ന്യൂഡൽഹി: വ്യോമസേനയ്ക്കായി ആറ് പുതിയ അവാക്സ് നിരീക്ഷണ വിമാനങ്ങൾ ഉടനെത്തും. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ വിമാനങ്ങൾ സെൻസറുകൾ വഴി ശത്രുവിമാനങ്ങളെ ദൂരെനിന്ന് കണ്ടെത്താൻ കഴിയും. അതുവഴി ശത്രുവിമാനങ്ങളെ പ്രതിരോധിക്കാൻ സേനയ്ക്ക് കഴിയും. 20,000 കോടി രൂപയാണ് ചെലവ്. നേത്ര എംകെ-രണ്ട് എന്നാണ് അവാക്സ് ഇന്ത്യാ പ്രോഗ്രാം അറിയപ്പെടുന്നത്.
ഓപ്പറേഷൻ സിന്ദൂറിൽ അവാക്സ് (എയർബോൺ ഏർളി വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റംസ്) വിമാനങ്ങളുടെ സേവനം വിലപ്പെട്ടതായിരുന്നു. ആകാശത്തിലൂടെയുള്ള ആക്രമണ മുന്നറിയിപ്പ് നൽകുന്നതും നിയന്ത്രണസംവിധാനം ഘടിപ്പിച്ചതുമായ വിമാനമാണ് അവാക്സ്. ശത്രുനിരീക്ഷണത്തിനും പ്രതിരോധത്തിനും നിർണായകമാണിവ. തദ്ദേശീയ അവാക്സ് സംവിധാനം വികസിപ്പിച്ചെടുക്കുക വഴി ഇന്ത്യ മുൻനിര രാഷ്ട്രങ്ങളുടെ നിരയിലേക്കുയർന്നതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.
വിവിധ ഇന്ത്യൻ കമ്പനികളുമായും എയർബസുമായും സഹകരിച്ചാണ് പരിഷ്കരിച്ച റഡാർ ആന്റിനയും അനുബന്ധ സംവിധാനങ്ങളും എ 321 വിമാനവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ഡിആർഡിഒ പൂർത്തിയാക്കിയത്. ഇതിനായി എയർ ഇന്ത്യയിൽനിന്ന് ആറ് എ321 വിമാനം വ്യോമസേന സ്വന്തമാക്കിയിരുന്നു. ഇവയിൽ 360 ഡിഗ്രി റഡാർ കവറേജ് സാധ്യമാക്കുന്ന വിധത്തിൽ റഡാർ സ്ഥാപിക്കുന്നതടക്കം ഘടനാപരമായ നവീകരണങ്ങൾ നടത്തിയാണ് അവാക്സ് സജ്ജമാക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച മിഷൻ കൺട്രോൾ സിസ്റ്റവും ആധുനിക ഇലക്‌ട്രോണിക് സ്കാൻഡ് അറേ റഡാറുകളുമാണ് സവിശേഷത.
സൈന്യത്തിന് കൂടുതൽ എകെ -203 റൈഫിളുകളെത്തും
ഉത്തർപ്രദേശിലെ അമേഠിയിൽ നിർമിച്ച 7000 കലാഷ്‌നികോവ് എകെ-203 റൈഫിളുകൾ സേനയ്ക്ക് ഉടൻ ലഭ്യമാകും. ഇന്ത്യ-റഷ്യ സംയുക്ത സംരംഭത്തിലൂടെയാണ് എകെ-203 റൈഫിളുകൾ നിർമിക്കുന്നത്. ഒരു മിനിറ്റിൽ തുടർച്ചയായി 700 റൗണ്ടുകൾ വരെ വെടിയുതിർക്കാൻ കഴിയുന്ന ഇതിന് 800 മീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിലേക്ക് വെടിയുതിർക്കാൻ കഴിയും. ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡാണ്(ഐആർആർപിഎൽ) നിർമാതാക്കൾ. ‘‘പ്രതിരോധ മന്ത്രാലയവുമായുള്ള കരാർ പ്രകാരം 2030 ഓടെ ആറ് ലക്ഷത്തിലധികം റൈഫിളുകൾ സായുധസേനയ്ക്ക് കൈമാറണം.
ഇതുവരെ 48,000 റൈഫിളുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ വർഷം ഡിസംബറോടെ 15,000 എണ്ണം കൂടി നൽകും’’ -ഐആർആർപിഎൽ മേധാവി മേജർ ജനറൽ എസ്.കെ. ശർമ്മ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.