാല്യത്തിലാണ്.പട്ടാളക്കാരന്റെ മകൻ; പൈശാചികതയിലേക്കുള്ള വളർച്ച പട്ടാളത്തിൽ ഹവിൽദാറായിരുന്നു ഗോവിന്ദച്ചാമിയുടെ അച്ഛൻ അറുമുഖം. ഒരു അവധിക്ക് നാട്ടിലെത്തിയ അയാൾക്ക് റോഡുപണിക്കെത്തിയ ഒരു യുവതിക്കണ്ട് ഇഷ്ടം തോന്നി.അവളെ വിളിച്ചു വീട്ടിലേക്കു കൊണ്ടുവന്നു ഭാര്യയാക്കി. അവർക്കു സുബ്രഹ്മണ്യൻ, ഗോവിന്ദച്ചാമി എന്നീ മക്കളും ജനിച്ചു. അച്ഛനൊപ്പം ഗോവിന്ദച്ചാമിയും സഹോദരനും ജമ്മു കശ്മീരിലും മറ്റും പോയി താമസിച്ചിട്ടുണ്ട്. അങ്ങനെ ഹിന്ദിയും പഠിച്ചിട്ടുണ്ട്. 22 വർഷത്തെ സർവീസിനു ശേഷം വിരമിച്ചു നാട്ടിലെത്തിയ അറുമുഖം കുത്തഴിഞ്ഞ ജീവിതമായിരുന്നു നയിച്ചിരുന്നത്. അച്ഛനൊപ്പം സമത്വപുരത്തെത്തുമ്പോൾ ഗോവിന്ദച്ചാമിക്ക് 14 വയസ്സാണ് പ്രായം. അറുമുഖം അപ്പോഴേക്കും മുഴുക്കുടിയനായിരുന്നു.
പെൻഷനും സമ്പാദ്യങ്ങളുമെല്ലാം കുടിച്ചു നശിപ്പിച്ചു. അയാളുടെ ജീവിതം മക്കളെയും സ്വാധീനിച്ചിട്ടുണ്ട്.താൻ അവധിക്കു നാട്ടിലേക്കു വരുമ്പോൾ ട്രെയിനിൽവച്ചു കണ്ട മോഷണങ്ങളെയും അതിക്രൂരമായ അക്രമങ്ങളെയും പറ്റി അറുമുഖം മക്കൾക്കു വിശദമായി പറഞ്ഞുകൊടുക്കുമായിരുന്നു. കുട്ടിക്കഥകൾ കേൾക്കേണ്ട പ്രായത്തിൽ കേട്ട ഇത്തരം ക്രൂരതകളുടെ വിവരണങ്ങൾ അവരെ സ്വാധീനിച്ചു. മാല മോഷ്‌ടിച്ചു ട്രെയിനിൽനിന്ന് എടുത്തുചാടിയ കള്ളനും കത്തികാട്ടി മാല കവർന്ന കള്ളനുമെല്ലാം അങ്ങനെ അവരുടെ മനസ്സിൽ വീരന്മാരായി.മക്കൾ ബാല്യം പിന്നിട്ടപ്പോൾ അവർക്കൊപ്പമായി അറുമുഖത്തിന്റെ മദ്യപാനം.
മദ്യലഹരിയിൽ മുങ്ങിയാണു സുബ്രഹ്‌മണ്യവും ഗോവിന്ദച്ചാമിയും ജീവിച്ചത്. ഇതിനിടെ അവർ ചെറിയ തോതിൽ പിടിച്ചുപറിയും മോഷണവും തുടങ്ങി. ട്രെയിനിലെ മോഷണമായിരുന്നു അവർക്കു കൂടുതൽ പ്രിയം. അതിലവർ കുപ്രസിദ്ധരുമായി. മദ്യാസക്തിയും എന്തു ക്രൂരതയും ചെയ്യാനുള്ള മനസ്സും ഗോവിന്ദച്ചാമിയെ ഒരു കൊടുംകുറ്റവാളിയാക്കി.
അമിത ലൈംഗികാസക്തിയുള്ള അയാൾക്ക് സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്താനും മടിയില്ലായിരുന്നു.ഒരു ദിവസം ഗോവിന്ദച്ചാമി അമിത വേഗത്തിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ടു. അപകടം മനസ്സിലായ ഗോവിന്ദച്ചാമി ഇടതുകൈ കൊണ്ട് ബൈക്കിന്റെ മുൻചക്രം പിടിച്ചു നിർത്താൻ ശ്രമിച്ചു. കൈ ചക്രത്തിനിടയിലേക്കു കയറി ബൈക്ക് മറിഞ്ഞു. ഗോവിന്ദച്ചാമിയെ പുതുച്ചേരി ആശുപത്രിയിലെത്തിച്ചു. കൈ മുറിച്ചുമാറ്റേണ്ടിവന്നു.
തെരുവിലവസാനിച്ച അച്ഛനുമമ്മയും ഭർത്താവിന്റെ മദ്യപാനവും മക്കളുടെ ക്രിമിനൽ സ്വഭാവവും മൂലം ഗോവിന്ദച്ചാമിയുടെ അമ്മയുടെ ജീവിതം ദുരിതപൂർണമായിരുന്നു. ക്രമേണ അവരുടെ മാനസികനില തെറ്റി. ആരും ശ്രദ്ധിക്കാനില്ലാതെ റോഡിൽ അലഞ്ഞുനടക്കുന്നതിനിടെ വാഹനമിടിച്ചു മരിക്കുകയായിരുന്നു അവർ. അധികം വൈകാതെ അറുമുഖനെ കാത്തിരുന്നതും അതേ വിധിയായിരുന്നു.
കുടിച്ചു ബോധമില്ലാത്ത അവസ്ഥയിൽ വാഹനമിടിച്ചു മരിച്ചു. രണ്ടു മരണങ്ങൾ നടക്കുമ്പോഴും ഗോവിന്ദച്ചാമിയും സുബ്രഹ്‌മണ്യവും ജയിലുകളിലായിരുന്നു. മോഷണവും പിടിച്ചുപറിയും അക്രമവും അടക്കമുള്ള കേസുകളിൽ സുബ്രഹ്‌മണ്യം ഡിണ്ടിഗലിൽ ജയിലിലും പൈശാചികമായ ഒരു കൊലപാതകം നടത്തി ഗോവിന്ദച്ചാമി കേരളത്തിലെ ജയിലിലും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.