കുംത (കർണാടക): കർണാടകയിലെ കുംത താലൂക്കിലെ രാമതീർത്ഥ കുന്നിലെ ഒറ്റപ്പെട്ട ഒരു ഗുഹയിൽ ഏകദേശം രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന റഷ്യൻ യുവതിയെയും അവരുടെ രണ്ട് പിഞ്ചു പെൺമക്കളെയും പോലീസ് കണ്ടെത്തി. പട്രോളിങ്ങിനിടെ വനത്തിനുള്ളിൽ നിന്നു കണ്ടെത്തിയ ഇവരെ ഗോകർണ്ണ പോലീസ് രക്ഷപ്പെടുത്തി. ആത്മീയത തേടിയുള്ള യാത്രയിലായിരുന്നു ഇവരെന്നാണ് പ്രാഥമിക നിഗമനം.
40 വയസ്സുകാരിയായ നീന കുട്ടിനയെയും അവരുടെ ആറും നാലും വയസ്സുള്ള പെൺകുട്ടികളെയുമാണ് പോലീസ് സംഘം കണ്ടെത്തിയത്. വന്യജീവികളും വിഷപ്പാമ്പുകളും നിറഞ്ഞ കൊടുംവനത്തിലെ ഗുഹയിൽ ഇവർ തീർത്തും ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. ഗോവയിൽ നിന്ന് ആത്മീയ ഏകാന്തത തേടി ഗോകർണത്തേക്ക് എത്തിയതായിരുന്നു 'മോഹി' എന്ന് സ്വയം പരിചയപ്പെടുത്തിയ നീന കുട്ടിനയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബിസിനസ് വിസയിൽ റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിയ ഇവർ ഹിന്ദു മതത്തിലും ആത്മീയ പാരമ്പര്യങ്ങളിലും ആകൃഷ്ടയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ആത്മീയതയുടെ ഭാഗമായി ഒരു രുദ്ര വിഗ്രഹം മോഹി ഗുഹയിൽ സൂക്ഷിച്ചിരുന്നു. പ്രകൃതിയിൽ നിന്ന് ആത്മസമാധാനം തേടിയ ഇവർ പൂജയിലും ധ്യാനത്തിലും മുഴുകി ദിവസങ്ങൾ ചെലവഴിക്കുകയായിരുന്നു. ഇവരുടെ കൊച്ചുകുട്ടികൾ മാത്രമായിരുന്നു ആ കാട്ടിൽ അവർക്ക് കൂട്ടുണ്ടായിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗോകർണ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീധറും സംഘവും രാമതീർത്ഥ കുന്നിൻ പ്രദേശത്ത് നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് ഇവരെ കണ്ടെത്തിയത്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽ ഗുഹയ്ക്ക് സമീപം വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതാണ് ഈ കുടുംബത്തിന് രക്ഷയായത്. ഗുഹയ്ക്ക് പുറത്ത് ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ കണ്ടാണ് പോലീസ് സംഘം അവിടേക്ക് നീങ്ങിയതെന്നും, അവിടെ മോഹിയെയും കുട്ടികളെയും കണ്ടെത്തുകയായിരുന്നുവെന്നും ഉത്തര കന്നഡ പോലീസ് സൂപ്രണ്ട് എം. നാരായണ പിടിഐയോട് പറഞ്ഞു. ഈ കൊടുംകാട്ടിൽ റഷ്യൻ കുടുംബം എങ്ങനെയാണ് അതിജീവിച്ചതെന്നതും അവർ എന്താണ് കഴിച്ചതെന്നതും അത്ഭുതകരമാണെന്നും, ഭാഗ്യവശാൽ മൂന്ന് പേർക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹി ഗോവയിൽ നിന്നാണ് രാമതീർത്ഥ കുന്നിലെ ഗുഹയിലേക്ക് എത്തിയതെന്ന് പോലീസ് പറയുന്നു. 2017-ൽ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നുവെന്നും, ഇവർ എത്രകാലം ഇന്ത്യയിൽ താമസിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും പോലീസ് അറിയിച്ചു. വനത്തിൽ നിന്ന് രക്ഷപ്പെടുത്തിയ റഷ്യൻ കുടുംബത്തിന് ഒരു ആശ്രമത്തിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു. ഗോകർണത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിച്ച് ഇവരെ റഷ്യയിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചു. ഒരു പ്രാദേശിക എൻജിഒയുടെ സഹായത്തോടെ റഷ്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.