ന്യൂഡൽഹി / കോഴിക്കോട് : യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നും ദയാധനം സ്വീകരിക്കില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വ്യക്തമാക്കിയതോടെ മധ്യസ്ഥ ചർച്ചകൾ പ്രതിസന്ധിയിൽ. ശിക്ഷ നടപ്പാക്കാൻ തീയതി തീരുമാനിച്ചശേഷം മാറ്റിവച്ചത് ഏറെ ദൗർഭാഗ്യകരമാണെന്നും ശിക്ഷ നടപ്പാക്കിയാൽ മാത്രമേ തങ്ങൾക്കു നീതി ലഭിക്കൂ എന്നുമാണു സഹോദരന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നത്.
സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ചർച്ചയ്ക്കു തടസ്സമുണ്ടാക്കുന്നുണ്ടെന്ന് അഖിലേന്ത്യ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഓഫിസ് വ്യക്തമാക്കി.
ദയാധനത്തിനാണു മിക്ക ഇന്ത്യൻ മാധ്യമങ്ങളും പ്രാധാന്യം നൽകിയതെന്നും വാസ്തവത്തിൽ തലാലിന്റെ കുടുംബത്തിൽനിന്നു മാപ്പു ലഭിക്കുകയാണു പ്രധാനമെന്നും യെമനിൽ മധ്യസ്ഥശ്രമങ്ങൾക്കു നേരത്തേതന്നെ രംഗത്തുള്ള മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. തലാലിന്റെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീളിനെ അവഹേളിച്ചുള്ള ചില വാർത്തകൾ യെമനിൽ പ്രചരിച്ചതു തിരിച്ചടിയായെന്നു സേവ് നിമിഷ പ്രിയ ആക്‌ഷൻ കമ്മിറ്റിയും കുറ്റപ്പെടുത്തി.
തലാലിന്റെ കുടുംബവുമായി ചർച്ചയ്ക്കു പല മാർഗങ്ങളിലൂടെ ശ്രമം തുടരുന്നുവെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങളും നിമിഷപ്രിയയുടെ കുടുംബവുമായി ബന്ധപ്പെട്ടവരും പറയുന്നത്. തലാലിന്റെ കുടുംബത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും മധ്യസ്ഥശ്രമം നടത്തുന്നവർ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.