ഗാസ :പട്ടിണി അനിയന്ത്രിതമായി വര്‍ധിക്കുന്നതിനൊപ്പം കൊല്ലപ്പെടുന്ന ജനങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ് ഗാസയില്‍. ജൂലായ് മാസം ഇതുവരെ 12 മിനിറ്റിനിടെ ഒരാള്‍ കൊല്ലപ്പെടുന്നു എന്ന അവസ്ഥയിലാണ് കാര്യങ്ങളുള്ളതെന്ന് യു.എന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും രക്തരൂക്ഷിത മാസമായി ജൂലായ് മാറി. ബുധനാഴ്ച മാത്രം 21 ആളുകളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും പലസ്തീന് ആരോഗ്യ അധികൃതരും വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പമാണ് പട്ടിണി മരണവും. യു.എസ് ഇസ്രയേല്‍ സംഘടനയായ ജി.എച്ച്.എഫ്(ഗാസ ഹ്യുമാനിറ്റേറിയന്‍ ഫോറം)നാണ് ഗാസയില്‍ ഇപ്പോള്‍ ഭക്ഷണ വിതരണത്തിന്റെ ചുമതല. ഇവര്‍ക്ക് ഭക്ഷണ വിതരണത്തിനായി പ്രത്യേക കേന്ദ്രവുമുണ്ട്. ഇവിടെയെത്തി കൊല്ലപ്പെടുന്ന ജനങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതോടെ ഡെത്ത് ട്രാപ്പ് എന്നാണ് ഇത്തരം വിതരണ കേന്ദ്രങ്ങളെ യു.എന്‍ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ മെയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം മാത്രം ഭക്ഷണ വിതരണ കേന്ദ്രത്തിലെത്തിയ 1000 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് യു.എന്‍ ഉദ്യോഗസ്ഥൻ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 72 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ദെയർ അല്‍ ബലായിലെ ലോകാരോഗ്യ സംഘടനയുടെ സംവിധാനങ്ങള്‍ക്കെതിരേ പോലും ഇസ്രയേല്‍ അക്രമണം അഴിച്ചുവിട്ടുവെന്നും യു.എന്‍ ആരോപിക്കുന്നുണ്ട്. ഇതിന് പുറമെ യു.എന്‍ അധികൃതര്‍ക്ക് ഗാസയിലേക്കുള്ള വിസ നിഷേധിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ജൂലായ് 21 ന് ആണ് ബ്രിട്ടണ് അടക്കമുള്ള 28 രാജ്യങ്ങള്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിറക്കിയത്. ഗാസയില്‍ മനുഷ്യജീവന് നിലനിര്‍ത്താനുള്ള അവസാന പിടിവളളിയും ഇല്ലാതാവുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധമാരംഭിച്ച ശേഷമുള്ള ഏറ്റവും പരിതാപകരമായ മാനുഷിക സ്ഥിതിയിലൂടെയാണ് ഗാസ കടന്നുപോവുന്നതെന്ന് അവിടെ സന്ദര്‍ശിച്ച യു.എന്‍ ആഗോള ഭക്ഷ്യപദ്ധതിയുടെ ഡയറക്ടര്‍ കാള്‍ സ്കാവു പറഞ്ഞു. ഹമാസുമായുള്ള ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ ഇടവേള അവസാനിച്ച മാര്‍ച്ച് രണ്ടുമുതല്‍ ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. പിന്നീട് നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് മേയ് അവസാനമാണ് പരിമിത തോതില്‍ സഹായം കടത്തിവിടാന്‍ അനുവദിച്ചത്.
ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ 59000 ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 1200 പേര് മരിച്ചത് 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയ ശേഷമാണ്. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഏകസംവിധാനമാണ് ജി.എച്ച്.എഫ് എന്ന സംഘടന. ഇവരാണ് പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നത്. എന്നാല്‍ ഇസ്രയേല്‍ സൈനികര്‍ മനുഷ്യത്വപരമായി അല്ല ഭക്ഷണം തേടിയെത്തുന്ന പാവങ്ങളോട പെരുമാറുന്നതെന്ന ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്. ഭക്ഷണ കേന്ദ്രത്തില്‍ തിരക്കുണ്ടാവുമ്പോള്‍ വിശന്ന് വലഞ്ഞിരിക്കുന്നവരുടെ മേല്‍ കുരുമുളക് സ്പ്രേയും കണ്ണീര്‍വാതകവും പ്രയോഗിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പലസ്തീന് അധികൃതരും ആരോഗ്യ ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം അന്താരാഷ്ട്ര മാധ്യങ്ങളോട് വെളിപ്പെടുത്തിയത്. കൃത്യമായ ഏകോപനമില്ലാത്തതും സമയക്രമീകരണമില്ലായ്മയും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികളുടെ അഭാവവും പട്ടിണിയകറ്റാന്‍ ഉന്തും തള്ളുംവയ്ക്കേണ്ടുന്ന അവസ്ഥ സൃഷ്ടിക്കുന്നു. പരിമിതമായ വിതരണമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്.
ഗാസയിലേക്ക് സഹായം നല്കാന് അന്താരാഷ്ട്ര സമ്മര്‍ദം ഏറിയപ്പോഴാണ് ജിഎച്ച്എഫ് അഥവാ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫോറം ഇസ്രയേല്‍ യുഎസ് നേതൃത്വത്തില്‍ രൂപവത്കരിച്ചത്. അതോടൊപ്പം യു.എന്‍, അന്താരാഷ്ട്ര ഏജന്‍സികളെ ഒഴിവാക്കുകയെന്നതും ഇസ്രയേലിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍ ജിഎച്ച്എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മാനുഷിക സംഘടനകളെല്ലാം അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. യുഎന്നിനും മറിച്ചല്ല അഭിപ്രായം. ഗാസയുടെ ഒരു ഭാഗത്ത് മാത്രം സഹായമെത്തിക്കുകയും മറ്റ് മേഖലകളെ ജിഎച്ച്എഫ് അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് യുഎന്‍ ആരോപിക്കുന്നത്. പട്ടിണിയെ വിലപേശല്‍ ഉപകരണമാക്കുന്നുവെന്നും രാഷ്ട്രീയ സൈനിക ലക്ഷ്യങ്ങള്‍ക്കായി ജിഎച്ച്എഫിനെ ദുരുപയോഗം ചെയ്യുന്നുവെന്നും യുഎന്‍ ആരോപിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.