കോഴിക്കോട് ; ഒന്നര വർഷം മുൻപ് കോഴിക്കോട് നിന്ന് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹം നീലഗിരിയിലെ വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്ന സുൽത്താൻ ബത്തേരി പഴുപ്പത്തൂർ പുല്ലമ്പി വീട്ടിൽ നൗഷാദിന്റെ (33) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച വിദേശത്ത് നിന്ന് മടങ്ങിവരവേ ബെംഗളൂരു വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങിയശേഷം ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് അന്വേഷണസംഘം കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിച്ചത്.ഹേമചന്ദ്രൻ ജീവനൊടുക്കിയതാണെന്നും മറ്റു വഴിയില്ലാത്തതിനാൽ മൃതദേഹം കാട്ടിലെത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്നാണ് നൗഷാദ് അന്വേഷണസംഘത്തിനു മുന്നിലും ആവർത്തിച്ചത്.ഗൾഫിൽ നിന്ന് മടങ്ങുംമുൻപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലും നൗഷാദ് ഇക്കാര്യമാണ് പറഞ്ഞത്. താനുൾപ്പെടെ നിരവധി പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ട്. മൈസൂരു സ്വദേശിയിൽ നിന്ന് ഇതു വാങ്ങി നൽകാമെന്നു കാട്ടി സുൽത്താൻ ബത്തേരിയിൽ ഹേമചന്ദ്രൻ ആവശ്യപ്പെട്ടതു പ്രകാരമാണ് ഒരു വീട് താമസത്തിനായി നൽകിയതെന്നും നൗഷാദ് ആവർത്തിച്ചു. എന്നാൽ ഇവിടെ വച്ച് ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് സൃഹൃത്തുക്കളുമൊത്ത് കാട്ടിൽ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് നൗഷാദിന്റെ വാദം.
അതേസമയം, ശാസ്ത്രീയ തെളിവുകൾ നിരത്തി മറ്റു പ്രതികൾക്കൊപ്പം നൗഷാദിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതികൾ തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും അന്വേഷണസംഘത്തിന്റെ പക്കലുള്ളതായാണ് വിവരം. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിലും മർദ്ദനമേറ്റ് ശ്വാസംമുട്ടിയാണ് ഹേമചന്ദ്രന്റെ മരണം എന്നായിരുന്നു കണ്ടെത്തൽ. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും വിശദമായി ചോദ്യം ചെയ്യുന്നതിനുമായി മുഴുവൻ പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ∙ നൗഷാദ് എത്തിയത് താടിയും മീശയും ഒഴിവാക്കി
ഗൾഫിൽ നിന്ന് മടങ്ങുന്നതിനു മുൻപ് പുറത്തുവിട്ട വിഡിയോയിൽ നിന്ന് വിഭിന്നമായ രൂപപരിണാമത്തോടെയാണ് നൗഷാദ് ബെംഗളൂരുവിൽ വിമാനമിറങ്ങിയത്. താടിയും മീശയും ഒഴിവാക്കി ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത വിധമായിരുന്നു മടങ്ങിവരവ്. അതേസമയം, നേരത്തെ തന്നെ നൽകിയ ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഇമിഗ്രേഷൻ അധികൃതർ ഇയാളെ തടഞ്ഞുവയ്ക്കുകയും അന്വേഷണസംഘത്തിന് കൈമാറുകയുമായിരുന്നു.
ജൂൺ 28 നാണ് തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിൽ സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. കാണാതായ ഹേമചന്ദ്രനെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നീ മൂന്നു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഹേമചന്ദനെ 2024 മാർച്ച് 20 മുതൽ കാണാനില്ലെന്നു കാട്ടി ഭാര്യ എന്‍.എം. സുഭിഷയുടെ പരാതിയിലാണ് പൊലീസ് കേസന്വേഷണം തുടങ്ങിയത്. നൗഷാദിനെ ചോദ്യംചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ ഡിഐജി നാരായണന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും എസിപി ഉമേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.കെ.ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, മെഡിക്കൽ കോളജ് എസ്ഐ മുരളീധരൻ, എസ്‌സിപഒമാരായ വിനോദ് രമിനാസ്, വിജേഷ് എരഞ്ഞിക്കൽ, ഡ്രൈവർ സിപിഒ ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സാമ്പത്തികതർക്കത്തെ തുടർന്ന് ഹേമചന്ദ്രനെ കൊന്ന് വനത്തിൽ കുഴിച്ചുമൂടിയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾ 20 ലക്ഷത്തോളം രൂപ പലർക്കുമായി നൽകാനുണ്ടായിരുന്നു. കേസിൽ രണ്ടു സ്ത്രീകൾ കൂടി പിടിയിലാകുമെന്നും സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.