കുറ്റിപ്പുറം : നഴ്‌സ് അമീന മരിച്ച സംഭവത്തിൽ കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ടോടെയാണ് അബ്ദുൽറഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ അമീനയുടെ സഹപ്രവർത്തകരുടെയും നേരത്തെ അമാന ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരടക്കമുളള ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴികൾ കോതമംഗലം പല്ലാരിമംഗലത്തെ വീട്ടിലെത്തി പൊലീസ് എടുത്തിയിരുന്നു.കേസിൽ നിർണായകമായ വിവരങ്ങളടങ്ങുന്ന മൊഴികളാണ് പൊലീസിന് കുടുംബം നൽകിയത്.
ഈ മാസം 12ന് വൈകീട്ടോടെയാണ് നഴ്‌സ് അമീനയെ ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.അബോധാവസ്ഥയിലായ അമീനയെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതയളവിൽ മരുന്ന് കഴിച്ചതിനെ തുടർന്നാണ് അമീന മരിച്ചത്. ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാന്റെ മാനസിക പീഢനത്തെ തുടർന്നാണ് അമീന ആത്മഹത്യ ചെയ്തതെന്ന ആക്ഷേപമുയർന്നിരുന്നു. സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ അബ്ദുൽറഹ്‌മാൻ ഒളിവിൽ പോയി. ഇതോടെ നഴ്‌സുമാരുടെ സംഘടനകളും വിവിധ പാർട്ടികളും അമാന ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. അബ്ദുൽറഹ്‌മാനെതിരേ നഴ്‌സുമാരും സംഘകടനകളും പൊലീസിൽ പരാതി നൽകി. അമീനയുടെ കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകി.ഇതോടെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണൻ കേസ് ഏറ്റെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽറഹ്‌മാൻ ഇന്നലെ അറസ്റ്റിലാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.